തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍ അക്കാദമിക മേഖലയെ മലിനമാക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബാഹ്യ ഇടപെടല്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിയോജിപ്പുകള്‍ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണ്. അധികാരത്തിന് വേണ്ടിയുള്ള മത്സരം ഭരണനിര്‍വഹണത്തെ ബാധിക്കരുത്. കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങളും ഗവര്‍ണര്‍ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഇന്ത്യയെ സൂപ്പര്പവറാക്കിയത് നരേന്ദ്രമോദിയാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ഇന്ന് ലോകത്തെ യുപിഐ ഇടപാടുകളില്‍ നാല്പത് ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയമാണ് ഇതിന് അടിത്തറയെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്വദേശി വന്ദേഭാരത് ട്രെയിനുകളുടെ പദ്ധതി കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതായി ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംബന്ധിച്ചു. തൊട്ടടുത്ത് ഇരുന്നിട്ടും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മിണ്ടിയില്ല. മടങ്ങുമ്പോള്‍ ഗവര്‍ണര്‍ തൊഴുതെങ്കിലും ഗൗനിക്കാതെ മുഖ്യമന്ത്രി മന്ത്രിമാരോട് കുശലം പറഞ്ഞിരുന്നു. ഇന്നലെ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോഴും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം സംസാരിച്ചിരുന്നില്ല.
വിവിധ ജില്ലകളിലും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രിമാര്‍ ദേശീയപതാക ഉയര്‍ത്തി. ഇടുക്കിയില്‍ ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന് പതാക ഉയര്‍ത്തി. എറണാകുളം ജില്ലയില്‍ മന്ത്രി കെ രാജനും, മലപ്പുറത്ത് എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ജിആര്‍ അനിലും, കോഴിക്കോട് വിക്രം മൈതാനിയില്‍ മന്ത്രി മുഹമ്മദ് റിയാസും പതാക ഉയര്‍ത്തി.
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മന്ത്രി കെ രാധാകൃഷ്ണനും, പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും വയനാട്ടില്‍ മന്ത്രി എകെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ഗണേഷ് കുമാറും പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് 6 മണിക്കാണ് വിരുന്ന്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന് വ്യക്തതയില്ല..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.