കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വന്നിരിക്കുകയാണ്. വരാൻ പോകുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിൻ്റെയും യുഡിഎഫിൻ്റെയും പ്രസ്റ്റീജ് ലോക് സഭാമണ്ഡലം എന്ന് വേണമെങ്കില്‍ പറയാവുന്നത് കോട്ടയം തന്നെയാണ്.കാരണം, കേരളാ കോണ്‍ഗ്രസിലെ ജോസ്.കെ.മാണി വിഭാഗം യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേയ്ക്ക് പോയതിനുശേഷം നടക്കുന്ന ആദ്യ പാർലമെൻ്റ് തെരഞ്ഞെടുപ്പാണ് ഇത് എന്നതുകൊണ്ട് തന്നെ. ജോസ് കെ മാണി വിഭാഗം
എല്‍ഡിഎഫിലേയ്ക്ക് വന്നതിനുശേഷം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍, ഇടതുപക്ഷത്തിന് എന്നും ബാലികേറാമലയായിരുന്ന മദ്ധ്യകേരളത്തില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിക്കാൻ പറ്റാത്ത പല സീറ്റുകളിലും വിജയിച്ചു കയറാനായത് നിസാരമായി കാണാവുന്നതല്ല, കേരള കോണ്‍ഗ്രസ് ലീഡർ ജോസ്.കെ.മാണി പാലായില്‍ തോറ്റെങ്കില്‍ കൂടി.
ഇതിൻ്റെ കൂടി ഫലമാണ് വലിയ ഭൂരിപക്ഷത്തില്‍ തന്നെ ഇടതുമുന്നണിക്ക് തുടർഭരണത്തില്‍ എത്താനായാതും. നിലവില്‍ കോട്ടയത്തെ എം.പി. തോമസ് ചാഴികാടൻ ജോസ്.കെ. മാണി വിഭാഗത്തില്‍
പ്പെട്ടയാളാണ്. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ നിന്നപ്പോള്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടാണ് അന്ന് തോമസ് ചാഴികാടൻ കോട്ടയത്തു നിന്ന് മത്സരിച്ച് വിജയിച്ചത്. അന്ന് ഇടതു സ്ഥാനാർത്ഥിയായിരുന്ന ഇന്നത്തെ സാംസ്‌കാരിക മന്ത്രി വി.എൻ. വാസവനെയാണ് ചാഴികാടൻ തോല്‍പ്പിച്ചത്.
മണ്ഡലം പുനർനിർണ്ണയത്തിന് മുൻപ് ഇടതുകോട്ടയായിരുന്നു. പിന്നീട് മൂവാറ്റുപുഴ പാർലമെൻ്റ് മണ്ഡലം ഇല്ലാതായി പുനർനിർണ്ണയിക്കപ്പെട്ടപ്പോള്‍ യു.ഡി.എഫിന് അനുകൂലമാകുകയായിരുന്നു.
പാലാ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങള്‍ ഈ പുനർനിർണ്ണയത്തില്‍ കോട്ടയം മണ്ഡലത്തോട് ചേർക്കപ്പെടുകയായിരുന്നു. തുടർന്ന് ജോസ്.കെ.മാണി ഇവിടെ രണ്ട് തവണ യു.ഡി.എഫ് സ്ഥാനാാർത്ഥിയായി വിജയം വരിക്കുകയുണ്ടായി
ശേഷം യു.ഡി.എഫ് സ്ഥാനാർത്ഥിയായി ചാഴികാടനും. പണ്ട് ജോസഫും മാണിയും ഒന്നായി നിന്ന കേരളാ കോണ്‍ഗ്രസിന് യു.ഡി.എഫ് സമ്മാനിച്ചതാണ് കോട്ടയം പാർലമെൻ്റ് സീറ്റ്.
അതില്‍ മാണിയുടെ ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫിലേയ്ക്ക് പോയെങ്കിലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇപ്പോഴും യു.ഡി.എഫില്‍ തന്നെയുണ്ട്. അതിനാല്‍ തന്നെ കോട്ടയം സീറ്റിനായി ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കുമെന്നത് തീർച്ചയാണ്.
കോട്ടയത്തെ പ്രബല സമുദായമായ ക്രൈസ്തവ വിഭാഗത്തിൻ്റെ സമ്മർദ്ദവും ഇക്കാര്യത്തില്‍ ഉണ്ടായേക്കാം. അങ്ങനെ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ പിണക്കി യു.ഡി.എഫ് ഒരിക്കലും മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ല. കേരളത്തിലെ പരമാവധി സീറ്റ് പിടിച്ചെടുക്കേണ്ടത് യു.ഡി.എഫിൻ്റെ ഇന്നത്തെ വലിയ
ആവശ്യവും ആണ്. അങ്ങനെ വന്നാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് കോട്ടയത്ത് സ്ഥാനാർത്ഥിയാകാനാണ് ഏറെ സാധ്യത.
മുൻപ് മൂവാറ്റുപുഴ എം.പി എന്ന നിലയിലും കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി.ടി.ചാക്കോയുടെ പുത്രൻ എന്ന നിലയിലും വലിയൊരു ബന്ധം പി.സി.തോമസിന് കോട്ടയത്ത് ഉണ്ട് എന്നത് അദ്ദേഹത്തിന് കൂടുതല്‍ അനുകൂലഘടകമാണ്.
മൂവാറ്റുപുഴ പാർലമെൻ്റ് മണ്ഡലം ഇല്ലാതായാപ്പോള്‍ അന്ന് മൂവാറ്റുപുഴയുടെ ഭാഗമായിരുന്ന പാലാ, പിറവം പോലുള്ള മണ്ഡലങ്ങള്‍ ഇപ്പോള്‍ കോട്ടയം മണ്ഡലത്തില്‍ ആണ്. ഇവിടെയൊക്കെ തന്നെ മുൻ എം.പി എന്ന നിലയിലും ജനകീയൻ എന്ന നിലയില്‍ ആളുകള്‍ക്ക് സുപരിചതനാണ് പി.സി.തോമസ്. വർഷങ്ങള്‍ ഏറെക്കാലം എം.പി ആയിരുന്നിട്ടും ഒരു അഴിമതി ആരോപണം പോലും പി.സി.തോമസിൻ്റെ പേരില്‍ ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
മുൻപ് ഔദ്യോഗികമായി രജിസ്ട്രെഷൻ ഉണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ്, പി.സി.തോമസിൻ്റെ കേരളാ കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം ആയിരുന്നു.
അന്ന് ഈ പാർട്ടി എൻ.ഡി.എയുടെ ഘടകകക്ഷി ആയിരുന്നു. ജോസ്.കെ.മാണി വിഭാഗവുമായി പിളർന്ന് ജോസഫ് വിഭാഗം യു.ഡി.എഫില്‍ ഒറ്റയ്ക്ക് നില്‍ക്കാൻ തീരുമാനിച്ചപ്പോള്‍ പാർട്ടി രജിസ്‌ട്രേഷൻ സ്ട്രോങ് ആക്കാൻ പി.സി.തോമസിൻ്റെ പാർട്ടിയും ജോസഫ് ഗ്രൂപ്പും തമ്മില്‍ ലയിക്കുക ആയിരുന്നു.
പി.സി.തോമസ് ഇന്ന് പി.ജെ.ജോസഫ് കഴിഞ്ഞാല്‍ കേരളാ കോണ്‍ഗ്രസ് പാർട്ടിയില്‍ രണ്ടാം സ്ഥാനക്കാരനും വർക്കിംഗ് ചെയർമാനും ആണ്. അതുകൊണ്ട് പി.സി.തോമസ് തന്നെ കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
എല്‍.ഡി.എഫില്‍ നോക്കുകയാണെങ്കില്‍ നിലവില്‍ സീറ്റ്, ജോസ്.കെ.മാണി വിഭാഗത്തിന് തന്നെയാണ്. അങ്ങനെയെങ്കില്‍ സിറ്റിങ്ങ് എം.പി തോമസ് ചാഴിക്കാടൻ അല്ലാതെ മറ്റാരും സ്ഥാനാർത്ഥി ആകാനിടയില്ല. പക്ഷേ, കോട്ടയം സീറ്റ് ജോസ്.കെ.മാണി എടുക്കുമോ എന്നതാണ് നോക്കിക്കാണേണ്ടത്. ഇന്നത്തെ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൻ്റെ പൊതു സ്വഭാവം വെച്ച് ഒരു യു.ഡി.എഫ് അനുകൂല ചായ്‌വ് പൊതുവേ പ്രകടമാണ്.
പാർലമെൻ്റ് മണ്ഡലത്തിലെ മിക്ക നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് എംഎല്‍എ മാർ തന്നെയാണ് കൂടുതല്‍. ആ ഒരു സാഹചര്യത്തില്‍ ജോസ്.കെ.മാണി വിഭാഗം കോട്ടയം സീറ്റ് സി.പി.എമ്മിന് കൊടുത്തിട്ട് ഇടുക്കിയോ, പത്തനംതിട്ടയോ ചോദിക്കാനുള്ള സാധ്യതയും ഏറെയാണ്.
കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗത്തെക്കാള്‍ എന്തുകൊണ്ടും സി.പി.എം സ്ഥാനാർത്ഥി കോട്ടയത്ത് മത്സരിക്കുന്നതാവും നല്ലതെന്നും ചിന്തിക്കുന്നവർ ഏറെയാണ്. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ സി.പി.എമ്മിന് അതിനായി ഒരു കരുത്തനെ കണ്ടെത്തേണ്ടതും ഉണ്ട്.
കോട്ടയത്തെ ഇടത് അനുഭാവികളില്‍ മനസില്‍ എന്നും നിറയുന്ന ഒരു മുഖം നിറപുഞ്ചിരിതൂകി നില്‍ക്കുന്ന സുരേഷ് കുറുപ്പിൻ്റെ അല്ലാതെ മറ്റാരുടെയും ആകുമെന്ന് തോന്നുന്നില്ല. അത്രമാത്രം കോട്ടയംകാരുടെ മനസില്‍ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് സുരേഷ് കുറുപ്പ്.
മുൻപ്, വളരെക്കാലം കോട്ടത്തെ എം.പിയും ഏറ്റുമാനൂരില്‍ നിന്നുള്ള എംഎല്‍എയും ആയിരുന്നു. ഇതൊക്കെ സുരേഷ് കുറുപ്പിന് അനുകൂല ഘടകമാണ്. കൂടാതെ സൗമ്യ വ്യക്തിത്വത്തിന് ഉടമയെന്ന പേരും ജനകീയതയുമുണ്ട്.
കോട്ടയത്ത് മത്സരിക്കാൻ പറ്റുന്ന എല്‍.ഡി.എഫിലെ മറ്റൊരാള്‍ ഇന്നത്തെ മന്ത്രി വി.എൻ.വാസവൻ മാത്രമായിരിക്കും. എന്തായാലും അത് ഇപ്പോള്‍ ചിന്തിക്കാൻ പറ്റുന്നതല്ല. കൂടാതെ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജെയ്ക് സി തോമസിൻ്റെ പേരും ഉയർന്ന് വരാം.
അതിന് എത്രമാത്രം സാധ്യത ഉണ്ടെന്ന് അറിയില്ല. കാര്യങ്ങള്‍ ശരിയാണെങ്കില്‍ കോട്ടയം മണ്ഡലത്തില്‍ വരാൻ പോകുന്നത് പി.സി.തോമസ്, സുരേഷ് കുറുപ്പ് അങ്കം തന്നെ ആയിരിക്കുമെന്ന് പറയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.