തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂര്‍ വണ്ടിത്തടത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് നൗഫലും ഭർതൃ മാതാവും പൊലീസ് പിടിയില്‍.
തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഒരുമാസമായി നൗഫലും മാതാവും ഒളിവിലായിരുന്നു. കോടതി ആവശ്യങ്ങള്‍ക്കായി കാട്ടാക്കടയില്‍ എത്തിയതായിരുന്നു ഇരുവരും. ഷഹാന മരിച്ച് ഒരുമാസം പിന്നിട്ടിട്ടും ഉത്തരവാദികളായവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍വീട് ഷഹാന മന്‍സിലില്‍ ഷഹാന ഷാജി(23)യുടെ മരണത്തിലാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ബന്ധുക്കള്‍ രംഗത്തെത്തിയത്.
ഷഹാനയുടെ ഭര്‍തൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ഒരിക്കല്‍ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായും യുവതിയുടെ പിതൃസഹോദരി ഷൈന പ്രതികരിച്ചു. ഷഹാനയ്ക്ക് മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിരുന്നു.
മൂന്ന് വര്‍ഷം മുൻപ് കാട്ടാക്കട സ്വദേശിയുമായാണ് ഷഹാനയുടെ വിവാഹം നടന്നത്. ദമ്പതിമാര്‍ക്ക് ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. ഭര്‍തൃവീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി ഷഹാന സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു.
സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി ഭര്‍ത്താവ് ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, നേരിട്ട് ക്ഷണിക്കാത്തതിനാല്‍ ഷഹാന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞിനെയും എടുത്ത് വീട്ടില്‍നിന്ന് പോയി. ഇതോടെ മുറിക്കുള്ളില്‍ കയറി വാതിലടച്ച യുവതിയെ പിന്നീട് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭര്‍തൃമാതാവില്‍നിന്ന് ഷഹാനയ്ക്ക് നിരന്തരമായ മാനസികപീഡനം ഏല്ക്കേണ്ടിവന്നിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഒരിക്കല്‍ ഷഹാനയുടെ ഭര്‍ത്താവിന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നു.
ഈ സമയത്ത് ആശുപത്രിയിലെ ചില രേഖകളില്‍ ആര് ഒപ്പിടണമെന്ന് സംബന്ധിച്ച് ഷഹാനയും ഭര്‍തൃമാതാവും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഭര്‍തൃമാതാവ് ഷഹാനയെ മര്‍ദിച്ചെന്നും കടിച്ചുപരിക്കേല്‍പ്പിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ഷഹാനയെ ആര് ഉപദ്രവിച്ചാലും ഭര്‍ത്താവ് മിണ്ടാതിരിക്കും. കോവിഡ് സമയത്തായിരുന്നു കല്യാണം. പെണ്‍കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ് അവരാണ് ആലോചനയുമായി ഇങ്ങോട്ടുവന്നത്. ആ സമയത്ത് 75 പവനും സ്ഥലവും നല്കി.
എന്നാല്‍, ഭര്‍ത്താവിന്റെ സഹോദരന്റെ കല്യാണം കഴിഞ്ഞതോടെ ഷഹാനയെ ഭര്‍തൃവീട്ടുകാര്‍ക്ക് വേണ്ടാതായി. നീ കുപ്പത്തൊട്ടിയില്‍നിന്ന് വന്നതല്ലേ, നീ പാവപ്പെട്ട വീട്ടിലെയാണ് എന്നെല്ലാമാണ് ഭര്‍ത്താവിന്റെ മാതാവ് ഷഹാനയോട് പറഞ്ഞിരുന്നത്.
എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും എന്തുവേണമെങ്കിലും തരാമെന്നും അവര്‍ പറഞ്ഞിരുന്നു. മകനെക്കൊണ്ട് വേറെ കല്യാണം കഴിപ്പിക്കണമെന്നാണ് അവര്‍ പറഞ്ഞിരുന്നതെന്നും ഷഹാനയുടെ പിതൃസഹോദരി ആരോപിച്ചു.
സഹോദരന്റെ കുഞ്ഞിന്റെ ജന്മദിനാഘോഷത്തിന് കൊണ്ടുപോകാനായാണ് ഭര്‍ത്താവ് ഷഹാനയുടെ വീട്ടില്‍വന്നത്. അരമണിക്കൂര്‍ സമയം തരാം അതിനുള്ളില്‍ കൂടെവരണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം.
വന്നില്ലെങ്കില്‍ ഇനി ഒരുബന്ധവും ഉണ്ടാകില്ലെന്നും പറഞ്ഞു. തുടര്‍ന്നാണ് വസ്ത്രംപോലും ധരിപ്പിക്കാതെ കുഞ്ഞിനെയും എടുത്ത് ഭര്‍ത്താവ് പോയതെന്നും ഇതിനുപിന്നാലെയാണ് ഷഹാന മുറിക്കുള്ളില്‍ കയറി വാതിലടച്ചതെന്നും പിതൃസഹോദരി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.