കോട്ടയം : പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ക്രിസ്തുമസ് ദിനത്തിൽ ബിഷപ്പുമാർ ഉൾപ്പെടെയുള്ള ക്രൈസ്തവ സഹോദരൻമാരോടൊപ്പം സ്വവസതിയിൽ വിരുന്നിൽ പങ്കെടുക്കുകയും യേശു ദേവന്റെ ജീവിതവും ദർശനവും എങ്ങനെ മാനവികതയ്ക്കും,-
സ്നേഹത്തിനും, കരുതലിനും ദൃഷ്ടാന്തവും ഇന്ത്യൻ സാമൂഹിക അന്തരീക്ഷത്തിൽ അവ വരുത്തിയ പരിവർത്തനങ്ങൾക്കുമെല്ലാം നന്ദി സൂചകമായ സന്ദേശം നൽകുകയും ചെയ്തതിനെ ഇകഴ്ത്തിയ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി.
പിണറായി വിജയൻ പണ്ട് താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ച് അപമാനിച്ച സംഭവം തൊട്ട് സജി ചെറിയാന്റെ ഇന്നലത്തെ പരാമർശം വരെ സി.പിഎം ന്റെ ക്രിസ്ത്യൻ വിരുദ്ധതയെ ആണ് എടുത്തു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തങ്ങളുടെ ചൊൽപ്പടിയ്ക്ക് നിൽക്കാത്ത വിഭാഗങ്ങളെ എല്ലാ കാലവും കമ്മ്യൂണിസ്റ്റ് പാർട്ടി അസഹിഷ്ണുതയോടെ മാത്രമേ കണ്ടിട്ടുള്ളു.
രൂപതകളെയെല്ലാം രൂപതാ .. രൂപതാ ... എന്ന് വിശേഷിപ്പിച്ച എം. എ ബേബിയും വിശ്വാസം ഉഴചേർത്ത ആഹാരമായ കേക്കിന്റെ കഷ്ണവും, വീഞ്ഞും പ്രധാനമന്ത്രിയിൽ നിന്നും ലഭിച്ചപ്പോൾ രോമാഞ്ചമുണ്ടായി എന്നും പറഞ്ഞ് അധിക്ഷേപിച്ച സജി ചെറിയാനും കമ്മ്യൂണിസ്റ്റ് കാപട്യത്തിന്റെ യഥാർത്ഥ മുഖങ്ങളാണ്.
ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന സാമൂഹിക സാംസ്കാരിക പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിക്കുന്നതിന് പകരം ഭീതിയും പരിഹാസവും നിറച്ച് അവരെ പാർശ്വവൽക്കരിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് മറ പിടിക്കാൻ മണിപ്പൂരിലുണ്ടായ ഗോത്ര വർഗ്ഗ കലാപത്തെ ക്രിസ്ത്യൻ സംഘപരിവാർ കലാപമായി ചിത്രീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ വേണ്ടി കൂടിയാണ് ഇത്തരം അധിക്ഷേപം നടത്തുന്നതെന്നും എൻ ഹരി പറഞ്ഞു.
മണിപ്പൂർ കലാപം കേരളത്തിലെ കലത്തിൽ വേവുന്ന പരിപ്പല്ല എന്ന ഉത്തമബോധ്യം ഇവറ്റകൾക്കുണ്ടായപ്പോൾ മുതൽ ക്രൈസ്തവരെ ദേശീയ ധാരയിൽ നിന്നും അകറ്റാനുള്ള നീചശ്രമം ആരംഭിച്ചു. കേരളത്തിലെ ക്രൈസ്തവ സമുഹം ഈ ശ്രമം തിരിച്ചറിഞ്ഞ് തള്ളി കളഞ്ഞപ്പോൾ മുതൽ ഇവർ ഭയപ്പാടിലാണ്.
കേരളത്തിൽ മതേതരത്വം ഇപ്പോൾ ഒരു വിഭാഗത്തെ മാത്രം രക്ഷിക്കാനും തൃപ്തിപ്പെടുത്താനും ഉപയോഗിക്കുന്ന ഒരു ആയുധമാണ് എന്നത് ഒരു പൊതു ബോധ്യമായിട്ടുണ്ട്. ഇതിന് ചുക്കാൻ പിടിക്കുന്നത് സി.പി. എം ആണ് എന്നത് പകൽ പോലെ വ്യക്തവുമാണ്.
ഇന്നാട്ടിൽ ഭാവാത്മകമായ ഒരു മതേതരത്വം പുലരണം എന്ന നിലയിൽ ക്രൈസ്തവ സഭകൾ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇതിനോടുള്ള യുദ്ധ പ്രഖ്യാപനമാണ് സഭ ബി.ജെ.പി പാളയത്തിലേയ്ക്ക് പോകുന്നു എന്ന് പറഞ്ഞു നുണ പ്രചരിപ്പിക്കുന്ന ഗീബൽസ്യൻ തന്ത്രം ഇപ്പോൾ ഇവർ പയറ്റുന്നത്.
ഈ തന്ത്രം കേരളത്തിൽ വിലപ്പോവില്ല എന്നു മാത്രമല്ല കനൽ ഒരു തരി അനതിവിദൂര ഭാവിയിൽ അറബിക്കടലിൽ എത്തിക്കാൻ കേരളത്തിലെ ജനസഞ്ചയങ്ങൾ ശ്രമിക്കും എന്നതും കമ്മ്യൂണിസ്റ്റുകൾ ഓർത്തു വച്ചോളു എന്നും എൻ ഹരി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.