ന്യൂഡല്‍ഹി: ആണ്കുഞ്ഞു പിറക്കാത്തതിന് മരുമകളെ കുറ്റപ്പെടുത്തുന്ന മാതാപിതാക്കളെ, അതിനുത്തരവാദി സ്വന്തം മകനാണെന്ന വസ്തുത ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി.
മകന്റെ ക്രോമസോമുകളാണ്, കുഞ്ഞ് ആണോ പെണ്ണോ ആവണം എന്നതില്‍ നിര്‍ണായകമാവുന്നതെന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ പറഞ്ഞു.ആണ്കുഞ്ഞു പിറക്കാത്തതിന്റെ പേരിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. ഈ കാലഘട്ടത്തിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നത് നടുക്കുന്നതാണെന്ന കോടതി പറഞ്ഞു.
സ്ത്രീയുടെ മൂല്യം പൊന്നിലും പണത്തിലുമെല്ലാം ആണെന്നു കരുതുന്നത് അന്തസ്സിനെയും തുല്യതയെയും പറ്റിയുള്ള പുതിയ സങ്കല്‍പ്പങ്ങള്‍ക്കു വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ പിന്തിരിപ്പന് ചിന്താഗതിയെയാണ് ഇത് കാണിക്കുന്നത്. മകള്‍ക്കു നല്ലൊരു പുതു ജീവിതം പ്രതീക്ഷിച്ചാണ് മാതാപിതാക്കള്‍ ഭര്‍തൃവീട്ടിലേക്ക് അയക്കുന്നത്. അവിടെ അവള് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് എത്രമാത്രം അസ്വസ്ഥജനകമാണെന്ന് കോടതി പറഞ്ഞു.
എക്സ്, എക്സ് ക്രോമസോമുകളും എക്സ്, വൈ ക്രോമസോമുകളും ചേരുമ്പോഴാണ് പെണ്‍കുട്ടിയും ആണ്‍കുട്ടിയും ജനിക്കുന്നത്. ഇത്തരത്തിലുള്ള സങ്കലനത്തില്‍ പുരുഷ ബീജത്തിലെ ക്രോമസോമുകളുടെ പങ്ക് നിര്‍ണായകമാണ്. ആണ്കുഞ്ഞു പിറക്കാത്തതിന് മരുമകളെ കുറ്റപ്പെടുത്തുന്ന മതാപിതാക്കളെ ഈ ശാസ്ത്ര വസ്തുത ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ആണ്കുഞ്ഞു പിറക്കാതിരിക്കുന്നതിനു കാരണം സ്വന്തം മകന്റെ ക്രോമസോം ആണെന്ന കാര്യം അവര്‍ മനസ്സിലാക്കണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം ബോധവത്കരണം ഉപകരിക്കുമെന്ന് കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.