നെടുങ്കണ്ടം : യുവാവിന്റെ ദുരൂഹ മരണം കൊലപാതകമാണെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ആരോപിച്ച് മാതാവും ബന്ധുക്കളും രംഗത്ത്.
കഴിഞ്ഞ ഓഗസ്റ്റ്12 ന് മാരകമായി പരുക്കേറ്റ് മധുര മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച ആനക്കല്ല് തേവാരംമെട്ട് കണ്ടത്തിൽകരയിൽ ഡൈജോ(27)യുടെ മരണം സംബന്ധിച്ചാണ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.ഡൈജോയുടെ മരണത്തിന് പിന്നിൽ ഭാര്യയും സുഹൃത്തുമാണെന്ന് സംശയിക്കുന്നതായി ഇവർ ആരോപിച്ചു. 12ന് ഉച്ചയോടെ ഡൈജോ വായിലൂടെയും മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വാർന്ന് കിടക്കുകയാണെന്ന് അറിഞ്ഞാണ് അമ്മ സെലിൻ എത്തിയത്.
ഇവർ ചെല്ലുമ്പോൾ രക്തം വാർന്നൊലിച്ച് വലതുകണ്ണ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. ആരാണ് തന്റെ തലയ്ക്കിട്ട് തല്ലിയതെന്നും കണ്ണ് അടിച്ചു പൊട്ടിച്ചതെന്നും ഇയാൾ അമ്മയോടു ചോദിച്ചിരുന്നു. കഴുത്തിലും ദേഹമാസകലവും പാടുകളും ഉണ്ടായിരുന്നു.
ഡൈജോയുടെ ഭാര്യ പറഞ്ഞത് ഇയാൾ ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതുകണ്ട് അറുത്തിട്ടപ്പോൾ സംഭവിച്ച പരിക്കുകളാണ് ഇവയെന്നാണ്. തുടർന്ന് ഡൈജോയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളേജിലും അവിടെനിന്ന് മധുര മെഡിക്കൽ കോളേജിലും എത്തിച്ചു ശസ്ത്രക്രിയ നടത്തിയെങ്കിലും 14 ന് മരണം സംഭവിച്ചു.
തലയ്ക്ക് ഏറ്റ ക്ഷതത്തെത്തുടർന്ന് തലച്ചോർ ഇളകുകയും രക്തം കട്ടപിടിക്കുകയും ചെയ്തതായി മധുരയിലെ ഡോക്ടർമാർ പറഞ്ഞിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് ഗുരുതരമായി കിടക്കുമ്പോഴും മരണം സംഭവിച്ചശേഷവും യാതൊരു ഭാവവ്യത്യാസവും ഡൈജുവിന്റെ ഭാര്യയ്ക്ക് ഇല്ലായിരുന്നുവെന്നും ഇവരുടെ പെരുമാറ്റത്തിൽ സംശയം ഉള്ളതായും ബന്ധുക്കൾ പറഞ്ഞു.
കൊലപാതകമാണെന്ന് സംശയിക്കത്തക്ക വിധം പല തെളിവുകളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ഇവയൊന്നും പൊലീസ് പരിശോധിച്ചിരുന്നില്ല. ഡൈജോ ആശുപത്രിയിൽ കിടന്നപ്പോൾ വീട്ടിലെ ചോരക്കറകൾ ആരോ ഉപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തു.
ഡൈജോയുടെ ഭാര്യയ്ക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ളതായി കരുതുന്നതായും ഇവരുടെ സഹായത്തോടെ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു എന്ന് സംശയമുള്ളതായി ബന്ധുക്കൾ പറഞ്ഞു.
പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ കഴിഞ്ഞദിവസം നെടുങ്കണ്ടത്ത് നടന്ന നവകേരള സദസ്സിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണത്തിനായി സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും നെടുങ്കണ്ടം പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലാത്തതിനാൽ തങ്ങൾ എസ്പിക്ക് പരാതി നൽകുമെന്നും ഡൈജോയുടെ മാതാവ് സെലിനും സഹോദരി ടെസിയും മറ്റ് ബന്ധുക്കളും പറഞ്ഞു.
അതേസമയം കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.