ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സി.ഇ.ഒ. നിയമനത്തില്‍ പ്രസിഡന്റ് പി.ടി. ഉഷ സമ്മര്‍ദം ചെലുത്തിയന്ന് ആരോപിച്ച് എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്ത്.ഐ.പി.എല്‍ ടീം രാജസ്ഥാൻ റോയല്‍സിന്റെ മുൻ ചീഫ് എക്സിക്യുട്ടീവായ രഘു അയ്യരെ സി.ഇ.ഒ. ആയി നിയമിക്കുന്നതിന് രാജ്യസഭാംഗം കൂടിയായ പി.ടി. ഉഷ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച് പന്ത്രണ്ട് എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളാണ് രംഗത്തെത്തിയത്.
എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ഒളിമ്പിക് മെഡലിസ്റ്റ് മേരി കോം, ടേബിള്‍ ടെന്നിസ് താരം അജന്ത ശരത് കമല്‍ എന്നിവര്‍ കത്തില്‍ ഒപ്പുവച്ചിട്ടില്ല.
രഘു അയ്യരുടെ നിയമനം സംബന്ധിച്ച് ജനുവരി ആറിന് പി.ടി. ഉഷ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ പതിനഞ്ചംഗ എക്സിക്യുട്ടീവിലെ 12 അംഗങ്ങളും ഇതിനെ പിന്തുണച്ചില്ലെന്നും കഴിഞ്ഞ എക്സിക്യുട്ടീവ് കൗണ്‍സില്‍ യോഗത്തിലെ അജണ്ടയില്‍ സി.ഇ.ഒ. നിയമനം സംബന്ധിച്ച കാര്യം ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും തുടര്‍ന്ന് ഉഷ ഏകപക്ഷീയമായ തീരുമാനമെടുത്ത് തങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തി നിയമനം സാധ്യമാക്കാൻ ശ്രമിച്ചുവെന്നുമാണ് ജനുവരി 14-ന് ഒപ്പിട്ട കത്തില്‍ അംഗങ്ങള്‍ ആരോപിച്ചു.
സി.ഇ.ഒ.യുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ സംബന്ധിച്ചും ഉഷ ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിച്ചു. പ്രതിവര്‍ഷം മൂന്നുകോടി രൂപയാണ് സി.ഇ.ഒ.യ്ക്ക് ശമ്പളം, മറ്റാനുകൂല്യങ്ങള്‍ വഴി നല്‍കുന്നത്. പ്രതിമാസം 20 ലക്ഷം രൂപ ശമ്പളമായും കൂടാതെ മറ്റ് ആനുകൂല്യങ്ങളുമാണ് സി.ഇ.ഒ.യ്ക്ക് നല്‍കുന്നത്.
ചര്‍ച്ച നടത്തി, ഭൂരിപക്ഷം അംഗീകരിച്ചു: ഉഷ
അതേസമയം നിയമനം സംബന്ധിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഹാജരായ ഭൂരിപക്ഷം അംഗങ്ങളും നിയമനത്തെ അംഗീകരിച്ചിരുന്നതായും ഉഷ പറയുന്നു. ജനുവരി അഞ്ചിന് ഒളിമ്പിക് ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിപാല്‍ സിങ്, ഗഗൻ നരംഗ്, യോഗേശ്വര്‍ ദത്ത് തുടങ്ങിയവരൊഴികെയുള്ളവര്‍ അംഗീകരിച്ചിരുന്നുവെന്നും ഉഷ വ്യക്തമാക്കി.
സി.ഇ.ഒ. ചുമതലയേറ്റതിനു പിന്നാലെ എതിര്‍പ്പുമായി കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തുവരുന്നത് ലജ്ജാകരമാണ്. ഇതുകാരണം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷനെ സസ്പെൻഡ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചേക്കാമെന്നും രാജ്യസഭാംഗം കൂടിയായ ഉഷ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.