കോണ്‍ഗ്രസില്ലാതെ ഇന്ത്യ ഇല്ല; അഞ്ച് ശതമാനം വോട്ട് മതി, എല്ലാം മാറ്റിമറിക്കാൻ:ശശി തരൂര്‍,

തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയ പ്രകടനം പുറത്തെടുത്ത കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയഭാവി അപകടത്തിലാണെന്ന പ്രചരണങ്ങള്‍ക്കിടെ പ്രതിരോധവുമായി ശശി തരൂര്‍ എം.പി.

ദേശീയമാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് തരൂര്‍ മറുവാദങ്ങള്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസില്ലാതെ ഇന്ത്യ ഇല്ലെന്നും അഞ്ച് ശതമാനം വോട്ട് കൂടിയാല്‍ ചിത്രം വേറെയാകുമെന്നും തരൂര്‍ കുറിച്ചു.

'നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങളോടെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യത തീര്‍ത്തും ഇല്ലാതായെന്നും ഹിന്ദി ബെല്‍റ്റുകളില്‍ പാര്‍ട്ടിയുടെ കഥ കഴിഞ്ഞെന്നുമാണു മിക്കവരും പറയുന്നത്.

 'കോണ്‍ഗ്രസ് മുക്ത ഭാരതം' ആയിരുന്നല്ലോ 2014ല്‍ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളിലൊന്ന്. 2024ല്‍ അദ്ദേഹം ആ ലക്ഷ്യം നേടാൻ പോവുകയാണെന്നാണോ കരുതേണ്ടത്? അത്ര വേഗത്തില്‍ അതു നടക്കില്ല സുഹൃത്തുക്കളേ എന്നു തന്നെയാണ് എനിക്കു പറയാനുള്ളത്'-തരുര്‍ കുറിച്ചു. 

കോണ്‍ഗ്രസില്ലാതെ ഇന്ത്യ ഇല്ല 

സുപ്രധാനമായൊരു വസ്തുത അടിവരയിട്ടു പറയേണ്ടതുണ്ട്: കോണ്‍ഗ്രസില്ലാതെ ഇന്ത്യ ഇല്ല. കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നു എന്നതും എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നതും ഇന്ത്യയുടെ നിലനില്‍പിനും പുരോഗതിക്കും അത്രയേറെ അത്യാവശ്യമാണ്. 

സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കുകയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരികയും ചെയ്ത പാര്‍ട്ടിയാണ് എന്നതു മാത്രമല്ല കാരണം. 2019ലെ തോല്‍വിയിലും 12 കോടി വോട്ട് നേടിയിരുന്നു എന്നതും പാര്‍ലമെന്റിലെ നാമമാത്രമായ അംഗസംഖ്യയുടെ പല മടങ്ങ് ജനപിന്തുണ പുറത്തുണ്ട് എന്നതുമല്ല കാരണം. ഇന്ത്യയെ മുഴുവൻ ഒന്നായിക്കാണാൻ കഴിയുന്ന ഒരേ ഒരു പാര്‍ട്ടിയാകുന്നു കോണ്‍ഗ്രസ് എന്നതാണ് കാരണം'-തരൂര്‍ എഴുതുന്നു. 

വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് 

'ഈ രാജ്യത്തിന്റെ ചരിത്രത്തിനും സംസ്‌കാരത്തിനും സംഭാവന നല്‍കിയ എല്ലാവരുടേതുമാണ് ഇന്ത്യ എന്നതും ഇവിടത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കേണ്ടതു ഭൂരിപക്ഷ സമുദായത്തിന്റെ ബാധ്യതയാണ് എന്നതും കോണ്‍ഗ്രസിന്റെ അടിസ്ഥാന ബോധ്യങ്ങളാണ്. വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; ദേശീയ പ്രസ്ഥാനത്തിന്റെ ചൂളയില്‍ ഉരുവംകൊണ്ടൊരു ആദര്‍ശമാണ്. 

ഭരണകൂടത്തിന്റെ നയങ്ങളിലായാലും വ്യക്തിജീവിതത്തിലെ ശീലങ്ങളിലായാലും ജാതി-മത-വംശ-ഭാഷാ ഭേദമെന്യേ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്നൊരു ഇന്ത്യ എന്ന ആശയത്തിനു വേണ്ടിയാണു കോണ്‍ഗ്രസ് നിലകൊള്ളുന്നത്. ഇതിനു മുൻപു നേരിട്ട പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്‌ തിരിച്ചുവരാൻ കോണ്‍ഗ്രസിനു കഴിഞ്ഞതും അതുകൊണ്ടുതന്നെ'. 

അഞ്ച് ശതമാനം വോട്ട് മതി, എല്ലാം മാറ്റിമറിക്കാൻ 

'ബി.ജെ.പിക്കു പകരം നില്‍ക്കാൻ മാത്രം രാജ്യവ്യാപക സാന്നിധ്യമുള്ള ഏകപാര്‍ട്ടി കോണ്‍ഗ്രസാണെന്ന വസ്തുത നമ്മള്‍ മറന്നുകൂടാ. കേവലം മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണവും രണ്ട് സംസ്ഥാനങ്ങളില്‍ ഭരണമുന്നണിയില്‍ അംഗത്വവുമുള്ളൊരു പാര്‍ട്ടി മാത്രമാണ് കോണ്‍ഗ്രസ് എന്നതു ശരിതന്നെ. 

പക്ഷേ, ആ ഭരണപങ്കാളിത്തം ഹിമാചല്‍ പ്രദേശ് മുതല്‍ തെലങ്കാന വരെ നീളുന്നുണ്ട് എന്നോര്‍ക്കുക. ഭരണത്തിലല്ലെങ്കിലും രാജസ്ഥാൻ മുതല്‍ അസം വരെയും കശ്മീര്‍ മുതല്‍ കേരളം വരെയും ശക്തമായ ബദല്‍ സാന്നിധ്യമാണു കോണ്‍ഗ്രസ് എന്നതും മറക്കാതിരിക്കുക'. 

ആം ആദ്മി പാര്‍ട്ടിയോ തൃണമൂല്‍ കോണ്‍ഗ്രസോ പോലുള്ള പ്രാദേശിക കക്ഷികള്‍ക്കു സ്വന്തം സ്വാധീനപ്രദേശത്തിനു പുറത്ത് ശക്തമായ മത്സരം കാഴ്ചവയ്ക്കുക ബുദ്ധിമുട്ടാണ്. 

എങ്കിലും, രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഇന്ത്യാ മുന്നണിക്കു കഴിയും. പരാജയങ്ങളില്‍പോലും മറികടക്കാനാവാത്ത വോട്ടുവ്യത്യാസം ഉണ്ടാവില്ലെന്നുറപ്പ്. 

രാജ്യമെങ്ങും പാദമുദ്ര പതിപ്പിച്ചൊരു പ്രസ്ഥാനമെന്ന നിലയില്‍, വോട്ട് വിഹിതത്തില്‍ വെറും 5 ശതമാനം വര്‍ധനയുണ്ടായാല്‍പോലും 60-70 സീറ്റുകളാണു ലോക്‌സഭയില്‍ കോണ്‍ഗ്രസിന് അധികമായി കിട്ടുക. 

ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികള്‍ അവരുടെ സ്വന്തം സംസ്ഥാനങ്ങളില്‍ നേടുന്ന വിജയംകൂടി കണക്കിലെടുത്താല്‍, മോദി സര്‍ക്കാരിന്റെ നിലനില്‍പിനുതന്നെ ഭീഷണിയാകാൻ അതു ധാരാളം'-തരൂര്‍ എഴുതുന്നു. 

ഹിന്ദുത്വ രാഷ്ട്രീയംതന്നെ മുന്നിലുള്ളപ്പോള്‍ മൃദുവിനെ ആര്‍ക്കു വേണം? 

'രാഷ്ട്രീയ പ്രചാരണം എങ്ങനെ വേണം എന്നതു കോണ്‍ഗ്രസിനു വെല്ലുവിളി തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ ആക്രമിച്ചാല്‍ അതു ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കപ്പെടും. ഹിന്ദുത്വയെ ഏറ്റുപിടിച്ചാലോ മൃദുഹിന്ദുത്വമായി ആരോപിക്കപ്പെടുകയും ചെയ്യും (വോട്ട് കുത്താൻ യഥാര്‍ഥ ഹിന്ദുത്വ രാഷ്ട്രീയംതന്നെ മുന്നിലുള്ളപ്പോള്‍ മൃദുവിനെ ആര്‍ക്കു വേണം?). 

കോണ്‍ഗ്രസിനെ അപേക്ഷിച്ചു ബിജെപിക്കുള്ള യഥാര്‍ഥബലം അവരുടെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് തന്നെ: പണം, പ്രചാരണം, പബ്ലിക് റിലേഷൻസ്....പിന്നെ, പിന്തുണയെല്ലാം തിരഞ്ഞെടുപ്പു ദിവസം വോട്ടാക്കി മാറ്റാൻ അവര്‍ക്കുള്ള സംഘടനാസംവിധാനവും (ആര്‍എസ്‌എസിന്റെ തുണയും). ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള പോരാട്ടമാണ് 2024ലെ തിരഞ്ഞെടുപ്പ് എന്ന തിരിച്ചറിവില്‍ നിന്നുണ്ടാവുന്ന നിശ്ചയദാര്‍ഢ്യത്തോടെ വേണം അവരെ നേരിടാൻ. 

രാജ്യം സര്‍വനാശത്തില്‍

പത്ത് വര്‍ഷത്തെ ബിജെപി ഭരണം ഇന്ത്യയ്ക്കു സര്‍വമേഖലകളിലും വരുത്തിവച്ച നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. നാണ്യപ്പെരുപ്പവും ചരിത്രത്തില്‍ ഇതുവരെയില്ലാത്തത്ര രൂക്ഷമായ തൊഴിലില്ലായ്മയും മൂലം ആടിയുലയുന്ന സാമ്ബത്തികരംഗം. 

ന്യൂനപക്ഷങ്ങളെ (പ്രത്യേകിച്ചു മുസ്‌ലിംകളെ) അപരവല്‍ക്കരിക്കുന്നതിലൂടെ തകരാറിലായ സാമൂഹികഘടന. സ്വാതന്ത്ര്യവും സ്വയംഭരണവും തുരന്നെടുക്കപ്പെട്ട സ്ഥാപനങ്ങള്‍. ശുദ്ധവായുവില്ലാത്ത നഗരങ്ങളും ശുദ്ധജലമില്ലാത്ത നദികളും; പ്രകൃതിചൂഷണത്തിനുള്ള സൗജന്യ അനുമതി മൂലം നശിക്കുന്ന പരിസ്ഥിതി.

അയല്‍രാജ്യങ്ങളോടുള്ള ബന്ധവും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിനുള്ള സ്ഥാനവും അവതാളത്തിലായതിനു തെളിവായി ഖത്തര്‍ മുതല്‍ യുഎസ് വരെയും വാൻകൂവര്‍ മുതല്‍ ഗല്‍വാൻ വരെയുമുള്ള സംഭവങ്ങളും നമ്മുടെ മുൻപിലുണ്ട്. 

ഇപ്പറഞ്ഞ വീഴ്ചകളില്‍ ഒന്നേ ഒന്നു മാത്രമാണ് 2004ലെ തിരഞ്ഞെടുപ്പില്‍ വാജ്‌പേയി സര്‍ക്കാരിനു നേരിടേണ്ടിയിരുന്നത്; തൊഴിലില്ലായ്മ മാത്രം. എന്നിട്ടും അന്നു ബിജെപി തോറ്റു. 

അതുകൊണ്ടുതന്നെ, ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട്. കോണ്‍ഗ്രസ് വീണുപോയി എന്നതു സത്യം തന്നെ. പക്ഷേ, കളത്തിനു പുറത്തായിട്ടില്ല. ഇന്ത്യയുടെ രക്ഷയെ ഓര്‍ത്ത്, 'കോണ്‍ഗ്രസ് മുക്തഭാരതം' എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാൻ ഒരിക്കലും മോദിയെ അനുവദിക്കില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !