ഫിലാഡൽഫിയയിലുള്ള കൊബെ എന്ന് പേരായ നാലുവയസ്സുകാരൻ ഹസ്കി ഇപ്പോൾ ആ നാട്ടുകാരുടെ മുന്നിലൊക്കെയും ഹീറോയാണ്. ഗ്യാസ് ലീക്കുണ്ടായതിന് പിന്നാലെ ഒരു വൻഅപകടം ഒഴിവായത് കൊബെയുടെ ഇടപെടലിലൂടെയാണ്.
യുഎസ്സ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ക്രിസ്മസിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടന്നത്. എന്നാൽ, ഇപ്പോഴാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ വൈറലാവുന്നതും എല്ലാവരും അറിയുന്നതും. കൊബെയുടെ ഉടമയായ ചാനൽ ബെല്ലാണ് കൊബെയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ആദ്യം ശ്രദ്ധിക്കുന്നത്. വീടിന്റെ പുറത്ത് കൊബെ ആകെ പരിഭ്രാന്തനായിരിക്കുന്നു. തീർന്നില്ല, അവൻ മണ്ണിൽ നിർത്താതെ മാന്തുന്നുമുണ്ടായിരുന്നു. ഇങ്ങനെ മണ്ണിൽ കുഴിക്കുന്നത് പട്ടികളുടെ ഒരു സാധാരണ സ്വഭാവമാണെങ്കിലും സാധാരണയായി കൊബെ അങ്ങനെ ചെയ്യാറില്ലായിരുന്നു. അതിനാൽ തന്നെ ചാനൽ ബെൽ കൊബെയുടെ ഈ പെരുമാറ്റത്തിൽ തെല്ലൊന്നമ്പരന്നു.
കൊബെ കുഴിച്ചുകൊണ്ടിരുന്ന കുഴി വലുതായതോടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ചാനലിന് തോന്നി. ആ കുഴി പരിശോധിക്കാൻ തന്നെ ചാനൽ തീരുമാനിച്ചു. ഗ്യാസ് പൈപ്പ്ലൈനിന്റെ അടുത്തായിരുന്നു കൊബെ കുഴിച്ചു കൊണ്ടിരുന്നത്. ഭാഗ്യത്തിന് ചാനലിന്റെ കയ്യിൽ ഒരു ഗ്യാസ് ഡിറ്റക്ഷൻ ഡിവൈസുണ്ടായിരുന്നു. അതുപയോഗിച്ചുകൊണ്ട് അവിടെ പരിശോധിക്കാൻ അവർ തീരുമാനിച്ചു. പരിശോധിച്ച ചാനൽ ഞെട്ടിപ്പോയി. ലീക്കുണ്ടായിരുന്നു എന്ന് മാത്രമല്ല, അതൊരു ചെറിയ ലീക്കുമായിരുന്നില്ല. വലിയ അളവിൽ, വളരെ വലിയ അപകടത്തിലേക്ക് നയിക്കാൻ പാകത്തിൽ തന്നെയായിരുന്നു ആ ഗ്യാസ് ലീക്ക്.
ഒട്ടും സമയം കളയാതെ ചാനൽ ബെല്‍ അധികൃതരെ വിവരമറിയിച്ചു. മൂന്ന് പ്രധാന ഗ്യാസ് ലീക്കുകളാണ് അവർ കണ്ടെത്തിയത്. അവർ വളരെ പെട്ടെന്ന് തന്നെ ഗ്യാസ് ഓഫ് ചെയ്തു. മൂന്ന് ദിവസമെടുത്തു എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും പുതിയ പൈപ്പുകൾ ഇടാനും.
കൊബെ ഇല്ലായിരുന്നുവെങ്കിൽ അത് വലിയ അപകടത്തിന് തന്നെ കാരണമായിത്തീർന്നേനെ എന്നു പറഞ്ഞ് അവനെ എല്ലാവരും അഭിനന്ദിക്കുക കൂടി ചെയ്തു. അങ്ങനെ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കാരണമായിത്തീർന്ന കൊബെ ഇപ്പോൾ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.