കൊച്ചി: വിമാന യാത്രക്കിടെ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയിലെത്തിയ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ച് കൊച്ചിക്കാരന്‍ ഡോക്ടര്‍. 'ദി ലിവർ ഡോക്' എന്ന് അറിയപ്പെടുന്ന സിറിയക് എബി ഫിലിപ്‌സാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയ ആ ഹീറോ. ജനുവരി 14 ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിലാണ് സംഭവം.
വിമാനത്തില്‍ മയങ്ങുകയായിരുന്ന താന്‍ ബഹളം കേട്ടാണ് ഉണര്‍ന്നതെന്ന് ഡോക്ടര്‍ പറയുന്നു. ശ്വാസമെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ യാത്രക്കാരന് എയർ ഹോസ്റ്റസ് നെബുലൈസർ ഘടിപ്പിച്ച് നല്‍കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഡോക്ടര്‍ ഉടന്‍ തന്നെ നെബുലൈസർ സജ്ജീകരിക്കാൻ എയര്‍ ഹോസ്റ്റസിനെ സഹായിച്ചു. എന്നിട്ടും യാത്രക്കാരന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടില്ല. ഓക്സിജൻ ലെവല്‍ 36 ശതമാനം എന്നാണ് ഓക്‌സിമീറ്ററില്‍ കാണിച്ചത്. ശരാശരിയേക്കാള്‍ കുറവാണിത്.
ആസ്ത്മ രോഗിയാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു യാത്രക്കാരന്‍റെ മറുപടി. സ്റ്റെതസ്കോപ്പ് വെച്ച് പരിശോധിച്ചപ്പോള്‍ഇടതുവശത്തുള്ള ശ്വാസകോശം അക്ഷരാര്‍ത്ഥത്തില്‍ നിലച്ച അവസ്ഥയിലാണെന്ന് മനസ്സിലായി. ഫ്ലൂയിഡ് നിറഞ്ഞ പ്ലൂറൽ എഫ്യൂഷൻ എന്ന അവസ്ഥയിലായിരുന്നു ശ്വാസകോശം.
തനിക്ക് വൃക്ക സംബന്ധമായ അസുഖമുണ്ടെന്നും ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യാറുണ്ടെന്നും ശ്വാസംമുട്ടിക്കൊണ്ട് യാത്രക്കാരന്‍ പറഞ്ഞൊപ്പിച്ചു. പ്രഷറിനുള്ള മരുന്നും അദ്ദേഹം കഴിക്കാറുണ്ടായിരുന്നു. രക്തസമ്മർദ്ദം പരിശോധിച്ചപ്പോൾ 280/160 ആയിരുന്നു. വിമാനം നിലത്തിറങ്ങാന്‍ ഒരു മണിക്കൂർ കൂടിയെടുക്കും. ആ ജീവന്‍ നിലനിര്‍ത്തേണ്ടതുണ്ട്. അപ്പോള്‍ താന്‍ ഐസിയുവിലാണെന്നും പെട്ടെന്ന് തീരുമാനമെടുക്കണമെന്നുമുള്ള തോന്നലുണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞു.
യാത്രക്കാരന് ഒരു കുത്തിവെപ്പ് നല്‍കി. ശ്വാസംമുട്ടിക്കൊണ്ട് തന്‍റെ തോളിൽ ചാരിയ യാത്രക്കാരനെ നമ്മളെത്തിയെന്ന് കള്ളം പറഞ്ഞ് ആശ്വസിപ്പിച്ചെന്നും ഡോക്ടര്‍ വിശദീകരിച്ചു. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ 30 മിനിട്ട് ബാക്കിയുണ്ടായിരുന്നു. വിമാന ജീവനക്കാർ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ച് രോഗിയെ പരിഭ്രാന്തിയിലേക്ക് തള്ളിവിടാതെ ശാന്തരായി ഒപ്പം നിന്നു. അവർ ഓക്സിജന്‍ സിലിണ്ടർ എത്തിച്ചു. ഇതോടെ ഓക്സിജൻ സാച്ചുറേഷൻ 90 ശതമാനം വരെ ഉയർത്താൻ കഴിഞ്ഞു. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള ഗുളികയും നല്‍കി. വിമാനത്തിലെ ആ ഒരു മണിക്കൂർ, ഒരു ദിവസം മുഴുവന്‍ ഐസിയുവില്‍ ചെലവഴിച്ചതായാണ് അനുഭവപ്പെട്ടതെന്ന് ഡോക്ടര്‍ പറഞ്ഞു.
വിമാനം മുംബൈയിലെത്തിയ ഉടന്‍ യാത്രക്കാരനെ ആംബുലന്‍സില്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അതിനിടെ ഡോക്ടര്‍ കുടുംബാംഗങ്ങളെ വിളിച്ച് വിവരം പറഞ്ഞു. വിമാനത്തില്‍ വെച്ച് യാത്രക്കാരന് ഹൃദയസ്തംഭനം വരെ ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ജീവന്‍ പിടിച്ചുനിർത്തി ആശുപത്രിയിലെത്തിച്ച് ഡയാലിസിസിലൂടെ അധിക ഫ്ലൂയിഡ് നീക്കാന്‍ കഴിഞ്ഞതോടെ അപകടനില തരണം ചെയ്തു. അടുത്ത ദിവസം നന്ദി പറഞ്ഞുകൊണ്ടുള്ള സന്ദേശം യാത്രക്കാരനും ഭാര്യയും ഡോക്ടർക്കയച്ചു.
ആകാശ എയർ ജീവനക്കാർക്ക് നന്ദി പറഞ്ഞാണ് ഡോക്ടര്‍ കുറിപ്പ് അവസാനിപ്പിച്ചത്- “നമ്മള്‍ ഈ മനുഷ്യന്റെ ജീവൻ രക്ഷിച്ചു. നിങ്ങളുടെ സഹായമില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. നന്ദി”. നിങ്ങള്‍ ഹീറോയാണ് എന്നായിരുന്നു ആകാശ എയർ സഹസ്ഥാപകൻ ആദിത്യ ഘോഷിന്‍റെ മറുപടി. ലിവര്‍ ഡോക് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഡോക്ടര്‍ക്ക് അഭിനന്ദനപ്രവാഹമാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.