കണ്ണൂർ: പെപ്‌സി കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയതിനെത്തുടർന്ന് ശ്വാസം കിട്ടാതെ പിടഞ്ഞ പിഞ്ചുകുഞ്ഞിന് വൈദ്യുതി ജീവനകാരുടെ സന്ദർഭോചിത ഇടപെടല്‍ കാരണം ജീവൻ തിരിച്ചുകിട്ടി.തളിപ്പറമ്പ് കെ. എസ് ഇ ബി ഓഫീസിലെ ലൈന്മാന്മാരായ പിവി ചന്ദ്രൻ, ഇ.എം ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് ആറു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് രക്ഷകരായത്.
ഏഴാം മൈല്‍ ഹബീബ് നഗറിലെ മമ്മു എന്നയാളുടെ ക്വാർട്ടേഴ്സില്‍ താമസിക്കുന്ന കുഞ്ഞാണ് മരണത്തില്‍ നിന്നു അതഭുതകരമായി രക്ഷപ്പെട്ടത്. കുഞ്ഞിനെ ലൈന്മാന്മാർ സാഹസികമായി രക്ഷപ്പെടുത്തി അതിവേഗം തളിപറമ്പിലെ ലൂർദ് ആശുപത്രിയിലെത്തിച്ചതുകൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം.
ക്വാട്ടേഴ്സ് മതിലിനു പുറത്തെ ലൈനില്‍ അറ്റകുറ്റപണിക്കായാണ് ലൈന്മാന്മാർ ബൈക്കില്‍ എത്തിയിരുന്നത്. ഒരാള്‍ വൈദ്യുതി തൂണില്‍ കയറിയ ശേഷമാണ് പൊടുന്നനെ മതിലിനപ്പുറത്തു നിന്ന് കുഞ്ഞിന്റെ മാതാവിന്റെ നിലവിളി കേട്ടത്.
രക്ഷിക്കണേ എന്നാവശ്യപ്പെട്ട് കരയുന്നതിനാല്‍ വൈദ്യുതിതൂണിനു മേല്‍ ഉണ്ടായിരുന്നയാളടക്കം ചാടിയിറങ്ങി മതില്‍ ചാടിക്കടന്ന്ക്വാർട്ടേഴ്സിലെത്തുകയായിരുന്നു.
കുഞ്ഞ് ശ്വാസം കിട്ടാതെ പിടയുന്ന കാഴ്‌ച്ചയാണ് ഇവർകണ്ടത്. പിന്നീടൊന്നും ആലോചിക്കാൻ നില്‍ക്കാതെ ഇരുവരും ചേർന്ന് ഉടൻ തങ്ങളുടെ ബൈക്കില്‍ കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു.
ശ്വാസം നില്‍ക്കാതിരിക്കാൻ കരുതലോടെയാണ് കുഞ്ഞിനെ ബൈക്കില്‍ കൊണ്ടുപോയത്. ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ശ്വാസനാളത്തില്‍ അടഞ്ഞു കിടന്ന മൂടി പുറത്തെടുത്തത്.
ഒരു മാസം മുൻപ് മാത്രം വാടകയ്ക്ക് താമസികാനെത്തിയ കുടുംബമാണ് കുഞ്ഞിന്റേത്. അപകടമുണ്ടായപ്പോള്‍ പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ല.
കളിക്കാനായി നല്‍കിയ കുപ്പിയുടെ അടപ്പാണ് പ്രശ്നത്തിനിടയാക്കിയത്. കെ.എസ്. ഇ ബി ജീവനക്കാർ തക്ക സമയത്ത് എത്തിയില്ലായിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായി മാറുമോയെന്ന ആശങ്കയുണ്ടായിരുന്നുവെന്നു കുഞ്ഞിന്റെ വീട്ടുകാർ പറയുന്നു.
മാതൃകാപരമായ ജീവൻ രക്ഷാപ്രവർത്തനം നടത്തിയ ചന്ദ്രനെയും ഉണ്ണികൃഷ്ണനെയും ഉപഹാരം നല്‍കി കെ. എസ്. ഇബി അനുമോദിച്ചു. അസി എഞ്ചിനീയർ ടി. പി സന്ദീപ്, സബ് എഞ്ചിനിയർമാരായ കെ.എൻ പ്രവീണ്‍ കുമാർ, കെ.സി സജീവ് , സ്സാഫ് സെക്രട്ടറി പി രാജീവൻ എന്നിവർ പങ്കെടുത്തു. സോഷ്യല്‍മീഡിയയിലടക്കം അഭിനന്ദനപ്രവാഹമാണ് ചന്ദ്രനും ഉണ്ണികൃഷ്ണനും ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.