പാറ്റ്ന: ട്രെയിനിന്റെ വേഗത കുറഞ്ഞ സമയത്ത് ജനലിലൂടെ കൈയിട്ട് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളനെ യാത്രക്കാരെല്ലാം കൂടി പിടിച്ചുവെച്ചു. കൈ മാത്രം അകത്ത് കുടുങ്ങിപ്പോയ കള്ളന്‍ ജനലിന് പുറത്ത് തൂങ്ങിക്കിടന്ന് ഒരു കിലോമീറ്ററോളം മൂന്നോട്ട് നീങ്ങി. ഇത്തരത്തിലുള്ള നിരവധി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള ബിഹാറിൽ നിന്നുള്ള വീഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. അതേസമയം ഇത് എന്ന് നടന്ന സംഭവമാണെന്ന് വീഡിയോയിൽ വ്യക്തമല്ല.
ജനലിലൂടെ കൈയിട്ട് ഞൊടിയിടയില്‍ മൊബൈൽ ഫോണോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ തട്ടിയെടുത്ത് മുങ്ങുന്ന കള്ളനെ ഇത്തവണ പക്ഷേ യാത്രക്കാരന്‍ കുടുക്കുകയായിരുന്നു. ഫോണ്‍ തട്ടിയെടുത്തെങ്കിലും അതുമായി രക്ഷപ്പെടുന്നതിന് മുമ്പ് അകത്ത് നിന്ന് പിടിവീണു. അടുത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരും കൂടി ഒരുമിച്ച് ചേര്‍ന്ന് പിടിച്ചുവെച്ചതോടെ രക്ഷപ്പെടൽ അസാധ്യമായി മാറി.
ട്രെയിൻ മുന്നോട്ട് നീങ്ങുമ്പോഴും ജനലിന് പുറത്ത് തൂങ്ങിക്കിടക്കേണ്ടി വന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ജനലില്‍ ചവിട്ടി മുകളിലേക്ക് കയറാനും നോക്കിയെങ്കിലും അതും പരാജയപ്പെട്ടു. ഈ സമയം മറ്റ് പല യാത്രക്കാരും ഇതെല്ലാം മൊബൈൽ ക്യാമറകളില്‍ പകര്‍ത്തുകയും ചെയ്യുന്നത് സോഷ്യൽ മീഡിയ വീഡിയോകളില്‍ കാണാം.
ബിഹാറിലെ ഭഗല്‍പൂരിന് സമീപം കലേശിലാണ് സംഭവമെന്ന് വീഡിയോക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. ഒരു കിലോമീറ്ററോളം മുന്നോട്ട് നീങ്ങിയപ്പോഴാണ് കൂട്ടാളികള്‍ കൂടി എത്തി യുവാവിനെ മോചിപ്പിച്ച് കൊണ്ടുപോയത്. ബിഹാറിൽ നിന്നു തന്നെയുള്ള സമാനമായ മറ്റൊരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതാണ്ട് പത്ത് കിലോമീറ്ററാണ് അന്ന് കള്ളന് ട്രെയിനിൽ തൂങ്ങിയാടി സഞ്ചരിക്കേണ്ടി വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.