കോണ്‍ഗ്രസിനേയും കെ പി സി സി അധ്യക്ഷനേയും രൂക്ഷമായി പരിഹസിച്ച് സിപിഎം നേതാവ് എംവി ജയരാജൻ. കോണ്‍ഗ്രസ് പാഴ് വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അങ്ങനെ 1001 ആയി. പറഞ്ഞുവരുന്നത് കെ പി സി സി നിർമിച്ച് നല്‍കുമെന്ന് പറഞ്ഞ വീടുകളുടെ എണ്ണത്തെക്കുറിച്ചുതന്നെ. മറിയകുട്ടിക്ക് രണ്ട് മാസത്തിനകം വീട് വച്ചുനല്‍കുമെന്ന് കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ചതാണ്.
ആ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു. പറഞ്ഞത് പത്രസമ്മേളനം നടത്തിയായതിനാല് പൊതുസമൂഹത്തിന് മുൻപിലുള്ള വിഷയവുമാണ്. അതും നേരത്തെയുള്ള 1000 വീടെന്ന കോണ്‍ഗ്രസ് വാഗ്ദാനം പോലെ വെറും വാക്കായി മാറിയ സ്ഥിതിയാണ്.
പഴയ ചാക്കിനുപോലും ഒരു വിലയുണ്ടെന്നിരിക്കെ കോണ്‍ഗ്രസിന്റെ പാഴ് വാഗ്ദാനത്തെ പഴയ ചാക്കുമായി ഉപമിക്കുന്നതുതന്നെ ശരിയല്ല. എങ്കിലും, പഴയൊരു പ്രയോഗം അങ്ങനെ നടത്തി എന്നേ ഉള്ളൂ- കീറിയ ചാക്കും കോണ്‍ഗ്രസ്സ് വാഗ്ദാനവും.
ഒട്ടും പണമില്ലാത്തതിന്റെ പേരുപറഞ്ഞ് 'പുതിയ' ചട്ടിയും എടുത്ത് (പുതിയ ചട്ടി വാങ്ങിച്ചുനല്‍കി ആരോ സമരത്തിലേക്ക് ചാടിച്ചതാണെന്നൊക്കെ പിന്നെ സംസാരമുണ്ടായി) സമരത്തിനിറങ്ങിയ ഘട്ടത്തില്‍,
ആ ആള്‍ക്ക് അതൊന്ന് കടുപ്പിക്കാൻ നല്കിയ വാഗ്ദാനമായിരുന്നു. എന്തുചെയ്യാം, പത്രസമ്മേളനത്തില്‍ മൈക്കിനുവേണ്ടി സതീശനുമായി വാശിപിടിക്കുമെങ്കിലും, വാക്കിന് വില കല്പിക്കുന്നതില് ആ വാശിയില്ലാത്ത ഇന്നത്തെ ശരിയായ കോണ്‍ഗ്രസ് നേതാവുതന്നെയെന്ന് കെപിസിസി പ്രസിഡന്റ് തെളിയിച്ചു.
അങ്ങനെ , കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ആയിരം വീട് നേരത്തെതന്നെ സ്വാഹാ..! ആയിരത്തിയൊന്നാമത്തേതും ഇപ്പോള്‍ സ്വാഹാ..പത്രങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യമായതിനാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം അന്വേഷിക്കുമെന്നുതന്നെ കരുതാം. '
വെറും ഡയലോഗു'കാരാവാതെ , നല്കിയ വാഗ്ദാനം പാലിക്കാൻ ഇനിയെങ്കിലും കോണ്‍ഗ്രസ് ആർജവം കാണിക്കുമോ!? മറുപടി പറയേണ്ടത് കോണ്‍ഗ്രസ് നേതാക്കളാണ്. ഇനിയും തെളിയിക്കപ്പെടേണ്ട കാര്യവുമാണത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.