മംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല ലക്ഷദ്വീപ് സന്ദർശനത്തിനും മാലിദ്വീപ് മന്ത്രിയിൽ നിന്നുണ്ടായ അധിക്ഷേപകരമായ പരാമർശത്തിനുമിടയിൽ മംഗ്ളുറു-ലക്ഷദ്വീപ് പാസൻജർ കപ്പൽ സർവീസ് പുനരാരംഭിക്കാനുള്ള സാധ്യതകൾ സജീവമായി.
മംഗ്ളൂറിനും ലക്ഷദ്വീപിനുമിടയിൽ ക്രൂയിസ് സർവീസ് പുനഃസ്ഥാപിക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണമെന്ന് ദക്ഷിണ കന്നഡ എം പി നളിൻ കുമാർ കട്ടീൽ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.ഇതിനുപിന്നാലെ ലക്ഷദ്വീപിലേക്കുള്ള ടൂറിസ്റ്റ് കപ്പൽ സർവീസ് പുന:സ്ഥാപിക്കുന്നത് ചർച്ച ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം യോഗം വിളിച്ച് കൂട്ടുകയും ചെയ്തു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിർത്തലാക്കപ്പെട്ട ഫെറി സർവീസ്, നിലവിലുള്ള നയതന്ത്ര സാഹചര്യങ്ങൾക്കിടയിൽ സാധ്യതയുള്ള ബദൽ എന്ന നിലയിൽ ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്.
നിലവിൽ, ലക്ഷദ്വീപിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ പ്രധാനമായും കേരളത്തിലെ കൊച്ചിയിൽ നിന്നുള്ള ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്,
കപ്പലിലോ വിമാനത്തിലോ ആണ് യാത്ര ചെയ്യാനാവുക. എന്നിരുന്നാലും, ലക്ഷദ്വീപ് ഭൂമിശാസ്ത്രപരമായി കൊച്ചിയേക്കാൾ മംഗ്ളൂറിനോടാണ് അടുത്ത്. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ദൂരം 391 കിലോമീറ്റർ ആണെങ്കിൽ മംഗ്ളൂറിൽ നിന്നുള്ള ദൂരം അതിനേക്കാൾ കുറവാണ് (356 കിലോമീറ്റർ).
നിർമാണ സാമഗ്രികൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യ സാധനങ്ങൾ ചരിത്രപ്രസിദ്ധമായ പഴയ മംഗ്ളുറു തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് ഇതിനകം തന്നെ കയറ്റി അയച്ചിട്ടുണ്ടെന്നും പലരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷങ്ങളിൽ, ഒരു ക്രൂയിസ് കപ്പൽ മംഗ്ളുറു-ലക്ഷദ്വീപ് റൂടിൽ സർവീസ് നടത്തിയിരുന്നു.
250 മുതൽ 300 രൂപയെന്ന മിതമായ നിരക്കായിരുന്നു ടികറ്റിന്. കൂടാതെ, പ്രത്യേക ടൂർ പാകേജും ലഭ്യമായിരുന്നു. എന്നാൽ ഈ സേവനം പിന്നാലെ പ്രവർത്തനരഹിതമായി. ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാൻ സോഷ്യൽ മീഡിയയിൽ നെറ്റിസൺസ് പ്രകടിപ്പിക്കുന്ന താൽപ്പര്യം എടുത്തുകാണിച്ചുകൊണ്ടാണ് നളിൻ കുമാർ കട്ടീൽ എംപി വിഷയം ഡെപ്യൂടി കമീഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ, ലക്ഷദ്വീപിലേക്കും ആൻഡമാൻ ദ്വീപുകളിലേക്കും കൂടുതൽ താങ്ങാനാവുന്ന യാത്രാ മാർഗങ്ങൾ ഒരുക്കുന്നത് പ്രയോജനകരമാകുമെന്ന് ട്രാവൽ ഏജൻസികൾ നിർദേശിക്കുന്നു. പരമ്പരാഗതമായി, നവദമ്പതികൾ അടക്കം വിനോദ യാത്രയ്ക്കായി മാലിദ്വീപ് തിരഞ്ഞെടുക്കുന്നു, കൂടാതെ മാലിദ്വീപ് റൊമാന്റിക് ഹണിമൂൺ ഡെസ്റ്റിനേഷനായും അറിയപ്പെടുന്നു.എന്നിരുന്നാലും, മാലിദ്വീപിലെ ഒന്ന് മുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള ഹോടെൽ നിരക്കുകളും അടിസ്ഥാന സൗകര്യങ്ങൾക്കുള്ള കുത്തനെയുള്ള ചിലവുകളും അടക്കം ലക്ഷദ്വീപിനെ ഒരു പ്രായോഗിക ബദലായി പരിഗണിക്കുന്നതിലേക്ക് നയിച്ചു. യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ഏഴര വർഷം മുമ്പ് ആസൂത്രണം ചെയ്ത പദ്ധതി വീണ്ടും സജീവ ചർച്ചയായിട്ടുണ്ട്.
ലക്ഷദ്വീപിനായി 65 കോടി രൂപ ചിലവിൽ പ്രത്യേക ജെട്ടി, മംഗ്ളുറു പഴയ തുറമുഖത്ത് 300 മീറ്റർ നീളമുള്ള ജെട്ടി, വെയർഹൗസ്, യാത്രക്കാർക്കായി സുസജ്ജമായ വിശ്രമകേന്ദ്രം എന്നിവ നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കൊച്ചിയെ അപേക്ഷിച്ച് മംഗ്ളൂറിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ദൂരം കുറവായതിനാൽ പദ്ധതി ഉടൻ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഡെപ്യൂടി കമീഷണർ (ജില്ലാകലക്ടർ) മുല്ലൈമുഗിലൻ ഊന്നിപ്പറഞ്ഞു.
പദ്ധതികൾ യാഥാർഥ്യമായാൽ കാസർകോട്ട് നിന്നടക്കമുള്ള വിനോദസഞ്ചാരികൾക്ക് ലക്ഷ്വദീപിലേക്കുള്ള യാത്ര എളുപ്പമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.