ന്യൂഡല്‍ഹി: പ്രതിപക്ഷ നിരയിലെ എംപിമാര്‍ക്ക് വ്യാപക സസ്പെന്ഷന് നല്‍കിയതിന് പിന്നാലെ സുപ്രധാന ക്രിമിനല്‍ ബില്ലുകള്‍ പാസാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ക്രിമിനല്‍ നിയമം ഒന്നാകെ മാറ്റിയെഴതുന്ന ബില്ലുകളാണ് ലോക്സഭയില്‍ പാസാക്കിയത്.
ഇന്ത്യന്‍ ജുഡീഷ്യല്‍ കോഡ് ബില്‍ 2023, ഇന്ത്യന്‍ സിവില്‍ ഡിഫന്‍സ് കോഡ് ബില്‍ 2023 ഇന്ത്യന്‍ എവിഡന്‍സ് ബില്‍ 2023 എന്നിവയാണ് ലോക്സഭ പാസാക്കിയത്. നേരത്തെ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച് ഭേദഗതി വരുത്തിയ ശേഷം പുതിയ ബില്ലുകളുമായി ചൊവ്വാഴ്ച്ച വീണ്ടും അമിത് ഷാ ലോക്സഭയുടെ പരിഗണനയ്ക്ക് വെക്കുകയായിരുന്നു.
നീതി വേഗത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്ലുകളെന്ന് അമിത് ഷാ പറഞ്ഞു. ഇത് ബ്രിട്ടീഷുകാരുടെയും കോണ്‍ഗ്രസിന്റെ ഭരണമല്ല. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ഭരണമാണ്. തീവ്രവാദത്തെ സംരക്ഷിക്കണമെന്ന വാദങ്ങള്‍ വിലപ്പോവില്ല. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ രാജ്യദ്രോഹ നിയമത്തിന് കീഴില്‍ മഹാത്മാ ഗാന്ധി അടക്കമുള്ളവര്‍ ജയിലില്‍ കിടന്നു. ആ നിയമം ഇപ്പോഴും തുടരുകയായിരുന്നു.
മോദി സര്‍ക്കാരാണ് രാജ്യദ്രോഹ നിയമം ആദ്യമായി നിര്‍ത്തലാക്കിയത്. ഭരണഘടനയുടെ അന്തസ്സത്ത അനുസരിച്ചുള്ള നിയമങ്ങളാണ് നിര്‍മിക്കാന്‍പോകുന്നത്. അതില്‍ അഭിമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.ചിലര്‍ ഈ ബില്ലുകള്‍ മനസ്സിലാവുന്നില്ലെന്ന്് പറയുന്നുണ്ട്, പക്ഷേ മനസ്സുവെച്ചാല്‍ അവര്‍ക്കത് മനസ്സിലാവുമെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. പറഞ്ഞാല്‍ അതുപോലെ തന്നെ ചെയ്യുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. അയോധ്യയിലെ രാമക്ഷേത്രം ഉയരുമെന്ന് അടക്കമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ പറഞ്ഞിരുന്നു. അതെല്ലാം ഞങ്ങള്‍ കൊണ്ടുവന്നുവെന്നും അമിത് ഷാ വ്യക്തമാക്കി
രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ നവീകരിക്കാനാണ് പുതിയ ബില്ലുകള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ശിക്ഷ എന്നതില്‍ അല്ല നീതിയിലാണ് ഊന്നല്‍ നല്‍കുക. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥയുണ്ടാകുമെന്നും അമിത ഷാ പറഞ്ഞു.
പ്രതിപക്ഷത്തെ മൂന്നില്‍ രണ്ട് എംപിമാരും സസ്പെന്‍ഡ് ചെയ്യപ്പെട്ട് പുറത്തുനില്ക്കുമ്പോള് ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്സഭയില്‍ പാസാക്കിയത്. 543 അംഗങ്ങളുള്ള ലോക്സഭയില്‍ ഒഴിവുള്ള സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ 522 അംഗങ്ങളുണ്ട്. പ്രതിപക്ഷത്തെ 95 പേരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ബുധനാഴ്ച്ച കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനെയും, എഎം ആരിഫിനെയും സസ്പെന്‍ഡ് ചെയ്തതോടെ ഇത് 97 ആയി ഉയര്‍ന്നു. സഭയില്‍ ഇനിയുള്ളത് വെറും 45 പ്രതിപക്ഷ എംപിമാരാണ്. അതില്‍ 34 പേര് വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. ഇവര്‍ മോദി സര്‍ക്കാരിനെ എപ്പോഴും പിന്തുണയ്ക്കുന്നവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.