ഏകദേശം 375 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്രത്തിൽ യഥേഷ്ടം വിഹരിച്ചിരുന്ന ഒരു പുരാതന മത്സ്യം ഉണ്ടായിരുന്നു. കാഴ്ചയിൽ നാം ഇന്ന് കാണുന്ന മീനുകളിൽ നിന്നും അൽപ്പം വ്യത്യസ്തമായിരുന്നു അതിന്റെ രൂപം. ആ രൂപഘടനയെക്കുറിച്ചള്ള പഠനത്തിലായിരുന്നു ഗവേഷകർ കഴിഞ്ഞ കുറച്ച് കാലങ്ങളായി.
ഏലിയാനകാന്തസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ വായയുടെ ഭാഗത്തു നിന്നും പുറത്തേക്ക് നീണ്ട് നിന്നിരുന്ന ഒരു ഭാഗമായിരുന്നു ഗവേഷകരെ വലച്ചിരുന്നത്. ഇപ്പോഴിതാ റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് വടിവാൾ പോലെ നീണ്ട ഈ ഭാഗം മത്സ്യത്തിന്റെ കീഴ്ച്ചുണ്ടാണെന്നാണ്.
1957 -ൽ പോളണ്ടിൽ വച്ചാണ് ഈ മീനിന്റെ ഫോസിൽ ആദ്യമായി ഗവേഷകർ കുഴിച്ചെടുത്തത്. എന്നാൽ, അന്ന് ഈ മീനിന്റെ വായയുടെ ഭാഗത്തു നിന്നും ഒരു വടിവാളിന്റെ ആകൃതിയിൽ നീണ്ടുനിൽക്കുന്ന ഭാഗം എന്താണെന്ന് ഗവേഷകർക്ക് പിടികിട്ടിയിരുന്നില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇതേകുറിച്ചുള്ള പഠനത്തിലായിരുന്നു ഗവേഷകസംഘം.
എന്നാൽ ഇപ്പോൾ പുതിയ ഗവേഷണത്തിലാണ്, സംഗതി മറ്റൊന്നുമല്ല ഏലിയാനകാന്തസ് എന്ന ഈ മത്സ്യത്തിന്റെ കീഴ്ച്ചുണ്ടാണന്ന് ഗവേഷകർ കണ്ടെത്തിയത്. അന്യഗ്രഹജീവികളുടെ ഇംഗ്ലീഷ് വാക്കായ ഏലിയനിൽ നിന്നാണ് ഏലിയാനകാന്തസ് എന്ന പേര് ഈ മീനിനു വന്നത്.
പ്ലാക്കോഡേം എന്ന ഇനത്തിൽപെട്ട മത്സ്യങ്ങളാണ് ഇവ. കവചമുള്ള മീനുകളെ പറയുന്ന പേരാണ് പ്ലാക്കോഡേം. ഇന്നത്തെ സ്വോഡ്ഫിഷുമായി ചെറിയ രൂപസാദൃശ്യം ഇവ പുലർത്തിയിരുന്നെന്നാണ് ഗവേഷകർ പറയുന്നത്. സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് സർവകലാശാലയിലെ പാലിയന്റോളജിസ്റ്റായ മെലീന ജോബിൻസന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഇപ്പോഴത്തെ ഈ കണ്ടത്തലിന് പിന്നിൽ.
ഭൗമചരിത്രത്തിലെ ഡെവോണിയൻ എന്ന കാലയളവിലാണ് ഈ മത്സ്യം ജീവിച്ചിരുന്നത്. പോളണ്ടിൽ ഇതിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയ ശേഷം പല ഫോസിലുകൾ മധ്യ പോളണ്ടിലും മൊറോക്കോയിലുമായി കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.