തൃശൂര്‍ : തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വംബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉല്‍സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോര്‍ഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പൂരം ദിവസങ്ങളില്‍ ബന്ധപ്പെട്ടവരെല്ലാം ഇത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിര്‍ദ്ദേശിച്ചു.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ മുഖ്യ സംഘാടകരായി എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങളും എത്തി പൂരം നടക്കുന്നത് വടക്കുന്നാഥ ക്ഷേത്രത്തിലാണ്.ഇലഞ്ഞിത്തറ മേളം നടക്കുന്നത് ക്ഷേത്രമതില്‍ക്കെട്ടിനകത്താണ്.ലോകസിംഫണി വിശേഷണമുള്ള മേളം ആസ്വദിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിനകത്തും എത്തുക.
കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്നു ചൂണ്ടിക്കാണിച്ച് തൃശൂര്‍ സ്വദേശി കെ.നാരായണൻകുട്ടി ഹര്‍ജി നല്‍കിയിരുന്നു. തെക്കേഗോപുരനടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയെന്നും പ്ളാസ്റ്റിക് അടക്കമുള്ളവ മാലിന്യങ്ങള്‍ കിടക്കുന്നുവെന്നുമുള്ള മാധ്യമവാര്‍ത്തയില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു.
ഈ രണ്ടു കേസുകള്‍ പരിഗണിച്ചാണ് ഹൈകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.ഇത് സംബന്ധിച്ച് കൊച്ചിൻ ദേവസ്വംബോര്‍ഡ് നല്‍കിയ വിശദീകരണം ഹൈകോടതി അംഗീകരിച്ചു.
മാംസ്യാഹാരമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്ന സംഭവം ഉണ്ടായിട്ടില്ലെന്നും പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കുന്നുണ്ടെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. തേക്കിൻകാട് മൈതാനം പ്ളാസ്റ്റിക് വിമുക്തമാണെന്ന് ഉറപ്പാക്കാൻ കൊച്ചിൻ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്കും മൈതാനത്ത് പരിസ്ഥിതി സുരക്ഷാ നിലവാരം പാലിക്കുന്നുണ്ടെന്ന് കോര്‍പ്പറേഷൻ സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കി.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഹോര്‍ഡിങ്ങുകളോ പരസ്യബോര്‍ഡുകളോ കൊടികളോ സ്ഥാപിക്കാൻ പാടില്ല. തേക്കിൻകാട് മൈതാനം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ പതിവായി പട്രോളിങ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.