തിരുവനന്തപുരം; ഗവർണർക്കു നേരെയുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തിൽ പൊലീസിന്റെ വീഴ്ച സംബന്ധിച്ചു ഗവർണർ റിപ്പോർട്ട് തേടിയതോടെ പഴുതടച്ച റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയും ഉന്നതോദ്യോഗസ്ഥരും തീരുമാനിച്ചു.
ഗവർണറുടെ സുരക്ഷ അടിയന്തരമായി വർധിപ്പിക്കാനും തീരുമാനിച്ചു. ഗവർണർക്കു സുരക്ഷയൊരുക്കുന്നതിൽ കേരള പൊലീസിനു വീഴ്ചയുണ്ടായെന്നു വ്യക്തമാക്കി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കേന്ദ്രത്തിന് ഇന്നലെ റിപ്പോർട്ട് നൽകിയതായാണു സൂചന.
ഗവർണർ പോകുന്ന പാത അതീവ രഹസ്യമായിരിക്കണമെന്നു നിർദേശമുണ്ടായിട്ടും പൊലീസ് അസോസിയേഷൻ നേതാവായ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ഇത് എസ്എഫ്ഐ നേതൃത്വത്തിനു ചോർത്തിനൽകിയെന്നു കണ്ടെത്തിയിട്ടുണ്ട്.
പ്രതിഷേധം മുൻകൂട്ടിക്കണ്ട് ഗവർണർ റൂട്ട് മാറ്റിയിട്ടും ആ വിവരം ചോർന്നു. മുന്നറിയിപ്പുണ്ടായിട്ടും അധിക സുരക്ഷയൊരുക്കാനോ ഇവരെ കരുതൽ തടങ്കലിലെടുത്ത് ഗവർണറുടെ സഞ്ചാര പാതയിൽ നിന്നു മാറ്റാനോ കേരള പൊലീസ് താൽപര്യം കാട്ടിയില്ല. ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ തെറ്റില്ലെന്ന നിലപാടാണ് പൊലീസിലെ ചില ഉന്നതർ സ്വീകരിച്ചത്.
ആക്രമണത്തെത്തുടർന്ന്, ചുമതലയുള്ള ഉന്നതോദ്യോഗസ്ഥൻ ആരെന്ന് ഗവർണർ പരസ്യമായി ചോദിച്ചിരുന്നു. സെഡ് പ്ലസ് കാറ്റഗറിയിലുള്ള ഗവർണറുടെ സുരക്ഷയ്ക്ക് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ ആരും സ്ഥലത്തുണ്ടായിരുന്നില്ല.
അധിക സുരക്ഷയൊരുക്കണമെന്ന നിർദേശമുണ്ടായിട്ടും വീഴ്ച വരുത്തിയവരും സംഭവ സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്നവരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വിവരം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഡിജിപി എസ്.ദർവേഷ് സാഹിബ് സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. മാധ്യമങ്ങളിലെ ദൃശ്യങ്ങളും സിസിടിവി ക്യാമറ ദൃശ്യങ്ങളും പ്രതികൾക്ക് എതിരായതിനാൽ പൊലീസിനു വീഴ്ച അംഗീകരിക്കാതിരിക്കാൻ കഴിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.