ആലപ്പുഴ: മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴ നഗരസഭയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം. കേന്ദ്ര ഹൗസിംഗ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് മിഷൻ - അർബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരമാണ് ആലപ്പുഴ നഗരസഭ കരസ്ഥമാക്കിയത്. വ്യാഴാഴ്ച ദില്ലിയില്‍ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി.
ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിലാണ് ആലപ്പുഴയ്ക്ക് പുരസ്കാരം. രാഷ്ട്രപതി ദ്രൌപദി മുര്‍മു, കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്‌സ് മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി കൗശൽ കിഷോർ എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തിൽ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫ്, ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ എ.എസ്. കവിത, മുനിസിപ്പല്‍ സെക്രട്ടറി എ എം മുംതാസ്, സ്വച്ഛ് സര്‍വ്വേക്ഷന്‍ നോഡല്‍ ഓഫീസര്‍ ജയകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സ്വച്ഛ് സര്‍വ്വേഷന്‍ സര്‍വേയില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം തവണയാണ് ആലപ്പുഴ നഗരസഭ ഒന്നാമതെത്തുന്നത്. നിര്‍മ്മല ഭവനം നിര്‍മ്മല നഗരം മാലിന്യമുക്ത നവകേരളം ക്യാമ്പയിനുകള്‍, മികച്ച ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തെരുവ് - കനാല്‍ സൗന്ദര്യ വല്‍ക്കരണം, ഇടതോടുകളുടെ ശുചീകരണം, എറോബിക് സംവിധാനങ്ങള്‍, ഗാര്‍ഹിക ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം എന്നിങ്ങനെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരമെന്ന് നഗരസഭ അറിയിച്ചു.
ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ നഗരത്തിലാകെ മിനി എം.സി.എഫ്., എം.സി.എഫ്., ആര്‍.ആര്‍.എഫ്. സംവിധാനങ്ങള്‍ ഒരുക്കി. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യ സംസ്‌കരണ രംഗത്ത് നഗരസഭ കൈവരിച്ച മികവും ഡോക്യുമെന്റേഷനിലൂടെ അപ്ലോഡ് ചെയ്തതും ജനകീയ അഭിപ്രായ സര്‍വ്വേക്കൊപ്പം പുരസ്‌കാര നേട്ടത്തിലേക്കെത്താന്‍ പരിഗണിക്കപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.