കൊച്ചി: കോളിളക്കം സൃഷ്ടിച്ച മഞ്ചേരി അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി കുറുവങ്ങാടൻ മുക്താർക്ക് (മുത്തു-39) നിയമ പഠനത്തിന് ഹൈക്കോടതിയുടെ അനുമതി.
ജീവപര്യന്തം തടവിനു ശിക്ഷിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ഓൺലൈൻ വഴി നിയമ പഠനം നടത്താനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അനുമതി നൽകിയത്.മലപ്പുറം കെ.എം.സി.ടി. ലോ കോളേജിലായിരുന്നു ലോ എൻട്രൻസ് പരീക്ഷ പാസായ മുക്താർക്ക് ത്രിവത്സര എൽ.എൽ.ബി. കോഴ്സിന് പ്രവേശനം ലഭിച്ചത്.
ബിരുദധാരിയാണ് മുക്താർ. കഴിഞ്ഞ ഒക്ടോബർ 11- നായിരുന്നു കോളേജിൽ പ്രവേശനം നേടേണ്ടിയിരുന്നത്. എന്നാൽ, പരോൾ ലഭിച്ചില്ല. തുടർന്നാണ് ഹൈക്കോടതിയിൽ എത്തിയത്.
കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്കു വന്നപ്പോൾ കോളേജിൽ ഒരു സീറ്റ് ഒഴിച്ചിടണമെന്ന് കോടതി നിർദേശിച്ചിരുന്നു.എന്നാൽ, ഹർജിക്കാരന് പ്രവേശനം നൽകാനാകില്ലെന്ന നിലപാടാണ് കോളേജ് സ്വീകരിച്ചത്.
കോളേജിന്റെ അച്ചടക്കത്തെ ബാധിക്കുമെന്നായിരുന്നു വാദം. ന്യൂനപക്ഷ സ്ഥാപനമായതിനാൽ പ്രവേശനം നൽകാൻ നിർബന്ധിക്കാനാകില്ലെന്നും വാദിച്ചു. ഓൺലൈനായുള്ള നിയമ പഠനത്തിന് യു.ജി.സി. ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, ഇതേ കോളേജിൽ മറ്റൊരു ജീവപര്യന്തം തടവുകാരന് ഓൺലൈനായി നിയമപഠനത്തിന് നേരത്തേ അനുവാദം നൽകിയിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി.
അന്ന് എതിർപ്പുന്നയിക്കാതെ ഇപ്പോൾ എതിർപ്പുന്നയിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്‌മെന്റിനെ കോളേജ് ചോദ്യം ചെയ്തിട്ടില്ലെന്നതും കോടതി കണക്കിലെടുത്തു.
ഇന്ത്യൻ ക്രിമിനൽ നിയമ സംവിധാനം പ്രതിയുടെ പരിവർത്തനമാണ് ലക്ഷ്യമിടുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. പഠനത്തിനായി സ്വയം സന്നദ്ധനായി വരുന്നത് പരിവർത്തനത്തിനു വേണ്ടിയാണ്. ഭാവിയിൽ നല്ലൊരു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് അത് നൽകുന്നതെന്നും കോടതി പറഞ്ഞു.
തുടർന്നാണ് ഹർജിക്കാരന് പ്രവേശനം നൽകാൻ ഉത്തരവിട്ടത്. ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കാൻ ജയിൽ സൂപ്രണ്ടിനും കോളേജ് അധികൃതർക്കും കോടതി നിർദേശം നൽകി. പ്രവേശന നടപടി പൂർത്തിയാക്കാൻ ഹർജിക്കാരന്റെ സാന്നിധ്യം അനിവാര്യമെങ്കിൽ എസ്‌കോർട്ട് പരോൾ അനുവദിക്കാനും നിർദേശിച്ചു.
2012 ജൂൺ 10-നാണ് കുനിയിൽ അങ്ങാടിയിൽ കൊളക്കാടൻ അബൂബക്കറിനെയും (കുഞ്ഞാപ്പു-48), സഹോദരൻ കൊളക്കാടൻ അബ്ദുൽ കലാം ആസാദിനെയും (37) മുക്താറിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്.
മുക്താറിന്റെ സഹോദരൻ കുനിയിൽ അത്തീഖ് റഹ്മാനെ 2012 ജനുവരി അഞ്ചിന് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു ഇരട്ടക്കൊലപാതകം. ഇരുകൂട്ടരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കാരണം.
കേസിൽ മുക്താർ അടക്കം 12 പ്രതികളെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ഏപ്രിലിലാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.