തിരുവനന്തപുരം: ഒരു വശത്ത് സര്‍ക്കാരുമായി സുപ്രീംകോടതി വരെയെത്തിയ നിയമപോരാട്ടമടക്കം തുടരുന്ന ഗവര്‍ണര്‍, ക്രിസ്തുമസിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാജ്ഭവനില്‍ വിളിച്ചുവരുത്തി വിരുന്ന് നല്കി പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള സമാന്തര വഴിയും തേടുന്നു.
ഈ ക്രിസ്തുമസ് വിരുന്നിന് ഒരു പ്രത്യേകത കൂടിയുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്തതിനെതിരേ തമിഴ്നാട്, പഞ്ചാബ് അടക്കം സംസ്ഥാനങ്ങള്‍ നല്കിയ കേസുകള്‍ പരിഗണിച്ച സുപ്രീംകോടതി ഗവര്‍ണറും മുഖ്യമന്ത്രിയും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
സമവായത്തിലൂടെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള വഴി എന്ന നിലയ്ക്കാണ് ഗവര്‍ണര്‍ ക്രിസ്തുമസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിക്കുക. സുപ്രീംകോടതിയുടെ പരാമര്‍ശം വന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ ക്രിസ്തുമസ് സത്കാരത്തിന് തീരുമാനമെടുത്തതെന്നത് ശ്രദ്ധേയം.
രാജ്ഭവനിലെ ആഘോഷത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷനേതാവ്, എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ മതപുരോഹിതന്മാര്, പ്രമുഖ വ്യക്തികള്‍ എന്നിവരെ ക്ഷണിക്കും. അതിഥികള്‍ക്ക് സമൃദ്ധമായ ഭക്ഷണവും സംഗീതപരിപാടികളുമൊരുക്കും. കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമടക്കം പങ്കെടുത്തേക്കും.
എല്ലാ സഭാദ്ധ്യക്ഷന്മാരെയും രാജ്ഭവനിലേക്ക് ക്ഷണിക്കും. വിളിക്കേണ്ടവരുടെ പട്ടികയും ക്ഷണക്കത്തും രാജ്ഭവൻ തയ്യാറാക്കും. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ നേരിട്ട് ക്ഷണിക്കാനുമിടയുണ്ട്. രാജ്ഭവനിലെ പരിപാടിയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് കേക്കുമുറിക്കുന്നതടക്കുള്ള പരിപാടികള്‍ ആലോചനയിലുണ്ട്. എന്നാല്‍, ഗവര്‍ണറുമായി ഇടഞ്ഞുനില്‍ക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സല്‍ക്കാരത്തില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
നേരത്തേ സര്‍ക്കാരുമായുള്ള ഭിന്നതയെത്തുടര്‍ന്ന് മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സ്വാതന്ത്ര്യ ദിനത്തില്‍ പതിവായി രാജ്ഭവനില്‍ നടത്താറുള്ള സത്കാരം ഗവര്‍ണര്‍ ഉപേക്ഷിച്ചിരുന്നു. ഗവര്‍ണറുടെ സെക്രട്ടറിയുടെ ആവശ്യപ്രകാരം സത്കാരത്തിനായി സര്‍ക്കാര്‍ 15ലക്ഷം അനുവദിച്ച ശേഷമാണ് സത്കാരം റദ്ദാക്കിയത്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ തുക നല്കാൻ ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് തന്നെ ക്ഷണിച്ചില്ലെന്നും അന്വേഷിച്ചപ്പോള്‍ ഇത്തവണ ആഘോഷപരിപാടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. സര്‍ക്കാരിന്റെ ആഘോഷദിവസം ഗവര്‍ണര്‍ അട്ടപ്പാടിയിലെത്തി ആദിവാസികള്‍ക്കൊപ്പമാണ് ഓണം ആഘോഷിച്ചത്.
ഓണം വാരാഘോഷത്തിന്റെ സമാപനമായ ഔദ്യോഗിക ഘോഷയാത്രയില്‍ ഗവര്‍ണറും പത്നിയുമാണ് എല്ലാവര്‍ഷവും വിശിഷ്ടാതിഥികള്‍. പാളയത്ത് പ്രത്യേക വി.ഐ.പി പവിലയൻ ഒരുക്കിയാണ് ഗവര്‍ണറെ സ്വീകരിച്ചിരുത്താറുള്ളത്. ഘോഷയാത്ര കാണാൻ ഉത്തരേന്ത്യയില്‍ നിന്ന് ഗവര്‍ണറുടെ ബന്ധുക്കളടക്കം എത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ വിളിച്ചില്ല.ക്രിസ്തുമസ് വിരുന്ന് നിശ്ചയിച്ചിരിക്കുന്ന 10ന് മുഖ്യമന്ത്രി തലസ്ഥാനത്ത് ഉണ്ടാവില്ല.
നവകേരള സദസിന്റെ ഭാഗമായി അദ്ദേഹം ഇടുക്കി, എറണാകുളം ജില്ലകളിലായിരിക്കും. പെരുമ്ബാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ മണ്ഡലങ്ങളില്‍ നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും 10ന് എറണാകുളം, ഇടുക്കി ജില്ലകളിലാണ്. വൈകിട്ട് ആറരയ്ക്ക് തൊടുപുഴയിലാണ് സദസ്. ഇതിനിടയില്‍ മുഖ്യമന്ത്രി ഗവര്‍ണറുടെ സത്കാരത്തിനെത്തുമോ എന്നാണ് കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.