പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. തമിഴ്നാട് തെങ്കാശി സ്വദേശികളായ മുരുകന്, ബാലസുബ്രഹ്മണ്യന് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച തെങ്കാശിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും രാത്രിതന്നെ പത്തനംതിട്ടയില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.
കസ്റ്റഡിയിലുള്ള രണ്ടുപേരും പത്തനംതിട്ട സ്വദേശിയായ മൂന്നാമനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. സംഘത്തിലുണ്ടായിരുന്ന മൂന്നാമന് പത്തനംതിട്ട സ്വദേശിയായ ഓട്ടോഡ്രൈവറാണെന്നാണ് സൂചന.
തമിഴ്നാട്ടില്‍ ജയില്‍വാസം അനുഭവിക്കുന്നതിനിടെയാണ് മൂവരും പരിചയപ്പെട്ടതെന്നും പോലീസ് പറയുന്നു.കവര്‍ച്ച ലക്ഷ്യമിട്ടുതന്നെയാണ് പ്രതികള്‍ വ്യാപാരിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവം നടന്ന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.
കസ്റ്റഡിയിലുള്ള മുരുകനും ബാലസുബ്രഹ്മണ്യനും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അന്വേഷണം സംബന്ധിച്ച കാര്യങ്ങളും പോലീസ് വിശദീകരിക്കുമെന്നാണ് സൂചന.
ഡിസംബര്‍ 30-ന് വൈകിട്ടാണ് മൈലപ്ര പോസ്റ്റ് ഓഫീസിന് സമീപം പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണി(73)യെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കടയ്ക്കുള്ളിലെ മുറിയില്‍ കൈകാലുകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം.
ഡിസംബര്‍ 30-ന് വൈകീട്ട് അഞ്ചുമണിയോടെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആള്, ജോര്‍ജിനെ വിളിച്ചെങ്കിലും കണ്ടില്ല. അകത്തുകയറി നോക്കുമ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ജോര്‍ജിന്റെ ദേഹത്തുണ്ടായിരുന്ന എട്ടുപവന്റെ സ്വര്‍ണമാലയും കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കും മോഷണംപോയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.