ഹേഗ്: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ഫലസ്തീനി വംശഹത്യക്കെതിരായ കേസില്‍ ഇന്ന് അന്താരാഷ്ട്ര കോടതി വാദം കേള്‍ക്കും.ദക്ഷിണാഫ്രിക്ക നല്കിയ പരാതിയിലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ വാദം കേള്‍ക്കുക. ഇസ്രായേല്‍ ഒപ്പുവെച്ച 1948ലെ വംശഹത്യ ചട്ടങ്ങള്‍ ഇസ്രായേല്‍ ലംഘിച്ചെന്നും പതിനായിരക്കണക്കിന് സിവിലിയന്മാര് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
ഭക്ഷണം, വെള്ളം, ആതുരശുശ്രൂഷ എന്നിവ മുടക്കിയത് ഗസ്സയില്‍ ഫലസ്തീനികള്‍ക്കെതിരെ വംശഹത്യ ലക്ഷ്യമിട്ടാണെന്നും ബിന്യമിൻ നെതന്യാഹുവടക്കം ഇസ്രായേല്‍ മന്ത്രിമാരുടെ വംശഹത്യ അനുകൂല പ്രസ്താവനകള്‍ ഇതിന് തെളിവാണെന്നും ദക്ഷിണാഫ്രിക്ക നല്കിയ കേസ് മുന്നോട്ടുവെക്കുന്നു.
അന്തിമ വിധി വരാൻ വര്‍ഷങ്ങളെടുക്കാമെങ്കിലും അടിയന്തര വെടിനിര്‍ത്തലിന് ഇടക്കാല ഉത്തരവ് വേണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നുണ്ട്. വംശഹത്യ നടത്തിയെന്നു മാത്രമല്ല, അതിന് പ്രേരണ നല്കല്, വംശഹത്യക്ക് ശ്രമിച്ചവരെ ശിക്ഷിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇസ്രായേല്‍ നേരിടുന്നു.
ഗസ്സയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. യുദ്ധനിയമങ്ങള്‍ക്കെതിരായി ലക്ഷ്യമില്ലാതെ വര്‍ഷിക്കുന്ന ബോംബുകളാണ് ഗസ്സയില്‍ ഇസ്രായേല്‍ പ്രയോഗിച്ചതിലേറെയും. രക്ഷപ്പെട്ട് അഭയം തേടിയെത്തിയ ഇസ്രായേല്‍ ബന്ദികളെപോലും ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു.
ഫലസ്തീനികളെ ഗസ്സയില്‍ നിന്ന് വംശീയമായി തുടച്ചുനീക്കല്‍ തന്നെയാണ് ഇസ്രായേല്‍ ലക്ഷ്യമെന്നും 84 പേജ് വരുന്ന പരാതിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.