ദോഹ : ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) കയറ്റുമതിക്കാരായ ഖത്തര്‍, ഇന്ത്യയുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നു.
ഇന്ത്യന്‍ കമ്പനികള്‍ക്ക് എല്‍എന്‍ജി നല്‍കുന്നതിനുള്ള ദീര്‍ഘകാല കരാറില്‍ ഒപ്പുവെക്കുമെന്ന് റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പ്രകൃതി വാതക ആവശ്യം നിറവേറ്റാനും ഇന്ത്യയുടെ ഊര്‍ജ വിപണിയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ കരാര്‍ ഉപകരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയിലെ പ്രമുഖ പ്രകൃതിവാതക ഇറക്കുമതിക്കാരായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും ഖത്തര്‍ എനര്‍ജിയും തമ്മിലുള്ള കരാര്‍ ചര്‍ച്ചകളുടെ അവസാന ഘട്ടത്തിലാണ്. ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രതിവര്‍ഷം 8.5 ദശലക്ഷം മെട്രിക് ടണ്‍ എല്‍എന്‍ജി വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാര്‍ 2028ല്‍ അവസാനിക്കും.
കാലഹരണപ്പെടുന്ന കരാറിന് പകരം കുറഞ്ഞ വിലയും മെച്ചപ്പെട്ടതും വഴക്കമുള്ളതുമായ നിബന്ധനകളും ഉള്‍പ്പെടുത്തിയുള്ള പുതിയ കരാര്‍ ആണ് വരുന്നത്. ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ കരാറിന് അന്തിമരൂപമാവും.
ചുരുങ്ങിയത് 2050 വരെയെങ്കിലും കാലാവധിയുള്ളതായിരിക്കും പുതിയ കരാര്‍. കുറഞ്ഞ വിലയും ചരക്ക് നീക്കം കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ വ്യവസ്ഥകളും കരാറിന്റെ പ്രത്യേകതയായിരിക്കും.
2030 ഓടെ രാജ്യത്തിന്റെ ഊര്‍ജ ആവശ്യം പ്രകൃതി വാതകത്തില്‍ നിന്ന് നിറവേറ്റുന്നത് 6.3 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്താനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തിന് അനുസൃതമായാണ് പുതിയ കരാര്‍ രൂപപ്പെടുന്നത്.
ചെങ്കടല്‍ വഴിയുള്ള എണ്ണ, ഗ്യാസ് കയറ്റുമതി ഒരാഴ്ചയിലധികമായി ഖത്തര്‍ എനര്‍ജി നിര്‍ത്തിവച്ചിരിക്കുകയാണ്. വാണിജ്യ കപ്പലുകള്‍ക്കു നേരെയുള്ള ഹൂത്തി ആക്രമണങ്ങളുടെയും ഹൂത്തികള്‍ക്കെതിരായ അമേരിക്കന്‍, ബ്രിട്ടീഷ് സൈനിക നടപടികളുടെയും പശ്ചാത്തലത്തിലാണിത്.
സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ ഗുഡ്ഹോപ്പ് മുനമ്പ് വഴി ഇവ കൊണ്ടുപോകാനാണ് തീരുമാനമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
ഈ മാസം തുടക്കത്തില്‍ നാലു ഗ്യാസ് ടാങ്കറുകള്‍ ചെങ്കടലിലൂടെ കടന്നുപോകുന്നത് ഖത്തര്‍ എനര്‍ജി വേണ്ടെന്ന് വച്ചിരുന്നു. ഖത്തറിലെ റാസ് ലഫാനില്‍ നിന്ന് ഗ്യാസ് കയറ്റിയ അല്‍ഗാരിയ, അല്‍ഹുവൈല, അല്‍നുഅ്മാന്‍ എന്നീ ടാങ്കറുകള്‍ സൂയസ് കനാലിലേക്ക് നീങ്ങേണ്ടതായിരുന്നു.എന്നാല്‍ ഇവ ജനുവരി 14 ന് ഒമാന്‍ തീരത്ത് നിര്‍ത്തിയിട്ടു. അല്‍റുകയാത്ത് ഗ്യാസ് ടാങ്കര്‍ ജനുവരി 13ന് ചെങ്കടലിലും നിര്‍ത്തിയിട്ടു.
ഖത്തറില്‍ നിന്നുള്ള ദ്രവീകൃത പ്രകൃതി വാതകം വഹിച്ച അഞ്ചില്‍ കുറയാത്ത ടാങ്കറുകള്‍ ചെങ്കടലിന്റെ തെക്കേയറ്റത്തെ സമുദ്ര പാത ലക്ഷ്യമാക്കി നീക്കം തുടങ്ങിയിരുന്നെങ്കിലും ഇവ ചെങ്കടലിലൂടെ കടന്നുപോകുന്നത് നിര്‍ത്തിവെച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.