കോട്ടയം :സ്വകാര്യ ആശുപത്രിയിലെ ഭീമമായ ചികിത്സച്ചെലവ് താങ്ങാനാവാതെയാണ് പത്തനംതിട്ട സ്വദേശിയും കൂലിവേലക്കാരനുമായ അൻപത്തഞ്ചുകാരൻ 2 മാസം മുൻപ് കോട്ടയം മെഡിക്കൽ കോളജിലെത്തിയത്.
ഹൃദയസംബന്ധമായ അസുഖമായിരുന്നു. അടിയന്തര ശസ്ത്രക്രിയ വേണം. ആരോഗ്യസുരക്ഷാ പദ്ധതികളെ വിശ്വസിച്ചാണ് ഇദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.എന്നാൽ ഇവിടെ എത്തിയപ്പോഴാണ് പദ്ധതി പ്രകാരം ഫണ്ട് ഇല്ലെന്നും കയ്യിൽ നിന്നു പണം മുടക്കിയാൽ മാത്രമേ ശസ്ത്രക്രിയ നടക്കുകയുള്ളുവെന്നും അറിയുന്നത്. ഒന്നര ലക്ഷത്തോളം രൂപ ചെലവു വരും.
സ്വന്തമായി പണം മുടക്കുന്നവർക്ക് സുരക്ഷാപദ്ധതി പ്രകാരം ഫണ്ട് ലഭിക്കുമ്പോൾ തിരികെ നൽകുമെന്നും എന്നാൽ എപ്പോൾ ഈ തുക ലഭിക്കുമെന്ന് പറയാനാവില്ലെന്നുമാണ് അധികൃതർ പറഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിനു ഭീമമായ തുക താങ്ങാൻ കഴിയുമായിരുന്നില്ല.
തുടർന്ന് പേര് റജിസ്റ്റർ ചെയ്ത് കാത്തിരിക്കാനും ഫണ്ട് വരുന്ന മുറയ്ക്ക് അറിയിക്കാമെന്നും അധികൃതർ അറിയിച്ചു. ആഴ്ചകൾ ഓരോന്നു കഴിയുമ്പോഴും ആശുപത്രിയിലെത്തി അന്വേഷിക്കും. ഊഴമെത്തിയില്ല എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സ്വന്തമായി പണം മുടക്കുന്നവരുടെ ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നും പണമില്ലാത്ത തന്നെപ്പോലെയുള്ള നൂറുകണക്കിനു രോഗികൾ സർക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
പിരിവെടുത്ത് മരുന്ന് വാങ്ങി നൽകി ശസ്ത്രക്രിയ നടത്തി ജോലിക്കിടയിലാണ് കോട്ടയം സ്വദേശിയായ അൻപതുകാരന് പെട്ടെന്നു നെഞ്ചുവേദന വന്നത്.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. വിശദ പരിശോധനയിൽ അറ്റാക്കിന്റെ ലക്ഷണമെന്ന് കണ്ടെത്തി. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നും അവർ പറഞ്ഞു. കൂലിവേലക്കാരനാണ്. വിദ്യാർഥികളായ 2 മക്കളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം.
ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉണ്ടെന്ന ധൈര്യത്തിലാണ് ഇവർ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. മെഡിക്കൽ കോളജ് അധികൃതരും അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു. ഇൻഷുറൻസ് കാർഡ് വഴിയുള്ള സഹായം ലഭ്യമല്ലെന്ന് അറിഞ്ഞതോടെ കുടുംബം തളർന്നു.
സാധനങ്ങൾ വാങ്ങി നൽകിയാൽ ശസ്ത്രക്രിയ നടത്താമെന്നാണ് അധികൃതർ പറഞ്ഞത്. 1,30,000 രൂപയോളം ചെലവ് വരും. നിർധന കുടുംബത്തിന് അതു ചിന്തിക്കാൻ പോലും കഴിയാത്ത തുകയായിരുന്നു. കുടുംബത്തിലെ ഏക അത്താണിയാണ് ആശുപത്രിയിൽ കിടക്കുന്നത്.
പല സ്ഥലങ്ങളിൽ നിന്നു കടം വാങ്ങിയതും നാട്ടുകാർ പിരിവെടുത്ത് നൽകിയതുമെല്ലാം കൂട്ടിയാണ് ഉപകരണങ്ങളും മരുന്നും വാങ്ങി ശസ്ത്രക്രിയ നടത്തിയത്. ഒരു മാസത്തോളം വിശ്രമവും തുടർപരിശോധനയും വേണ്ടി വരും. ഇതു കൂടി കഴിയുമ്പോൾ കുടുംബം കടക്കെണിയിലാകും.
മുടക്കിയ പണം ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള ഫണ്ട് വന്നാൽ തിരികെ നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എന്നു കിട്ടുമെന്ന് അറിയില്ലെന്നും കോട്ടയം സ്വദേശിയായ രോഗിയുടെ ഭാര്യ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.