മൊഹാലി: ഇന്ത്യക്കെതിരായ മൂന്ന് ട്വന്റി 20കളുടെ പരമ്പരയ്ക്ക് മുമ്പ് കനത്ത തിരിച്ചടിയേറ്റ് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ടീം. അഫ്ഗാന്റെ ഏറ്റവും മികച്ച ബൗളറായ വിസ്മയ സ്പിന്നര്‍ റാഷിദ് ഖാന് പരമ്പരയില്‍ കളിക്കില്ല. നവംബറില്‍ നടുവിന് ശസ്ത്രക്രിയക്ക് വിധേയനായ റാഷിദ് പൂര്‍ണമായും ഫിറ്റ്നസ് കൈവരിക്കുന്നതേയുള്ളൂ.
ഇന്ത്യക്കെതിരെ റാഷിദ് ഖാന്റെ അഭാവം അഫ്ഗാന് ക്രിക്കറ്റ് ടീമിന് കനത്ത പ്രഹരമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഫ്ഗാന് ലോക ക്രിക്കറ്റിലെ വിസ്മയ ടീമിനായി വളര്‍ന്നതില്‍ റാഷിദ് ഖാന്റെ സംഭാവന വലുതാണ്. ലോകത്തെ ഏത് ബാറ്ററെയും വിറപ്പിക്കാന്‍ തക്ക പ്രഹരശേഷിയുള്ള ഗൂഗ്ലികള്‍ റാഷിദിന്റെ കൈവശമുണ്ട്. മാത്രമല്ല, വാലറ്റത്ത് വെടിക്കെട്ട് ഫിനിഷറുടെ റോളും റാഷിദിന് വഴങ്ങും.
മൂന്ന് ടി20കളുടെ പരമ്പരയില്‍ റാഷിദ് ഖാന് കളിക്കാനാവാത്തതിന്റെ നിരാശ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ അഫ്ഗാന് ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന് മറച്ചുവെച്ചില്ല. റാഷിദ് ഖാന് പൂര്‍ണ ഫിറ്റല്ല, അദേഹത്തെ ഏറെ മിസ് ചെയ്യും. റാഷിദ് ഇല്ലാതെ ഇന്ത്യയെ നേരിടുക പ്രയാസമെങ്കിലും സാഹചര്യത്തിന് അനുസരിച്ച് പൊരുതാന്‍ ടീം സജ്ജമാകുമെന്ന പ്രതീക്ഷ അഫ്ഗാനിസ്ഥാന് നായകന് പ്രകടിപ്പിച്ചു.
നാളെ മൊഹാലിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്ക് ഇന്ത്യ-അഫ്ഗാനിസ്ഥാന് ആദ്യ ട്വന്റി 20 നടക്കും. ജനുവരി 14, 17 തിയതികളാണ് രണ്ടും മൂന്നും മത്സരങ്ങള്‍. ഇരുപത്തിയഞ്ചുകാരനായ റാഷിദ് ഖാന് 82 രാജ്യാന്തര ട്വന്റി 20കളില്‍ 6.16 എന്ന മികച്ച ഇക്കോണമിയില്‍ 130 വിക്കറ്റുകള്‍ കൊയ്തിട്ടുണ്ട്. മൂന്ന് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 109 ഐപിഎല്‍ മത്സരങ്ങളുടെ പരിചയമുള്ള റാഷിദ് ഖാന് ഇന്ത്യന്‍ ടീമിലെ മിക്ക താരങ്ങള്‍ക്ക് ഒപ്പമോ എതിരെയോ കളിച്ചയാള്‍ കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.