"മെഡിക്കൽ കോളെജുകളിൽ മാത്രമല്ല സാധാരണ സർക്കാർ ആശുപത്രികളിലും ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാൻ അവസരം" മെഡിക്കൽ പിജി വിദ്യാഭ്യാസ രംഗത്തു വിദ്യാഭ്യാസ റഗുലേറ്റർമാരായ ദേശീയ മെഡിക്കൽ കമ്മിഷൻ (NMC) പിജി വിദ്യാഭ്യാസ നിയന്ത്രണം സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. പുതിയ ഡിപ്ലോമാ കോഴ്സുകൾ അനുവദിക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ്. അതേസമയം, രണ്ടുവർഷത്തെ ഫെല്ലോഷിപ്പ് പ്രോഗ്രാമിന് അനുമതിയുമുണ്ട്.
എല്ലാ കോളെജും എല്ലാ വർഷവും പരിശോധിക്കുന്നതിനു പകരം പരിശോധനകൾ അത്യാവശ്യത്തിനു മാത്രമാക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എല്ലാ വർഷവും ഓരോ മെഡിക്കൽ കോളെജുകളും അവരുടെ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സ്വയം പ്രഖ്യാപിക്കുക എന്നതാവും നയം. ആവശ്യമെന്നു വരുന്ന ഘട്ടത്തിൽ മാത്രമാവും എന്എംസി പരിശോധന. പിജി കോഴ്സുകളുടെ പ്രവേശനത്തിൽ തിരിമറി കാണിക്കുന്നതടക്കം ക്രമക്കേടുകളുണ്ടായാൽ കനത്ത ശിക്ഷയാണു മെഡിക്കൽ കമ്മിഷൻ നിർദേശിച്ചിട്ടുള്ളത്.
മെഡിക്കൽ കോളെജുകളിൽ മാത്രമല്ല സാധാരണ സർക്കാർ ആശുപത്രികളിലും ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാൻ അവസരം ഉണ്ടാവുകയാണ്. കുട്ടികളുടെ പഠനത്തിന് വേണ്ടത്ര സൗകര്യങ്ങൾ ഈ ആശുപത്രികളിൽ ഉണ്ടായിരിക്കണമെന്നതാണ് പുതുക്കിയ ചട്ടം. രാജ്യത്ത് മെഡിക്കൽ കോളെജുകളിൽ മാത്രമേ ഇപ്പോൾ പിജി വിദ്യാർഥികൾക്കും പഠന സൗകര്യമുള്ളൂ.
ആവശ്യത്തിനു ബെഡ്ഡുകൾ, ഫാക്കൽറ്റി, രോഗികളുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഉറപ്പാക്കിയാൽ കേരളത്തിലെ പല സർക്കാർ ആശുപത്രികൾക്കും പിജി കോഴ്സുകൾ ആരംഭിക്കാം. പക്ഷേ, സൗകര്യം ഒരുക്കുക എന്നത് വലിയ കടമ്പയാണ്. ആവശ്യത്തിനു സൗകര്യങ്ങളില്ലെങ്കിൽ പിജി പഠനം വിദ്യാർഥികൾക്ക് ഉപകാരപ്പെടാതാവും. അതു സമൂഹത്തിനു തന്നെ ദോഷകരമായി മാറുകയാവും ചെയ്യുക. കേരളത്തിൽ ജില്ലാ, ജനറൽ ആശുപത്രികളിൽ പിജി കോഴ്സുകൾ ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കപ്പെടേണ്ടതാണ്. എംബിബിഎസ് കോഴ്സ് കഴിഞ്ഞ് പിജിക്ക് അവസരം നോക്കിയിരിക്കുന്ന നിരവധി വിദ്യാർഥികൾക്ക് ഇതു സഹായകമായേക്കും.
സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും മറ്റു ഡോക്ടർമാർക്കും ഉള്ള ഒഴിവുകൾ പിജി വിദ്യാർഥികൾ എത്തുന്നതോടെ കുറയും. ഓർത്തോപീഡിഷ്യൻ, പീഡിയാട്രീഷ്യൻ, അനസ്തെറ്റിസ്റ്റ്, റേഡിയോളജിസ്റ്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്റ്റർമാരുടെ ക്ഷാമം പരിഹരിക്കാനുള്ള പദ്ധതികളിലാണു കുറച്ചുകാലമായി സർക്കാർ.
മെഡിക്കൽ കോളെജുകളിൽ ബിരുദ കോഴ്സ് ആരംഭിച്ച് ഒരു വർഷത്തിനു ശേഷം ബിരുദാനന്തര ബിരുദ കോഴ്സും ആരംഭിക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കാമെന്നതാണ് വിജ്ഞാപനത്തിലെ മറ്റൊരു പ്രധാന വ്യവസ്ഥ. എംബിബിഎസ് വിദ്യാർഥികളുടെ മൂന്നാം ബാച്ച് പ്രവേശനം നേടിയ ശേഷം മാത്രമേ നേരത്തേ പിജി കോഴ്സിന് അപേക്ഷിക്കാനാവുമായിരുന്നുള്ളൂ. പുതിയ മെഡിക്കൽ കോളെജുകളിൽ പിജി കോഴ്സുകൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കുന്നതും വിദ്യാർഥികൾക്ക് സഹായകരമാണ്. കോഴ്സുകൾ ആരംഭിക്കാൻ അനുമതി നൽകിയ ശേഷം ആദ്യത്തെ ബാച്ച് ബിരുദം നേടുമ്പോഴേ നിലവിൽ അവിടുത്തെ സീറ്റുകൾ അംഗീകരിക്കപ്പെട്ടവയാകുന്നുള്ളൂ. അനുവദനീയമായ സീറ്റുകൾ, അംഗീകാരമുള്ള സീറ്റുകൾ എന്ന വ്യത്യാസം ഇനി ഉണ്ടാവില്ല. കോഴ്സ് ആരംഭിക്കാൻ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയാൽ അത് അംഗീകൃത സീറ്റായി പരിഗണിക്കപ്പെടും.
സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങളൊരുക്കി പിജി കോഴ്സുകൾ ആരംഭിക്കാൻ കഴിഞ്ഞാൽ അത്തരം പ്രദേശങ്ങളിലുള്ള സാധാരണ രോഗികൾക്ക് സ്പെഷ്യലിസ്റ്റ് ഡോക്റ്റർമാരുടെ സേവനം കൂടുതലായി ലഭ്യമാവും. നിലവിലുള്ള ഡോക്റ്റർമാരിൽ അമിത സമ്മർദം ഉണ്ടാവുന്നത് ഒഴിവാക്കാനുമാവും. രാജ്യത്തെ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിക്കേണ്ടതു ഡോക്റ്റർമാരാണ്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഡോക്റ്റർമാർ ആവശ്യത്തിന്റെ വളരെ കുറവാണ്. ഇതിൽ തന്നെ സ്പെഷ്യലിസ്റ്റ് ഡോക്റ്റർമാർ തീരെ കുറവ്. 2010-2011നു ശേഷം രാജ്യത്തെ മെഡിക്കൽ ബിരുദ സീറ്റുകൾ (MBBS) ഏതാണ്ട് മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട് എന്നാണു കണക്ക്. പിജി സീറ്റുകൾ നാലിരട്ടിയോളമായി. മെഡിക്കൽ കോളെജുകളുടെ എണ്ണം ഇരട്ടിച്ചു. ഈ വികസനത്തിനെല്ലാം ശേഷവും രാജ്യത്ത് ജനസംഖ്യയ്ക്ക് അനുസൃതമായി ഡോക്റ്റർമാരില്ല. മറ്റു പല രാജ്യങ്ങളും ഇക്കാര്യത്തിൽ ഇന്ത്യയുടെ മുന്നിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.