ഇടുക്കി : സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് ചെറുകിട കോഴിഫാം നടത്തുന്ന രോഗിയും വിധവയുമായ വീട്ടമ്മയുടെ ജീവിതം പ്രതിസന്ധിയിലാക്കി.
പഞ്ചായത്തിന് കോഴിയെ നൽകിയ ഇനത്തിലുള്ള 1,98,000 രൂപ കിട്ടാത്തതാണ് ഇലപ്പള്ളിയിലെ പാണ്ടൻകല്ലുങ്കൽ ലൈസമ്മയെയും എയ്ഞ്ചൽ കോഴിഫാമിനെയും വലച്ചത്.
ട്രഷറി നിയന്ത്രണംമൂലമാണ് പണം കിട്ടാത്തത്. കോഴിവളർത്തൽ പദ്ധതിക്കുവേണ്ടി 1000 കോഴിക്കുഞ്ഞുങ്ങളെ ഉടമ്പന്നൂർ പഞ്ചായത്തിന് നൽകിയതിനുള്ള ബിൽ ഒക്ടോബർ 15-ന് പഞ്ചായത്തിൽനിന്ന് കരിമണ്ണൂർ സബ് ട്രഷറിയിൽ നൽകിയെന്ന് മൃഗാശുപത്രി അധികൃതർ ലൈസമ്മയെ അറിയിച്ചിരുന്നു. ഇതുവരെയും പണം ലഭിച്ചില്ല.ഫാമിന്റെ നടത്തിപ്പും മരുന്നുവാങ്ങലും മുടങ്ങുന്ന നിലയിലാണ്. ലൈസമ്മ കയറിയിറങ്ങാത്ത ഓഫീസുകളില്ല.ധനവകുപ്പിൽനിന്ന് അനുമതി കിട്ടിയാലേ പണം നൽകാനാകൂവെന്നായിരുന്നു ട്രഷറി ഓഫീസറുടെ മറുപടി.
മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ ഇതേ ആവശ്യവുമായി മൂന്നുതവണ പോയി. തുടർന്ന് എം.പി.ക്കും മുഖ്യമന്ത്രി അടക്കം എല്ലാ ഉന്നതർക്കും പരാതി നൽകി.
ലൈസമ്മയ്ക്ക് ഒരുദിവസംപോലും മരുന്നുമുടക്കാനാകില്ല. ഒരു മാസത്തെ മരുന്നിന് 6000 രൂപ വേണം. ഇടയ്ക്കിടെ സ്‌കാനിങ്ങും നടത്തണം. മകനും രോഗബാധിതനാണ്. പണം കിട്ടിയില്ലെങ്കിൽ ഇതെല്ലാം മുടങ്ങും.
2008-ലാണ് ലൈസമ്മയുടെ ഭർത്താവ് മരിച്ചത്.2019-ൽ ലൈസമ്മ രോഗിയായി. തലച്ചോറിൽ കുമിളകൾ ഉണ്ടാകുന്ന അപൂർവ അസുഖമാണ്.
നാട്ടുകാരെല്ലാം ചേർന്ന് പണം സ്വരൂപിച്ചാണ് അന്ന് ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ചത്. ആകെയുള്ളത് 85 സെന്റ് സ്ഥലമാണ്. അവിടെ കാർഷികാദായമില്ല.
അതേസമയം, ഒക്ടോബർ 31 വരെയുള്ള എല്ലാ ബില്ലുകളും നൽകിയതാണെന്ന് സബ്ട്രഷറി ഓഫീസർ പറഞ്ഞു.
നവംബറിലാണ് മൃഗാശുപത്രിയിൽനിന്ന് ബിൽ കിട്ടിയതെന്നും വൈകാതെ തുക നൽകാനാകുമെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.