തൃശൂര്‍: തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം. സി.പി.ഐയെ കുരുതി കൊടുക്കുമെന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.പിയുടെ പ്രതികരണം ചര്‍ച്ചയാകുന്നു.പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ തൃശൂര്‍ സന്ദര്‍ശനങ്ങളും സുരേഷ് ഗോപിയുടെ മണ്ഡലത്തിലെ സജീവ സാന്നിധ്യവും തെരഞ്ഞെടുപ്പ് തീയതിപോലും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിലെ താരമണ്ഡലമായി തൃശൂരിനെ ഉയര്‍ത്തുകയാണ്.
ഇതിനിടയിലാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സി.പി.എം. ശ്രമിക്കുമെന്ന ഗുരുതരമായ ആരോപണം മുരളീധരന് ഉന്നയിച്ചത്. വീണാ വിജയനെതിരായ അന്വേഷണത്തെ മറികടക്കുന്നതിനാണ് സി.പി.ഐയെ ബലി കൊടുക്കുന്നതെന്നാണ് മുരളീധരന് സൂചിപ്പിച്ചത്.
മോദിക്കു മുന്നില്‍ അനുസരണയുള്ള കുട്ടിയായി മുഖ്യമന്ത്രി മാറിയെന്നും ഇതോടെ സി.പി.എം.-ബി.ജെ.പി. അന്തര്‍ധാര തെളിഞ്ഞുവെന്നുമാണ് മുരളീധരന്റെ ആരോപണം. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ ശുഭപ്രതീക്ഷയില്ലാ എന്ന തോന്നലും മുരളീധരന്റെ പ്രതികരണം ഉളവാക്കിയിട്ടുണ്ട്.
സുരേഷ് ഗോപിക്ക് മൈലേജുണ്ടാക്കുന്ന തരത്തിലാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസിനെതിരായ പ്രചാരണത്തിന് സി.പി.എം. മുന്‍തൂക്കം നല്‍കുന്നത് അതുകൊണ്ടാണെന്നാണ് അവരുടെ വാദം.
ബി.ജെ.പിയെ മുഖ്യ ശത്രുവായി കാണാതെയുള്ള രാഷ്ട്രീയനിലപാട് ഫലത്തില്‍ സംഘപരിവാറിനെയാണ് സഹായിക്കുക. മാത്രമല്ല, തൃശൂരില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ സി.പി.എമ്മിന് വലിയ താല്‍പ്പര്യമില്ലെന്നും അവര്‍ ആരോപിക്കുന്നു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഏക ശത്രു കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ തോല്‍വിയാണ് രണ്ടുകൂട്ടരും ആഗ്രഹിക്കുന്നത്. അതിനാല്‍ ഒരു അന്തര്‍ധാര സജീവമാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഏതായാലും തൃശൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സി.പി.ഐ. നേതാവും മുന്‍മന്ത്രിയുമായ വി.എസ്. സുനില്‍ കുമാര്‍ ആകുമെന്ന തരത്തില്‍ പ്രചാരണം ശക്തമായിട്ടുണ്ട്. ടി.എന്‍. പ്രതാപനോ സുരേഷ് ഗോപിയോ നിന്നാലും സുനില്‍കുമാറിനു മുന്നില്‍ ഒന്നുമല്ലെന്നാണ് താഴേതലത്തില്‍ പ്രചാരണം ശക്തമാകുന്നത്.
സാധാരണക്കാരില്‍ സാധാരണക്കാരുമായിപോലും ഇഴുകിച്ചേരുന്ന സുനിലിന്റെ വൈഭവം ഇവര്‍ക്കില്ല. എം.എല്‍.എയും മന്ത്രിയുമായിരുന്ന ഘട്ടത്തില്‍ കൈവരിച്ച ജനകീയതയും ഭരണനിപുണതയും സുനിലിന്റെ വിജയം ഈസിയാക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സുനില്‍കുമാറിനുവേണ്ടി പ്രചാരണം ശക്തമായി. വിദ്യാര്‍ഥികളെന്ന പേരില്‍ സോഷ്യല്‍ മീഡിയായിലാണ് പ്രചാരണം.
ടി.എന്‍. പ്രതാപനുവേണ്ടിയുള്ള ചുമരെഴുത്തു തുടങ്ങിയെങ്കിലും ആദ്യദിനത്തില്‍തന്നെ പ്രതാപന് ഇടപെട്ട് മായ്ച്ചുകളഞ്ഞിരുന്നു. എന്നാല്‍ പ്രതാപന്റെ നിര്‍ദേശത്തെയും മറികടന്ന് വീണ്ടും ചിലയിടങ്ങളില്‍ ചുമരെഴുത്ത് തുടങ്ങി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തടഞ്ഞിട്ടുമില്ല. സുരേഷ് ഗോപിക്കുവേണ്ടിയാണ് മണ്ഡലത്തില്‍ ആദ്യം ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ചതിക്കില്ല, സുരേഷ് ഗോപിയുടെ ഉറപ്പ് എന്നായിരുന്നു പ്രചാരണം.
എന്നാലിപ്പോള്‍ പ്രത്യേകം ചുമരെഴുതേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പല പ്രവര്‍ത്തകരും. കരുവന്നൂര്‍ തട്ടിപ്പിനെതിരായ പദയാത്ര, പ്രധാനമന്ത്രിയുടെ തൃശൂര്‍, ഗുരുവായൂര്‍ സന്ദര്‍ശനങ്ങള്‍ വഴി തന്നെ സുരേഷ് ഗോപിയുടെ പ്രചാരണം ശക്തമായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഏതായാലും തൃശൂരില്‍ തെരഞ്ഞെടുപ്പിനുള്ള മേളം തുടങ്ങിക്കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.