ഇടുക്കി : ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് മുഖേന നടപ്പാക്കുന്ന ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരം.
ചികിത്സാ ചെലവു താങ്ങാനാവാതെ പശുക്കളെ വില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ രൂപകല്പന ചെയ്ത പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അംഗമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താനാവും.മൊബൈലില്‍ ലഭിക്കുന്ന ലിങ്ക് വഴി ക്ഷീര കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ പദ്ധതിയില്‍ ചേരാനാവും. ക്ഷീര കര്‍ഷകര്‍ക്കായുള്ള ഈ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിയുടെ കാലാവധി 2023 ഡിസംബര്‍ 18 മുതല്‍ 2024 ഡിസംബര്‍ 17 വരെയാണ്.
പദ്ധതിയില്‍ 80 വയസ്സ് വരെയുള്ള ക്ഷീരകര്‍ഷകനും അവരുടെ ജീവിത പങ്കാളിക്കും ആശ്രിതരായ 25 വയസ്സു വരെയുള്ള 4 കുട്ടികള്‍ക്കും അംഗമാകാം.
അംഗമാകുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷാ പോളിസിയും 7 ലക്ഷം രൂപയുടെ അപകട സുരക്ഷാ ഇന്‍ഷുറന്‍സ് കവറേജും 59 വയസ്സ് വരെയുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയുടെ (സ്വാഭാവികമരണത്തിന്) ലൈഫ് ഇന്‍ഷുറന്‍സും ലഭിക്കും.
ഇന്‍ഷുറന്‍സില്‍ ചേരുന്ന ആദ്യ 22000 ക്ഷേമനിധി അംഗങ്ങള്‍ക്ക് 1725 രൂപ സബ്സിഡി ലഭിക്കും. ക്ഷീര കര്‍ഷകക്കായി രൂപകല്പന ചെയ്ത ഇന്‍ഷുറന്‍സിന്റെ ഏറ്റവും വലിയ പ്രത്യേകത നിലവിലുള്ള അസുഖങ്ങള്‍ക്ക് 50,000 രൂപ വരെ ചികിത്സ ചെലവ് നല്കുന്നു എന്നതാണ്.
ക്ഷേമനിധി അംഗത്വമുള്ള ഒരു കര്ഷകന് മാത്രം ചേരുമ്പോള്‍ സബ്സിഡി കിഴിച്ചുള്ള ഗുണഭോക്തൃ വിഹിതം 2247 രൂപയാണ്.ക്ഷേമനിധി അംഗത്വമുള്ള 60 വയസ് കഴിഞ്ഞ മുതിര്‍ന്ന ക്ഷീര കര്ഷകന് 1911 രൂപ അടച്ചാല്‍ മതിയാകും. ക്ഷേമനിധി അംഗമല്ലാത്ത ക്ഷീര കര്‍ഷകര്‍ക്കും ക്ഷീര സംഘം ജീവനക്കാര്‍ക്കും മുഴുവന്‍ പ്രീമിയം തുക അടച്ച് പദ്ധതിയില്‍ അംഗമാകാവുന്നതാണ്.
ഇന്‍ഷുറന്‍സില്‍ ചേര്‍ന്ന തീയതി മുതല്‍ 24 മണിക്കൂര്‍ കിടത്തി ചികിത്സ ആവശ്യമുളള അസുഖങ്ങള്‍ക്ക് പരിരക്ഷ ലഭിക്കും. എന്നാല്‍ ഡയാലിസിസ്, കാന്‍സറിനുളള കീമോതെറാപ്പി, കണ്ണ് ശസ്ത്രക്രിയ എന്നിവയ്ക്ക് 24 മണിക്കൂര്‍ പരിധി ബാധകമല്ല. തെരഞ്ഞെടുത്ത ആശുപത്രികളില്‍ ക്യാഷ്ലെസ് സംവിധാനം ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കൂടുതല്‍ സഹായങ്ങള്‍ക്കും തൊട്ടടുത്ത ക്ഷീര സഹകരണ സംഘം അല്ലെങ്കില്‍ ക്ഷീരവികസന ഓഫീസുമായോ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.