യുകെ :ഇന്ത്യന്‍ വംശജരായ രണ്ടുപേരെ മയക്കുമരുന്ന് കടത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തി യുകെയിലെ കോടതി.
57 മില്യന്‍ പൗണ്ട് വിലവരുന്ന 512 കിലോഗ്രാം കൊക്കെയ്ന്‍ ആയിരുന്നു ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
2021- മെയ് മാസത്തില്‍ യുകെയില്‍ നിന്നും ആസ്ട്രേലിയയിലേക്ക് പറന്ന വിമാനത്തിലായിരുന്നു ഇവര്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്. ഇന്ത്യ, വിട്ടുകിട്ടാന്‍ ആവശ്യപ്പെടുന്ന കുറ്റവാളികളാണ് ഇരുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മെറ്റല്‍ ടൂള്‍ ബോക്സുകള്‍ എന്ന വ്യാജേന, ഇവരുടെ കമ്പനിയുടെ പേരില്‍ ആസ്ട്രേലിയയിലേക്ക് അയച്ചതായിരുന്നു കൊക്കെയ്ന്‍ എന്ന് ബ്രിട്ടീഷ് നാഷണല്‍ ക്രൈം ഏജന്‍സി അറിയിച്ചു.
ഈലിംഗിലെ ഹാന്‍വെല്‍ നിവാസികളായ 59 കാരി ആരതി ധീര്‍, 35 കാരനായ കവല്‍ജിത്ത് സിംഗ് റയ്ജാഡ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്ന് കടത്തിന്റെ 12 കൗണ്ടുകളും കുഴല്‍പ്പണം വെളുപ്പിക്കലിന്റെ 18 കൗണ്ടുകളുമാണ് ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്.സൗത്ത്വാക്ക് ക്രൗണ്‍ കോടതിയിലായിരുന്നു വിചാരണ. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് ഇതേ കോടതി തന്നെ വിധിക്കും. ആസ്ട്രേലിയന്‍ അതിര്‍ത്തി സേനയായിരുന്നു വിമാനത്താവളത്തില്‍ മെറ്റല്‍ ടൂള്‍ ബോക്സെന്ന വ്യാജേന കടത്തിയ കൊക്കെയ്ന്‍ പിടികൂടിയത്.
അവിടെ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് പോലീസ് ധീറിലേക്കും റായ്ജാഡയിലേക്കും എത്തുകയായിരുന്നു.മയക്കു മരുന്ന് കടത്തുന്നതിനായി മാത്രം, വീഫ്ളൈ ഫ്രൈറ്റ് സര്‍വ്വീസസ് എന്നൊരു കമ്പനി രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
2015- ല്‍ ആയിരുന്നു കമ്പനി രൂപീകരിച്ചത്. വ്യത്യസ്ത കാലയളവുകളില്‍ ഇരുവരും കമ്പനിയുടെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കെയ്ന്‍ കടത്തിയ മെറ്റാലിക് ടൂള്‍ ബോക്സുകളില്‍ ചുറ്റിയിരുന്ന പ്ലാസ്റ്റിക് റാപ്പിംഗുകളില് റായ്ജഡയുടെ വിരലടയാളങ്ങള്‍ ലഭിച്ചിരുന്നു. 2855 ടൂള്‍ ബോക്സുകള്‍ക്കുള്ള ഓര്‍ഡറും ഇവരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
നാഷണല്‍ ക്രൈം ഏജന്‍സി പറയുന്നത്, 2019 ജൂണ്‍ മുതല്‍ ഇതുവരെ ആസ്ട്രേലിയയിലേക്ക് ഇവര്‍ 37 കണ്സൈന്മെന്റുകള് അയച്ചിട്ടുണ്ട് എന്നാണ്.അതില്‍ 22 എണ്ണം ഡമ്മിയായിരുന്നു. 15 എണ്ണത്തില്‍ കൊക്കെയ്ന്‍ നിറച്ചിരുന്നു. ഇരുവരും നേരത്തെ ഹീത്രൂ വിമാനത്താവളത്തില്‍ ഒരു ഫ്രൈറ്റ് സര്‍വ്വീസ് കമ്പനിയില്‍ ജീവനക്കാരായിരുന്നു. അവിടെനിന്നാണ് ഇവര്‍ എയര്‍പോര്‍ട്ട് ഫ്രൈറ്റിന്റെ വിശദാംശങ്ങള്‍ പഠിച്ചത് എന്നും എന്‍ സി എ പറയുന്നു.
2003 മാര്‍ച്ച് മുതല്‍ 2016 ഒക്ടോബര്‍ വരെയായിരുന്നു ധീര്‍ ഈ കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. ഇതേ കമ്പനിയില്‍ 2014 മാര്‍ച്ച് മുതല്‍ 2016 വരെയായിരുന്നു റായ്ജഡ ജോലി ചെയ്തത്. 2021 ജൂണിലായിരുന്നു ഇവര്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്.
അന്ന് 5000 പൗണ്ട് വിലയുള്ള സ്വര്‍ണ്ണം പൂശിയ വെള്ളി ബാറുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അതുകൂടാതെ 13,000 പൗണ്ട് ഇവരുടെ വീട്ടില്‍ നിന്നും 60,000 പൗണ്ട് ഒരു സേഫ്റ്റി ഡെപോസിറ്റ് ബോക്സില്‍ നിന്നും കണ്ടെടുത്തിരുന്നു.
2023-ല്‍ ഇവര്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സ്യുട്ട്കേസുകളിലും മറ്റും ഒളിപ്പിച്ച നിലയില്‍ 3 മില്യന്‍ പൗണ്ടിന്റെ കണക്കില്‍ പെടാത്ത പണമായിരുന്നു ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
റായ്ജഡ തന്റെ അമ്മയുടെ പേരില്‍ വാടകക്ക് എടുത്തിരുന്നഹാന്വെല്ലിലെ ഒരു സ്റ്റോറേജ് ഫെസിലിറ്റിയില്‍ നിന്നായിരുന്നു ഇത് കണ്ടെടുത്തത്. അതിനിടയില്‍ ഏതാണ്ട് 7,40,000 പൗണ്ടുകള്‍ ക്യാഷ് ആയി ഇവര്‍ 22 വ്യത്യസ്ത ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു.
നേരത്തെ, ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി തങ്ങള്‍ ദത്തെടുത്ത 11 കാരനായ ആണ്‍കുട്ടിയെ കൊലപാതകം ആസൂത്രണം ചെയ്ത കേസില്‍ 2017-ല്‍ ഇവര്‍ കുറ്റാരോപിതരായിരുന്നു.
2015- ല്‍ ബ്രിട്ടനില്‍ നിന്നും ഗുജറാത്തില്‍ എത്തിയായിരുന്നു ഇവര്‍ ഗോപാല്‍ എന്ന 11 കാരനെ ദത്തെടുത്തത്. യു കെയില്‍ മികച്ച ജീവിതം വാഗ്ദാനം ചെയ്തായിരുന്നു ദത്തെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.