കോഴിക്കോട്: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ വയോധികൻ ജീവനൊടുക്കിയ സംഭവത്തില്‍ ചക്കിട്ടപാറ പഞ്ചായത്തിന് ഉത്തരവാദിത്തമില്ലെന്ന് ഭരണ സമിതി.
സംഭവത്തില്‍ ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ എതിർ കക്ഷികളാക്കി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് എൻ.നഗരേഷാണ് സ്വമേധയാ കേസെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സി.കെ.ശശി, ബിന്ദു വത്സൻ എന്നിവർ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
'ക്ഷേമ പെൻഷൻ മുടങ്ങിയതോടെയാണ് ആത്മഹത്യ എന്നാണ് ഉയർന്ന പാരാതി. പെൻഷൻ ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നു പറഞ്ഞ് ജോസഫ് നവംബർ 9ന് പഞ്ചായത്തിനു കത്തു നല്‍കി. നവംബർ 10ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ്‍ വീട് സന്ദർശിച്ചു.
തൊഴിലുറപ്പ് ജോലി മറ്റു പറമ്പുകളില്‍ പോയി ചെയ്യാൻ സാധിക്കില്ലെന്നും സ്വന്തം വീട്ടില്‍ ചെയ്യാൻ സൗകര്യം ഒരുക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. തുടർന്ന് സ്വന്തം പറമ്പില്‍ ജോലി ചെയ്യാൻ സംവിധാനം ഒരുക്കി. കഴിഞ്ഞ വർഷം 98 പണി എടുത്തു.
ഡിസംബർ അവസാനം പെൻഷൻ കിട്ടി. മകളുടെ പെൻഷനും ജോസഫാണ് കൈപ്പറ്റിയത്. എന്നാല്‍ 13 മാസമായി മകള്‍ കൂടെയില്ല. മകള്‍ അഭയമന്ദിരത്തിലാണ്. രണ്ടു പേരുടേതുമായി 24,400 രൂപ കഴിഞ്ഞ വർഷം പെൻഷൻ കൈപ്പറ്റി.
ജോസഫ് 1984ല്‍ കൊട്ടിയൂരില്‍നിന്ന് കുടിയേറി വന്നതാണ്. ഒന്നരയേക്കർ സർക്കാർ ഭൂമി കൈവശപ്പെടുത്തി. അരയേക്കറിന് നായനാർ സർക്കാർ പട്ടയം നല്‍കി. ഇതിനു മുൻപും ആത്മഹത്യാ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സ്ഥലത്തിനു രേഖ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
വീട്ടിലേക്കു വാഹനം പോകില്ലെന്നായിരുന്നു മറ്റൊരു പരാതി. അദ്ദേഹത്തിനു മാത്രമായി 5 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമിച്ചു നല്‍കി. അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ വീടു വയ്ക്കാൻ നല്‍കി. 54,000 രൂപ പെൻഷനായും തൊഴിലുറപ്പ് കൂലിയായും കഴിഞ്ഞ വർഷം കൈപ്പറ്റി.
ജോസഫ് കോണ്‍ഗ്രസ് പ്രവർത്തകനായിരുന്നെങ്കിലും അദ്ദേഹം മരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോയി നോക്കിയില്ല. സിപിഎം അംഗങ്ങളാണ് ആദ്യം എത്തിയത്. 2010ലാണ് പെൻഷൻ അനുവദിച്ചു തുടങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസത്തെ പെൻഷൻ കിട്ടാനുണ്ടായിരുന്നു. പിണറായി സർക്കാരാണ് ആ പെൻഷൻ കൊടുത്തു തീർത്തത്.
ജോസഫിന് മരണക്കുറിപ്പ് എഴുതി നല്‍കിയത് മാധ്യമപ്രവർത്തകനാണ്. രണ്ടു കൈകള്‍ക്കും ശേഷിയില്ലാത്ത ജോസഫിന് എഴുതാൻ സാധിക്കില്ല. കത്ത് എഴുതിയത് ആരാണെന്ന് പരിശോധിക്കണം. ആരാണു മരണത്തിന് പ്രേരിപ്പിച്ചതെന്ന് അന്വേഷിക്കും. പഞ്ചായത്ത് ഭരണസമിതി ചേർന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കും'' - ഭരണ സമിതി അംഗങ്ങള്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.