കോട്ടയം : വൈക്കം നഗരസഭയിൽ കേടായിക്കിടക്കുന്ന സൈറൺ പുനഃസ്ഥാപിക്കുന്നതിൽ അഴിമതി ആരോപിച്ച് എൽ.ഡി.എഫ്. അംഗങ്ങൾ രംഗത്തെത്തിയതോടെ കൗൺസിലിൽ ബഹളം.
ചൊവ്വാഴ്ച ചേർന്ന കൗൺസിലിലാണ് എൽ.ഡി.എഫ്. അംഗങ്ങൾ ബഹളംവെയ്ക്കുകയും നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കുകയുംചെയ്തത്.
വൈക്കം-തവണക്കടവ് ജങ്കാർസർവീസ്, മത്സ്യഫെഡ് ജില്ലാ ഓഫീസ്, പബ്ലിക് അക്വേറിയം കെട്ടിടത്തിലേക്ക് മാറ്റൽ, സൈറൺ പ്രവർത്തിപ്പിക്കൽ, വൈക്കം നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി എന്നിങ്ങനെ പത്ത് അജൻഡകളായിരുന്നു കൗൺസിലിൽ ചർച്ചയ്ക്ക്‌വെച്ചത്.കൗൺസിൽ തുടങ്ങിയപ്പോൾ തന്നെ എൽ.ഡി.എഫ്. അംഗം ആർ.സന്തോഷ് സൈറണുമായി ബന്ധപ്പെട്ട വിഷയം സംസാരിച്ചുതുടങ്ങി. നിശ്ചിത സമയം കഴിഞ്ഞപ്പോൾ ആക്ടിങ് ചെയർമാൻ പി.ടി.സുഭാഷ് ഇടപെട്ടു.
ഇതിനെതിരേ മറ്റ് എൽ.ഡി.എഫ്. അംഗങ്ങളായ എബ്രാഹം പഴയകടവൻ, കവിതാ രാജേഷ്, ലേഖാ ശ്രീകുമാർ, എസ്. ഹരിദാസൻനായർ, അശോകൻ വെള്ളവേലിൽ, എസ്. ഇന്ദിരാദേവി, സ്വതന്ത്ര അംഗം എ.സി. മണിയമ്മ എന്നിവർ രംഗത്തെത്തി. തുടർന്ന് ബഹളമായി.
ബുധനാഴ്ച പുതിയ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ചൊവ്വാഴ്ച അടിയന്തര കൗൺസിൽ വിളിച്ചുചേർത്തത് ആക്ടിങ് ചെയർമാന്റെ അഴിമതി നിറഞ്ഞ അജൻഡകൾ പാസാക്കാനാണെന്ന് ഇവർ ആരോപിച്ചു.
ഇതോടെ യു.ഡി.എഫ്.-എൽ.ഡി.എഫ്. അംഗങ്ങൾ തമ്മിൽ ബഹളമായി. സ്വതന്ത്രഅംഗം എൻ. അയ്യപ്പൻ അജൻഡയെയും ആക്ടിങ് ചെയർമാൻ കൗൺസിൽ വിളിച്ചതിനെയും അനുകൂലിച്ച് സംസാരിച്ചു.
ബി.ജെ.പി. അംഗം ലേഖാ അശോകൻ അജൻഡകൾ ചർച്ചചെയ്ത് പാസാക്കണമെന്നും അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്നുമുള്ള പാർട്ടി നിലപാട് വ്യക്തമാക്കി.
എൽ.ഡി.എഫ്. അംഗങ്ങൾ കൗൺസിൽ ഹാളിന്റെ നടത്തളത്തിൽ ഇറങ്ങി പി.ടി.സുഭാഷിന് നേരേ മുദ്രാവാക്യം മുഴക്കി. ഇതിനെ പ്രതിരോധിച്ച് യു.ഡി.എഫ്. അംഗങ്ങളും രംഗത്തെത്തി.
തുടർന്നും ബഹളം ഉണ്ടായപ്പോൾ പി.ടി.സുഭാഷ് കൗൺസിൽ നിർത്തിവെച്ച് കക്ഷിനേതാക്കളെ ക്യാബിനിൽ വിളിപ്പിച്ച് ചർച്ച നടത്തി.
തുടർന്ന് സൈറൺ പ്രവർത്തിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഫിനാൻസ് കമ്മിറ്റി പരിഗണിച്ചതിനുശേഷം കൗൺസിൽ ചർച്ചചെയ്യാനും മത്സ്യഫെഡിന്റെ ജില്ലാ ഓഫീസ് മാറ്റുന്നത് സംബന്ധിച്ചും ജങ്കാർ സർവീസിനെക്കുറിച്ചും അടുത്ത കൗൺസിലിൽ ചർച്ചചെയ്യാനും തീരുമാനിച്ചു.
ബാക്കിയുള്ള ഏഴ് അജൻഡ കൗൺസിലിൽ ചർച്ചയ്ക്കായി പരിഗണിച്ചു. ഭരണപക്ഷവും ബി.ജെ.പി.യും ഇടത് അംഗം കെ.പി.സതീശനും അജൻഡകളെ അനുകൂലിച്ചു. ബാക്കിയുള്ള എൽ.ഡി.എഫ്. കൗൺസിലർമാർ വിട്ടുനിന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.