കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് ഉള്‍പ്പെടെയുള്ള ബിസിനസുകളുടെ മറവില്‍ 1630 കോടി രൂപയുടെ തട്ടിപ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പും നടത്തിയ തൃശ്ശൂര്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയില്‍ ഇ.ഡി. റെയ്ഡ്.
അറസ്റ്റ് ഭയന്ന് ഉദ്യോഗസ്ഥരെത്തുംമുന്നേ സ്ഥാപനത്തിന്റെ എം.ഡി. പ്രതാപന് ദാസനും സി.ഇ.ഒ.യും ഭാര്യയുമായ ശ്രീനയും കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താന്‍ നിര്‍ദേശം നല്കാന് പോലീസിനോട് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടുവീടുകള്‍, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് രാത്രിവൈകിയും തുടരുന്നത്.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന് ഒ.ടി.ടി. പ്ലാറ്റ് ഫോം, ക്രിപ്റ്റോ കറന്‍സി ഇടപാടിനായി എച്ച്.ആര്.സി. ക്രിപ്റ്റോ, പൊള്ളാച്ചിയില്‍ അനശ്വര ട്രേഡേഴ്സ്, നിധി ലിമിറ്റഡ്, തൃശ്ശൂര്‍ കോടാലിയില്‍ ഫാം സിറ്റി എന്നീ സ്ഥാപനങ്ങളും ഇവര്‍ക്കുണ്ട്. ഇവയുടെ പേരിലും വ്യാപകമായ തട്ടിപ്പാണ് ഹൈറിച്ച് നടത്തിയിരിക്കുന്നത്.1630 കോടി രൂപയുടെ തട്ടിപ്പാണെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാന ജി.എസ്.ടി. വിഭാഗം, ഹൈറിച്ച് ഉടമകള്‍ 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് നേരത്തേത്തന്നെ റിപ്പോര്‍ട്ടുനല്‍കിയിരുന്നു.
പലചരക്ക് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തില്‍ 78 ശാഖകളും ഉണ്ട്.
ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐ.ഡി.കള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ അമ്പതോളം ഐ.ഡി.കള്‍ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്.പ്രതാപന് ദാസനും ശ്രീനയ്ക്കും 90 വിദേശരാജ്യങ്ങളില്‍ ക്രിപ്റ്റോ കറന്‍സി ബിസിനസുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനൊപ്പം വിദേശനാണ്യ വിനിമയ ചട്ടലംഘനവും (ഫെമ) ഈ കേസില്‍ ഇ.ഡി. ചുമത്താന്‍ സാധ്യതയുണ്ട്.
റെയ്ഡിനൊപ്പം അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ഉടമകളായ പ്രതാപന് ദാസനും ശ്രീനയും ഡ്രൈവറെക്കൂട്ടി കടന്നത്. ഇ.ഡി. സംഘം ഓഫീസിലെത്തിയ ഉടന്‍ ഇവര്‍ക്ക് വിവരം ലഭിച്ചു. വീട്ടിലേക്ക് സംഘം എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു രക്ഷപ്പെടല്‍.
ഇവരുടെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍രേഖകള്‍ കണ്ടെത്താനാണ് റെയ്ഡ് തുടരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.