തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാരിൻറെ നവകേരള സദസ്സ് തിരുവനന്തപുരത്ത് സമാപിച്ചു.36 ദിവസം നീണ്ട കേരള പര്യടം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര അവസാനിപ്പിച്ചത്. സംസ്ഥാനത്തിൻറെ വികസന നേട്ടങ്ങളും കേന്ദ്ര അവഗണനയും നവകേരള സദസ്സിലൂടെ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞുവെന്നാണ് സര്‍ക്കാരിൻറെ വിലയിരുത്തല്‍.
തുടര്‍ച്ചയായ വിവാദങ്ങള്‍ക്കും പ്രതിഷേധ പരമ്പരകള്‍ക്കുമിടെയാണ് നവകേരള സദസിന്റെ സമാപനം. നവകേരള സദസിനെ ചൊല്ലിയുള്ള പ്രതിഷേധവും പ്രതിരോധവും കരിങ്കൊടിയും ജീവൻരക്ഷാ സേനയും ഷൂവേറും തുടങ്ങി തെരുവ് യുദ്ധത്തോളമെത്തി.
സര്‍ക്കാര്‍ നിര്‍ദേശങ്ങളും പണപ്പിരിവും കോടതി കയറി. നവംബര്‍ 18ന് കാസര്‍കോട് നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ സംയുക്ത സദസ്സ് ഉദ്ഘാടനം ചെയ്ത് കേന്ദ്രത്തെയും പ്രതിപക്ഷത്തെയും മുഖ്യമന്ത്രി ഒരുപോലെ വിമര്‍ശിച്ചു.
നവകേരള സദസ്സില്‍ സ്വീകരിച്ച പരാതികളിലെ തുടര്‍ നടപടികളും ഇനി പ്രധാനമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില്‍ പൂര്‍ത്തിയാക്കും.
ഇതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ പതിനാല് ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചിരുന്നു.
കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകര്‍ ചെടിച്ചട്ടി കൊണ്ടും ഹെല്‍മറ്റും കൊണ്ടും അടിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
പിന്നാലെ മറ്റ് ജില്ലകളിലും കരിങ്കൊടി പ്രതിഷേധവും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന സാഹചര്യവും ഉണ്ടായി. നവകേരള സദസ്സിനെതിരെ കറുത്ത ബലൂണുകള്‍ പറത്തിയും പ്രതിഷേധമുണ്ടായിരുന്നു.
പരിപാടിയുടെ ലക്ഷ്യത്തില്‍ നിന്ന് മാറ്റുന്നതിനായി ശ്രമം ഉണ്ടായെന്ന് മുഖ്യമന്ത്രി സദസ്സില്‍ പറഞ്ഞു. കേന്ദ്രം അര്‍ഹതപ്പെട്ട പണം അനുവദിക്കാതിരിക്കുമ്പോഴും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന് താല്പര്യം.
കേന്ദ്രത്തിന്റെ അവഗണനയില്‍ കേരളത്തിന് വേണ്ടി സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടതാണ്. നിങ്ങളുമായി ഒരു യോജിപ്പും ഞങ്ങള്‍ക്ക് ഇല്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി സമാപന ദിവസം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.