റബ്ബർ കർഷകർക്ക് നേരെ കേന്ദ്രസർക്കാരിന്റെ അവഗണന:കേരളത്തിൽ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ തിരിച്ചടി നേരിടും: ടോണി ചിറ്റിലപ്പിള്ളി,,

കോട്ടയം: കേന്ദ്ര സർക്കാർ കാലങ്ങളായി കേരളത്തിലെ കർഷകരോട് അവഗണന തന്നെയാണ് കാണിക്കുന്നത്.സത്യത്തിൽ കേന്ദ്ര സർക്കാർ കേരളത്തിലെ റബ്ബർ കർഷകരെ സഹായിക്കുന്നുണ്ടോ? 2011 കാലത്ത് കിലോയ്ക്ക് 230–240 രൂപ വരെ വില ഉണ്ടായിരുന്ന റബ്ബറിന് 2024  ജനുവരിയിൽ  ലഭിക്കുന്നത് 150 രൂപ മാത്രമാണ്.വലിയ വില തകർച്ചയാണിത്.

രാജ്യത്ത് റബ്ബറിന് രണ്ട് തരം വിലയാണ്  റബർ ബോർഡ് നിശ്ചയിക്കുന്നത്.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു വിലയും കേരളത്തിൽ മറ്റൊരു വിലയുമാണ് ഒരോ ദിവസവും നിശ്ചയിക്കുന്നത്. ഇതുവഴി രാജ്യത്തെ റബർ കർഷകരെ റബർ ബോർഡ് വഞ്ചിക്കുകയാണ് .

കേരളത്തിൽ ഒരു ഹെക്ടറിൽ റബ്ബർ കൃഷി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ കൊടുക്കുന്ന സബ്‌സിഡി 25,000 രൂപയാണ്.കേരളത്തിന്റെ പകുതിപോലും ദിവസക്കൂലി ഇല്ലാത്ത വടക്ക്‌ -കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു ഹെക്ടർ റബ്ബർ കൃഷിക്ക് നൽകുന്ന സബ്‌സിഡി  40,000 രൂപയും.

അതേ സമയം തായ്‌ലൻഡിൽ ഹെക്ടർ ഒന്നിന് 2,08,000 രൂപയും മലേഷ്യയിൽ 1,57,800 രൂപയും ശ്രീലങ്കയിൽ 64,200 രൂപയുമാണ് സബ്സിഡി ലഭിക്കുന്നത്.ഇതിൽ നിന്നും എന്ത് ആത്മാർത്ഥതയാണ് കേരളത്തിലെ റബ്ബർ കർഷകരോട് കേന്ദ്ര സർക്കാർ കാണിക്കുന്നതെന്ന് വ്യക്തമാകും.

കേന്ദ്ര സർക്കാരിന് പ്രധാനം ദശകോടികളുടെ വിറ്റുവരവുള്ള ടയർ വ്യവസായികളോ അതോ ഉപജീവനത്തിനായി അര ഏക്കർ സ്ഥലത്ത് റബ്ബർ കൃഷിചെയ്യുന്ന കർഷകരോ? റബറിന് മിനിമം താങ്ങുവില (എം .എസ്. പി ) നിശ്ചയിക്കാൻ കേന്ദ്രസർക്കാർ വിസമ്മതിക്കുകയാണ്. 

സ്വാഭാവിക റബ്ബർ ഇറക്കുമതി കൂടുതൽ നിയന്ത്രിക്കാൻ വിമുഖത കാണിക്കുകയും ചെയ്യുന്നു.മിശ്രിത റബ്ബറിന്‍റെയും സ്വാഭാവിക റബ്ബറിന്‍റെയും ഇറക്കുമതി തീരുവ ഒരുപോലെ ഉയർത്തുവാനും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുക എന്ന ദീർഘകാല ആവശ്യം പരിഗണിക്കാനും കേന്ദ്ര സർക്കാർ ഇനിയും തയ്യാറാകുന്നില്ല.

ഇന്ന് ഇന്ത്യയിൽ 28 ടയർ കമ്പനികൾ ഉണ്ടെങ്കിലും ടയർ നിർമാണത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത് രാജ്യത്തെ പ്രധാനപ്പെട്ട എട്ട് അന്താരാഷ്ട്ര കമ്പനികളാണ്. ലോകത്ത് മുൻപന്തിയിലുള്ള മുപ്പത് ടയർ വ്യവസായികളിൽ അഞ്ചും ഇന്ത്യയിലാണെന്നോർക്കുക. 

ഇവരുടെ ഒരുവർഷത്തെ വിറ്റുവരവ് 78,000 കോടി രൂപയാണ്.അടുത്ത 10 വർഷത്തിനുള്ളിൽ ടയർ വ്യവസായത്തിന്റെ വിറ്റുവരവ് ഇരട്ടിയാകുമെന്നാണ് ഇപ്പോൾ  ടയർ കമ്പനികളുടെ സംഘടന അവകാശപ്പെടുന്നത്.

ടയർ നിർമാണത്തിലെ പ്രധാന അസംസ്‌കൃത വസ്തു സ്വാഭാവിക റബ്ബറാണ്.റബ്ബറിന്റെ വില കുറയുന്നതനുസരിച്ച്‌ ടയർ കമ്പനികളുടെ ലാഭം വർദ്ധിക്കും. കേന്ദ്ര സർക്കാരിന്റെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലാണ് ടയർ വ്യവസായവും റബ്ബർ കൃഷിയും.

ടയർ വ്യവസായികളെ വിദേശ രാജ്യത്തുനിന്നും റബ്ബർ ഇറക്കുമതി ചെയ്യുന്നതിന് അനുവദിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.കമ്പോളത്തിൽ ഇടപെടില്ല എന്ന് വാശിപിടിക്കുന്ന കേന്ദ്ര സർക്കാറിന്  വ്യവസായികൾക്കു വേണ്ടി എന്തും ചെയ്യാൻ മടിയില്ല.

പതിമൂന്ന് ലക്ഷം ചെറുകിട കർഷകരുടെയും റബ്ബർ തോട്ടത്തിൽ പണിയെടുക്കുന്ന മൂന്നര ലക്ഷം തൊഴിലാളികളുടെയും ഉപജീവനത്തിനേക്കാൾ വലുതാണ് കേന്ദ്ര സർക്കാരിന് എട്ട്‌ ടയർ കമ്പനികളുടെ ലാഭം എന്ന് വ്യക്തമാണ്. കൂടാതെ,ടയർ കമ്പനികൾ ആവശ്യപ്പെടുന്നതനുസരിച്ച് ടയറിന്റെ ഇറക്കുമതി തീരുവയും കേന്ദ്രം കുറച്ചു കൊടുക്കാറുണ്ട്.

കേരളത്തിൽ റബ്ബർ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോൾ ടയർ കമ്പനികൾ കൊള്ളലാഭംകൊയ്യുകയാണ്.സംസ്ഥാനത്തെ പ്രമുഖ ഗ്രൂപ്പിന്റെ ടയർ കമ്പനിയ്ക്ക് 2013 സെപ്റ്റംബറിൽ ഉണ്ടായിരുന്ന സമാഹൃത മൂല്യം 3645 കോടി രൂപയായിരുന്നെങ്കിൽ, 2023 മാർച്ച് ആയപ്പോൾ 14,509 കോടി രൂപയായി ഉയർന്നു. 

പത്ത് വർഷം കൊണ്ട് സമാഹൃത മൂല്യം നാലിരട്ടിയാണ് കൂടിയത്.മറ്റൊരു പ്രധാന ടയർ കുത്തക കമ്പനിയുടെ വളർച്ച അഞ്ചിരട്ടിയാണ്.എന്നാൽ കർഷകന് ലഭിക്കുന്ന വിലയോ തുച്ഛം തന്നെ.

റബ്ബർ കർഷകർ ദുരിതങ്ങൾ നേരിടുന്ന ഘട്ടത്തിൽ അതിനെ കൂടുതൽ ആഴത്തിലേയ്ക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയർ കമ്പനികൾ നടത്തുന്നതെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ)  കണ്ടെത്തിയിട്ടുണ്ട്. 

പ്രമുഖ ടയർ കമ്പനികളും അവരുടെ കോർപ്പറേറ്റ് ലോബിയിംഗ് കമ്പനിയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷനും കോമ്പറ്റീഷൻ നിയമം ലംഘിച്ചുകൊണ്ട് കാർട്ടൽ രൂപീകരിക്കുകയും വിവരങ്ങൾ പങ്കിടുകയും ടയർ വിലകൾ നിശ്ചയിക്കുകയും ചെയ്തുവെന്നാണ് സി.സി.ഐ കണ്ടെത്തിയത്.  

 ടയറുകൾ നിർമിക്കുന്നതിനുള്ള മുഖ്യ അസംസ്കൃത വസ്തുവായ സ്വാഭാവിക റബ്ബറിന്റെയടക്കം എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും ആകെ വില ഇടിഞ്ഞപ്പോഴും, ഉയർത്തിയ ടയർ വില നിലനിർത്തുന്നതിനായി ടയർ കമ്പനികൾ ഒത്തുകളിച്ചു.

ഉപഭോക്താക്കളെ കൂടി വഞ്ചിച്ച കമ്പനികൾക്ക് 1788 കോടി രൂപയുടെ അതിഭീമമായ പിഴയാണ് സിസിഐ ചുമത്തിയിരിക്കുന്നത്.പിഴയായി പിരിച്ചെടുത്ത ഈ തുക പാവപ്പെട്ട കർഷകർക്ക് വിതരണം ചെയ്‌തിട്ടില്ല.

കോടിക്കണക്കിന്  രൂപയുടെ കോർപ്പറേറ്റ് വായ്പകൾ സർക്കാരിന് എഴുതിത്തള്ളാൻ കഴിയുമ്പോൾ,എന്ത് കൊണ്ട് റബ്ബർ കർഷകരെ മാത്രം സഹായിക്കാൻ കേന്ദ്രത്തിന് കഴിയുന്നില്ല എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.

കേരളത്തിലെ ടാപ്പിംഗ് തൊഴിലാളികൾക്ക് റബ്ബർ ബോർഡ് വഴി നൽകിയിരുന്ന എല്ലാ ക്ഷേമ പ്രവർത്തനങ്ങളും കേന്ദ്രം അവസാനിപ്പിച്ചു.റബ്ബർ ബോർഡിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവച്ചും കർഷകർക്ക് നല്കിവന്നിരുന്ന സബ്‌സിഡി വെട്ടിക്കുറച്ചും കേരളത്തിൽ റബ്ബർ കൃഷി ലാഭകരമല്ലാതെയാക്കി.

റബറിനെ കാർഷിക വിളകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താനോ മിനിമം താങ്ങുവില പദ്ധതിയിൽ കൊണ്ടുവരാനോ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല എന്നത് ദുഖകരമാണ്.കേരള സംസ്ഥാനത്തുടനീളമുള്ള മലയോര മേഖലകളിൽ ഏകദേശം 5.51 ലക്ഷം ഹെക്ടറിൽ റബ്ബർ കൃഷി ചെയ്യുന്നു.

കേരളത്തിലെ റബ്ബർ കർഷകരെ പട്ടിണിയിലേക്കും റബ്ബർ വിലയിടിവിലേക്കും നയിക്കുന്ന കോർപ്പറേറ്റ് അനുകൂല നയങ്ങൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം.റാലികളും ഷോകളുമല്ല അല്ല കർഷകർക്ക് വേണ്ടത്.പട്ടിണി കൂടാതെ ജീവിക്കാനുള്ള  സർക്കാർ സഹായങ്ങളാണ് ആവശ്യം.

റബ്ബറിനെ കാർഷികോൽപ്പന്നമായി അംഗീകരിക്കുകയും, നേരിട്ട് സംഭരിക്കുകയും,കിലോയ്ക്ക് 300 രൂപ മിനിമം താങ്ങുവില ഉറപ്പാക്കുകയും ചെയ്യേണ്ടത് കേന്ദ്ര സർക്കാരാണ്.

കേരളത്തിലെ ചെറുകിട നാമമാത്ര കർഷകരെയാണ് വിലയിടിവ് കൂടുതൽ ബാധിക്കുന്നത്.ലോക്‌സഭാ തെരഞ്ഞടുപ്പിൽ റബ്ബർ കർഷകരുടെ ഭാഗത്തു നിന്നും കനത്ത വെല്ലുവിളി തന്നെ ബിജെപിയ്‌ക്കും മറ്റു രാഷ്ട്രീയ പാർട്ടികൾക്കും നേരിടേണ്ടി വരും.

(സീറോ മലബാർസഭ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !