കൊല്ലം: കൊല്ലംനിലമേലില് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ നാടകീയരംഗങ്ങള്‍.
വാഹത്തില്‍ നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന് ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിക്കുകയാണ് ഗവര്‍ണര്‍.
സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേയാണ് നിലമേല്‍വെച്ച് എസ്.എഫ്.ഐക്കാര്‍ കരിങ്കൊടികളുമായി ഗവര്‍ണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്കുനേരെ കയര്‍ക്കുകയായിരുന്നു.
'പോലീസാണ് പ്രതിഷേധക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നത്. അവര്‍ക്കെതിരെ കേസെടുക്കുംവരെ ഞാന്‍ ഇവിടെ നിന്നും പോകില്ല. പോലീസ് തന്നെ നിയമം ലംഘിക്കുകയാണെങ്കില്‍ പിന്നെ ആരാണ് നിയമം സംരക്ഷിക്കുക,' - ഗവര്‍ണര്‍ കൊല്ലം റൂറല്‍ എസ്.പിയോട് തട്ടിക്കയറി.അനുനയിപ്പിക്കാനെത്തിയ പേഴ്സണല്‍ സ്റ്റാഫിനോടും ഗവര്‍ണര്‍ ചൂടായി. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വിളിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി.
പ്രാദേശിക നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ട് അനുനയശ്രമം നടത്തുന്നുണ്ടെങ്കിലും ഗവര്‍ണര്‍ അവിടെ നിന്നും മാറാന്‍ കൂട്ടാക്കുന്നില്ല. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് വീഴ്ച സംഭവിക്കുന്നുവെന്നും പോലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്.
അതേസമയം, പ്രതിഷേധക്കാരെ മുഴുവന്‍ പോലീസുകാര്‍ സംഭവസ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്. നേരത്തെയും കരിങ്കൊടി പ്രതിഷേധങ്ങളെ തുടര്‍ന്ന് ഗവര്‍ണര്‍ നാടകീയ നീക്കങ്ങള്‍ നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.