ചെന്നൈ: പ്രശസ്ത മലയാള ചലച്ചിത്ര സംഗീതസംവിധായകൻ കെ.ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം.
പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. മലയാളികളെ ഹരം കൊള്ളിച്ച, ഒപ്പം ചുവടു വെപ്പിച്ച നിരവധി ഗാനങ്ങളുടെ ശില്‍പിയായിരുന്നു ജോയ്. മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്.സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥന്റെ കൈ പിടിച്ചാണ് ജോയ് ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്.എം.എസ്.വി. സംഗീതസംവിധാനം നിർവഹിക്കുന്ന ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്നു തുടക്കകാലത്ത് ജോയ്. പിന്നീടാണ് സ്വതന്ത്ര സംഗീത സംവിധാനത്തിലേക്ക് മാറുന്നത്. അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ എം.എസ്. വിശ്വനാഥൻ തന്നെയാണ് ജോയിയെ സംഗീതസംവിധാനത്തിലേക്ക് വഴിതിരിച്ചുവിടുന്നത്.
1975-ൽ പുറത്തിറങ്ങിയ ലവ് ലെറ്റർ ആയിരുന്നു സംഗീതസംവിധായകനായുള്ള ആദ്യ മലയാളചിത്രം. ഗാനരചയിതാക്കളായി ഭരണിക്കാവ് ശിവകുമാറും സത്യൻ അന്തിക്കാടും. തുടർന്നങ്ങോട്ട് മലയാളത്തിലെ മുൻനിര സംഗീതസംവിധായകർക്കൊപ്പം തന്റേതായ ഇരിപ്പിടം കെ.ജെ.ജോയ് കണ്ടെത്തി.
ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു.
പാശ്ചാത്യശൈലിയിൽ ജോയ് ഒരുക്കിയ മെലഡികൾ സംഗീതപ്രേമികൾ ഇന്നും നെഞ്ചേറ്റുന്നവയാണ്. അനുപല്ലവിയിലെ എൻസ്വരം പൂവിടും ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃഗത്തിലെ കസ്തൂരിമാൻ മിഴി,
സർപ്പത്തിലെ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയവ ഒരുതലമുറയെ ഒന്നടങ്കം ആവേശത്തിലാക്കിയ ഗാനങ്ങളായിരുന്നു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.