തിരുവനന്തപുരം:തീരശോഷണം, കടലാക്രമണം എന്നിവയിലൂടെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ പൂന്തുറയിലെ ജിയോട്യൂബ് തീരസംരക്ഷണ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ വിജയ സാധ്യത പരിശോധിച്ച് മറ്റു പ്രദേശങ്ങളിലും നടപ്പിലാക്കും.പൂന്തുറ മുതല്‍ വലിയതുറ വരെയുള്ള തീരപ്രദേശം സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) ധനസഹായത്തോടെ കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പ്പറേഷനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.പൂന്തുറ പള്ളി മുതല്‍ ചെറിയ മുട്ടം വരെയുള്ള 700 മീറ്റര്‍ തീരപ്രദേശത്ത് അഞ്ച് മാസം കൊണ്ട് പദ്ധതിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കും.
20 കോടി ചെലവ് പ്രതീക്ഷിക്കുന്ന പരീക്ഷണ പദ്ധതിയാണിത്. പൈലറ്റ് പദ്ധതിയെ തുടര്‍ന്ന് പൂന്തുറ മുതല്‍ ശംഖുമുഖം വരെ പദ്ധതി വ്യാപിപ്പിക്കാന്‍ 150 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സുസ്ഥിര തീരസംരക്ഷണത്തിനായുള്ള കേരളത്തിന്റെ പാരിസ്ഥിതിക സംരംഭങ്ങളിലെ നാഴികക്കല്ലാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ക്ഷോഭമുണ്ടാകുന്ന തീരപ്രദേശങ്ങളിലൊന്നാണ് പൂന്തുറ.പരീക്ഷണ പദ്ധതി ഇവിടെ വിജയിച്ചാല്‍ മറ്റ് കടല്‍ത്തീരങ്ങളിലേക്കും വ്യാപിപ്പിക്കാനാകും. ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിന് ശാശ്വത പരിഹാരം കാണാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തീരദേശ ശോഷണത്തിന്റെ സാധ്യത ലഘൂകരിക്കുക മാത്രമല്ല മത്സ്യബന്ധന മേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പദ്ധതിയിലൂടെ ഗുണം ലഭിക്കും.പരിസ്ഥിതി സൗഹൃദവും മത്സ്യതൊഴിലാളികളുടെ ജീവനോപാദികള്‍ക്ക് കരുത്തേകുന്നതും എന്നാല്‍ ചെലവ് കുറഞ്ഞതുമായ ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി കരുതാവുന്നതാണ്.
തീരശോഷണം തടയാന്‍ പാറകള്‍ ഉപയോഗിച്ചുള്ള പരമ്ബരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി പാറകളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്ന നൂതനവും സുസ്ഥിരവുമായ ഒരു സമീപനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീരസംരക്ഷണത്തിനൊപ്പം കടല്‍ ജീവികളുടെ ആവാസവ്യവസ്ഥയ്ക്കും അനുയോജ്യമാണ് ജിയോട്യൂബുകള്‍ കൊണ്ടുള്ള നിര്‍മ്മാണ പ്രക്രിയ.മത്സ്യം ഉള്‍പ്പെടെയുളള കടല്‍ജീവികള്‍ക്ക് വളരാനുള്ള കൃത്രിമപ്പാര് പോലെ പ്രവര്‍ത്തിച്ച് ജിയോട്യൂബുകള്‍ മത്സ്യ ഉത്പാദനവും വര്‍ധിപ്പിക്കുന്നു.തീരസംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഈ നൂതന പദ്ധതി കേരളത്തിലെ ആദ്യ സംരംഭമാണ്.
ഒരു പാളിയില്‍ 87 ജിയോട്യൂബുകള്‍ വിന്യസിക്കാനാകും.തീരക്കടലില്‍ സ്ഥാപിച്ചിരിക്കുന്ന ജിയോട്യൂബുകള്‍ ഒരു തടസ്സമായി പ്രവര്‍ത്തിക്കുന്നത് വഴി തിരമാലകളുടെ ശക്തി കുറയ്ക്കുന്നു. ഇതിലൂടെ കടല്‍ഭിത്തിക്ക് അപ്പുറത്തുള്ള തിരമാലകള്‍ ഫലപ്രദമായി തടയാനാകും. ഇത്തരത്തില്‍ തീരശോഷണം കുറയുകയും കടല്‍ത്തീരം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ആന്റണി രാജു എം.എല്‍.എ, കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്പ്പറേഷന് (കെഎസ് സിഎഡിസി) മാനേജിംഗ് ഡയറക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ചീഫ് എഞ്ചിനീയര്‍ ടി വി. ബാലകൃഷ്ണന് എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.