ടോക്യോ: വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 8.54നാണ് ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ജാക്സ’യുടെ ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) പേടകം ചന്ദ്രോപരിതലത്തിലെ ശിയോലി ഗർത്തത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്.
അമേരിക്ക, സോവിയറ്റ് യൂനിയൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്കു ശേഷം ചന്ദ്രനിൽ മൃദുവിറക്കം നടത്തുന്ന അഞ്ചാമത്തെ രാജ്യവും ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യ വിജയത്തിനു പിന്നാലെ സോഫ്റ്റ് ലാൻഡിങ് നടത്തിയ മറ്റൊരു ഏഷ്യൻ രാജ്യവും കുടിയാണ് ജപ്പാൻ. കൂടാതെ, സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ഈ നൂറ്റാണ്ടിലെ മൂന്നാമത്തെ രാജ്യവുമാണ്.
ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ജപ്പാന്‍റെ ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) പേടകത്തിലെ സോളാർ പാനൽ പ്രവർത്തന രഹിതം.
'സെപ്റ്റംബർ 6' നാണ് എച്ച്-ഐ.ഐ.എ 202 റോക്കറ്റിൽ ‘മൂൺ സ്നൈപ്പർ’ (Moon Sniper) എന്ന വിളിപ്പേരുള്ള ‘സ്‍ലിം’ റോബോട്ടിക് പര്യവേക്ഷണ പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. എക്സ് റേ ഇമാജിങ് ആൻഡ് സ്പെക്ടോസ്കോപി മിഷൻ എന്ന ബഹിരാകാശ ടെലിസ്കോപിനെ ശൂന്യാകാശത്ത് സഥാപിച്ച ശേഷമാണ് ‘സ്‍ലിം’ പേടകം ചന്ദ്രനിലേക്ക് കുതിച്ചത്.
ജനുവരി 14ന് ചാന്ദ്രഭ്രമണപഥത്തിലെത്തിയ ‘സ്‍ലിം’ കഴിഞ്ഞ ദിവസം താഴ്ന്നു പറക്കാൻ തുടങ്ങി. തുടർന്ന് ചന്ദ്രന്‍റെ 15 കിലോമീറ്റർ ചുറ്റളവിലുള്ള ഭ്രമണപഥത്തിലാണ് ‘സ്‍ലിം’ പേടകം വലം വെച്ചിരുന്നത്. ഇന്ന് ശിയോലി എന്ന ചെറു ഗർത്തത്തിന് സമീപത്തെ 15 ഡിഗ്രി ചരിഞ്ഞ പ്രദേശത്ത് 200 കിലോഗ്രാം ഭാരമുള്ള ‘സ്‍ലിം’ പേടകം ഇറങ്ങി. ചന്ദ്രന്‍റെ ഉപരിതലത്തിൽ കൃത്യത ഉറപ്പാക്കി ഇറങ്ങാനുള്ള ‘പിൻ പോയിന്‍റ് ലാൻഡിങ്’ സാങ്കേതിക വിദ്യയാണ് ജപ്പാൻ പരീക്ഷിച്ചത്
നിലവിൽ പ്രധാന പേടകം അതിലെ ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 74 ശതമാനം ചാർജുള്ള ബാറ്ററിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ബാറ്ററിക്ക് ഒരു പരിധിയുണ്ടെന്നും തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതിയില്ലെന്നും പ്രോജക്റ്റ് മാനേജർ ഹിതോഷി കുനിനാക വ്യക്തമാക്കി.
സമയം മാറുന്നതിന് അനുസരിച്ച് സൂര്യപ്രകാശത്തിന്റെ ദിശ മാറും. സൂര്യപ്രകാശം സോളാർ പാനലിന്‍റെ സെല്ലുകളിൽ പതിക്കാൻ സാധ്യതയുണ്ട്.
ജപ്പാന്‍റെ ‘സ്‍ലിം‘ പേടകത്തിലെ സോളാർ പാനലുകൾ പ്രവർത്തന രഹിതമാണ് എന്നത് ശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തി. ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസി ‘ജാക്സ’ ആണ് ഇക്കാര്യം അറിയിച്ചത്.
സോളാർ പാനൽ പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഹിതോഷി കുനിനാക വ്യക്തമാക്കി. അതേസമയം, സോളാർ പാനൽ പ്രവർത്തന രഹിതമായതിനാൽ പേടകത്തിലെ ബാറ്ററി റീ ചാർജ് ചെയ്യാൻ സാധിക്കില്ല. അതിനിടെ, ചന്ദ്രനിൽ ഇറങ്ങിയ ‘സ്‍ലിം’ പേടകത്തിൽ നിന്നുള്ള സിഗ്നലിനായി കാത്തിരിക്കുകയാണ് ‘ജാക്സ’.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.