ബദിയടുക്ക: കാസര്‍കോട് ബദിയടുക്കയില്‍ പീഡനത്തിന് ഇരയായ പത്താംക്ലാസുകാരി കാമുകന്റെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കിയത് എലി വിഷം കഴിച്ചെന്ന് പൊലീസ്. പീഡനത്തിന് ശേഷം പ്രതി അന്‍വറില്‍ നിന്ന് ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് വിഷം കഴിച്ചതെന്നാണ് കുട്ടിയുടെ മരണമൊഴിയുണ്ടായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂള്‍ വിട്ടെത്തിയ പത്താം ക്ലാസുകാരി എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെയാണ് കുട്ടി മരണപ്പെടുന്നത്. സംഭവത്തില്‍ സുഹൃത്തായ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അന്‍വര്‍, സാഹില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്‍വറിന്റെ നിരന്തരമായ ഭീഷണിയെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സാമൂഹിക മാധ്യമം വഴിയാണ് പെണ്‍കുട്ടി അന്‍വറിനെ പരിചയപ്പെടുന്നത്. ഇവരുടെ അടുപ്പം വീട്ടുകാര്‍ എതിര്‍ത്തതോടെ പെണ്‍കുട്ടി ബന്ധം ഉപേക്ഷിച്ചു. അടുപ്പം മുതലെടുത്ത് നേരത്തെ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ അന്‍വര്‍ ഇതോടെ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ മരണമൊഴി. ഫോണിലൂടെയും സ്കൂളില്‍ പോകുന്ന വഴിയും ഭീഷണി മുഴക്കി. കൈയിലുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പിതാവിനെ കൊല്ലുമെന്നും പറഞ്ഞതായി പെൺകുട്ടി മൊഴി നൽകി.
അറസ്റ്റിലായ അന്‍വര്‍, സാഹില്‍ എന്നിവര്‍ക്കെതിരെ പോക്സോ, ആത്മഹത്യാ പ്രേരണാ കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ചികിത്സയില്‍ ഇരിക്കെ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ പ്രമോദും രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.