മലപ്പുറം: കരുളായി വനം റെയ്ഞ്ചിലെ നെടുങ്കയത്ത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാര്‍ഥിനികള്‍ സമീപത്തെ കരിമ്പുഴയില്‍ മുങ്ങിമരിച്ചു.
പുത്തനത്താണി ചെല്ലൂര്‍ കുന്നത്ത് പീടിയേക്കല്‍ കെ.പി. മുസ്തഫയുടെയും ആയിഷയുടെയും മകള്‍ ഫാത്തിമ മൊഹ്സിന (11), കുറുങ്കാട് കന്മനം പുത്തന്‍ വളപ്പില്‍ അബ്ദുള്‍റഷീദിന്റെ മകള്‍ ആയിഷ റിദ (14) എന്നിവരാണ് മരിച്ചത്.തിരൂര്‍ ഉപജില്ലയിലെ കല്‍പ്പകഞ്ചേരി കല്ലിങ്ങപ്പറമ്പ എം.എസ്.എം.എച്ച.എസ്. സ്കൂളിലെ ഒമ്പതും ആറും ക്ലാസ്സുകളില്‍ പഠിക്കുന്നവരാണ് മരിച്ച വിദ്യാര്‍ഥിനികള്‍.
സ്കൂളിലെ സ്കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ ക്യാമ്പിനെത്തിയതായിരുന്നു 49 വിദ്യാര്‍ഥികളും എട്ട് അധ്യാപകരുമടങ്ങിയ സംഘം. 33 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച രാവിലെ സ്കൂളില്‍നിന്ന് പുറപ്പെട്ട സംഘം നിലമ്പൂരിലെ കനോലി പ്ളോട്ടിലും തേക്ക് മ്യൂസിയത്തിലും സന്ദര്‍ശനം നടത്തി ഉച്ചക്കുശേഷമാണ് കരുളായി വനത്തിനകത്തുള്ള നെടുങ്കയം എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്.അവിടെ താമസിക്കാനുള്ള അനുമതി വനംവകുപ്പില്‍നിന്ന് വാങ്ങിയശേഷം ക്യാമ്പൊരുക്കുന്നതിനിടെ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. നെടുങ്കയം പാലത്തിന്റെ താഴ്ഭാഗത്ത് ആണ്‍കുട്ടികളും മുകള്‍ ഭാഗത്ത് പെണ്‍കുട്ടികളുമാണ് കുളിക്കാനിറങ്ങിയതെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍, പെണ്‍കുട്ടികള്‍ ഇറങ്ങിയ ഭാഗം അപകട മേഖലയായിരുന്നു. ഇവിടെ പുഴയില്‍ ഇറങ്ങരുതെന്ന് വനം വകുപ്പ് ബോര്‍ഡ് വെച്ച സ്ഥലമാണിത്. എന്നിട്ടും വനം വകുപ്പിന്റെ അനുമതിയോടെതന്നെയാണ് കുട്ടികള്‍ അവിടെ കുളിക്കാനിറങ്ങിയത്.
വലിയ കയമുള്ള ഇവിടെ പുഴയിലിറങ്ങിയ കുട്ടികളില്‍ ചിലര്‍ മുങ്ങിത്താഴുന്നത് കണ്ട് ചില അധ്യാപകര്‍ ഓടിയെത്തി പുഴയിലിറങ്ങിയാണ് ഇവരെ പുറത്തെടുത്തത്.പെട്ടന്ന് ആ വഴി വന്ന വാഹനത്തില്‍ കയറ്റി കരുളായിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച് തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുവന്ന വാഹനത്തില്‍വെച്ചും കുട്ടികള്‍ക്ക് കൃത്രിമശ്വാസം നല്കാന് ശ്രമിച്ചതായി വാഹനത്തിന്റെ ഡ്രൈവര്‍ ചെറി പറഞ്ഞു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.