ടെല്‍ അവീവ്: ഗസ്സക്ക് നേരെ നടത്തുന്ന ആക്രമണം 100 ദിവസത്തോട് അടുക്കുമ്പോള്‍, ലബനാനും സിറിയയും ഇസ്രയേല്‍ ആക്രമിച്ച് തുടങ്ങിയതോടെ പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ പരിസമാപ്തി പ്രവചനാതീതം. ഗസ്സയിലും ലബനാനിലും ഒരേസമയം നിരവധി ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. ഇതോടൊപ്പം സിറിയന്‍ അതിര്‍ത്തിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഈ മാസം ആറിന് ബൈറൂത്തില്വച്ച് മുതിര്‍ന്ന ഹമാസ് നേതാവ് സല്മാന് അല്‍ അരൂറിയും തിങ്കളാഴ്ച ഹിസ്ബുല്ല കമാന്‍ഡര്‍ വിസ്സാം അല്‍ താവിലും കൊല്ലപ്പെട്ടതില്‍ ഹിസ്ബുല്ല പ്രത്യാക്രമണത്തിന് ഒരുങ്ങിയതോടെയാണ് ഗസ്സക്കു പുറത്തേക്കും സംഘര്‍ഷാവസ്ഥ കനത്തത്.
24 മണിക്കൂറിനുള്ളില്‍ നിരവധി ആക്രമണങ്ങളാണ് ഹിസ്ബുല്ലയും ഇസ്റാഈലും പരസ്പരം നടത്തിയത്. നാലു ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇസ്രയേല്‍ ഭാഗത്തുനിന്നുള്ള നാശനഷ്ടങ്ങള്‍ ലഭ്യമായിട്ടില്ല. വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തി. സഫേദിലെ വ്യോമ നിരീക്ഷണ കേന്ദ്രമാണ് ഹിസ്ബുല്ല തകര്‍ത്തത്.,,
24 മണിക്കൂറിനുള്ളില്‍ 150 ഓളം ഫലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ ഒക്ടോബര്‍ ഏഴിന് ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 23,210 ആയി. ഇതോടൊപ്പം ഹമാസിന്റെ പ്രത്യാക്രമണവും നടക്കുന്നുണ്ട്. 48 മണിക്കൂറിനിടെ ഒൻപത് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാലു സൈനികരും കൊല്ലപ്പെട്ടത് മധ്യ ഗസ്സയിലെ ബുറൈജ് അഭയാര്‍ഥി ക്യാംപിന് സമീപത്തെ ഏറ്റുമുട്ടലിലാണ്. ഇതോടെ കരയാക്രമണം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട സയണിസ്റ്റ് സൈനികരുടെ എണ്ണം 187 ആയി. ഒക്ടോബര്‍ ഏഴിന് ശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 514 ഉം ആയി. ഖാന് യൂനുസില്‍ ഫലസ്തീനികളെ ലക്ഷ്യംവയ്ക്കുകയായിരുന്ന ഇസ്രയേല്‍ ടാങ്ക് ഹമാസ് തകര്‍ത്തു. യാസീന്‍ 105 ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ചാണ് തകര്‍ത്തതെന്ന് അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
ഒക്ടോബര്‍ ഏഴിന് ശേഷം ഇതുവരെ 5755 ഫലസ്തീനികളെയാണ് അധിനിവേശസൈന്യം അറസ്റ്റ്ചെയ്തത്. ഇതില്‍ 190 കുട്ടികളും 335 സ്ത്രീകളും ഉള്‍പ്പെടും. കൂടാതെ 50 മാധ്യമപ്രവര്‍ത്തകരെയും സയണിസ്റ്റ് സൈന്യം അറസ്റ്റ്ചെയ്തിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ കടന്നാക്രമം തുടരുകയാണ്. ഇവിടെ ചെക്ക് പോയിന്റില്‍ നിരായുധനായ ഫലസ്തീനി യുവാവിനെ ഇസ്രയേല്‍ സൈന്യം വെടിവച്ചുകൊന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.