ഇടുക്കി: വണ്ടിപ്പെരിയാര്‍ പീഡനക്കേസ് കൊന്ന് കുഴിച്ച് മൂടിയത് പോലീസ്. കേസിന്റെ തുടക്കത്തില്‍ മുതല്‍ നടന്നത് അട്ടിമറികളുടെ വലിയ നീക്കമാണ്. കഴുത്തില്‍ ഷോള് കുരുങ്ങി മരിച്ചുവെന്ന ഒറ്റവരി എഴുതിപൊലിപ്പിച്ച് തടുതപ്പാന് നോക്കിയ പോലീസിന്റെ നാറിയ കളി പൊളിച്ചത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ്.
കുട്ടി നിരന്തര പീഡനത്തിന് ഇരയായി എന്ന് പുറത്തായതോടെ കേസ് ഒതുക്കാന്‍ നോക്കിയവരുടെ മുഖത്തേറ്റ അടിയായി അത്. തുടക്കം മുതല്‍ തന്നെ ദുരൂഹതകളായിരുന്നു. സംഭവ സ്ഥലത്തേക്ക് പോലീസ് എത്താന്‍ വൈകി.രക്തസാമ്പിള്‍ ശേഖരിച്ചില്ല, കുഞ്ഞ് മരിച്ച് കിടന്ന മുറിയില്‍ നിന്ന് തെളിവ് ശേഖരിച്ചില്ല,കിട്ടിയ തെളിവുകള്‍ സൂക്ഷിച്ചില്ല, ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചില്ല തുടങ്ങി പോലീസിന്റെ വലിയ പിഴവുകള്‍. എന്തിന് വേണ്ടി പോലീസ് പിന്നോട്ട് നിന്നു.
അര്ജുന് അല്ല കുറ്റവാളിയെങ്കില്‍ ആരാണ് യഥാര്‍ഥ പ്രതി? അര്‍ജുനെ, തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയയ്ക്കുമ്പോള്‍ ഉയരുന്നത് ഈ ചോദ്യം. പോലീസ് പറയുന്നതുപോലെ അര്ജുന് തന്നെയാണ് പ്രതിയെങ്കില്‍ എന്തുകൊണ്ട് കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നതിനും ഉത്തരം കിട്ടേണ്ടതുണ്ട്.
കളിക്കുന്നതിനിടെ അബദ്ധത്തില്‍ തുണിയില്‍ കുരുങ്ങി മരിച്ചതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമികനിഗമനം. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍, കുട്ടി നിരന്തരം പീഡനത്തിനിരയായെന്നും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും തെളിയുകയായിരുന്നു.
ഇതൊടെ, പ്രദേശവാസികളിലേക്ക് പോലീസ് അന്വേഷണം നീണ്ടു. നാലുയുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. അതില്‍ ഇപ്പോള്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുനുമുണ്ടായിരുന്നു.
കുട്ടിയെ ചെറുപ്പംമുതല്‍ ഇയാള്‍ക്ക് അറിയാമായിരുന്നു. ഇയാള്‍ കുട്ടിയുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുകയും വികാരാധീനനാകുകയും ചെയ്തു. എന്നാല്‍, കൊല്ലപ്പെട്ട ദിവസം കുട്ടിയെ കണ്ടിട്ടില്ലെന്നായിരുന്നു അര്‍ജുന്റെ മൊഴി.
ഇതിന് വിപരീതമായി, അന്നേ ദിവസം കുട്ടിയുമായി അര്ജുന് നില്‍ക്കുന്നത് കണ്ടുവെന്ന പ്രദേശവാസിയുടെ മൊഴി വഴിത്തിരിവായി. വീണ്ടും അന്വേഷിച്ചപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം മുടിവെട്ടാന്‍ പോയ അര്ജുന്, കുട്ടി കൊല്ലപ്പെടുന്ന സമയത്തോട് അടുപ്പിച്ച് അവിടെനിന്ന് കുറച്ചുനേരം മാറിയതായും കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടി.ഡി. സുനില്‍കുമാര്‍ പറഞ്ഞിരുന്നു.
ഇതോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വിശദമായ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍, കൃത്യം നടത്തിയശേഷം കുട്ടി താമസിച്ചിരുന്ന ലയത്തിലെ ചെറിയ ജനാലയിലൂടെ പുറത്തിറങ്ങിയ രീതി അര്ജുന് പോലീസിന് കാണിച്ചുകൊടുത്തു. ഇതിന് നൂറുകണക്കിനുപേര്‍ സാക്ഷിയായിരുന്നു.
കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. കഴുത്തില്‍ തുണി മുറുകുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നെന്നും മല്‍പ്പിടുത്തം നടന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അര്ജുന് പ്രതിയാണെന്നതരത്തിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും എവിടെയാണ് പിഴച്ചതെന്നാണ് ഒരുനാട് മുഴുവന്‍ ചോദിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ ആവശ്യമായ എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കിയെന്നാണ് പോലീസ് പറയുന്നത്. ആരാണ് നിരന്തരമായി കുട്ടിയെ പീഡിപ്പിച്ചതെന്നും കണ്ടെത്തേണ്ടതുണ്ട്. കുട്ടിയുടെ ദേഹത്തെ മുറിവുകള്‍ എങ്ങനെ ഉണ്ടായി എന്നതിനും ഉത്തരമില്ല.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ പിതാവ് രംഗത്ത്. പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും കുട്ടിയുടെ അച്ഛന് പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതില്‍ പൊലീസ് വീഴ്ച്ച വരുത്തി. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ചുമത്തിയാല്‍ ആനുകൂല്യം ലഭിക്കില്ല എന്ന് കത്ത് വന്നപ്പോള്‍ ആണ് ഇത്തരമൊരു തീരുമാനമെടുത്തതാണ് അറിഞ്ഞത്.
കേസില്‍ പ്രതിയായ അര്ജുന് പള്ളിയില്‍ പോകുന്നയാളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പൊലീസ് അലംഭവം കാണിച്ചുവെന്നും കുട്ടിയുടെ അച്ഛന് ആരോപിച്ചു. ഡിവൈ എസ് പി ക്ക് പിന്നീട് പരാതി നല്കി. തുടര്‍ന്ന് സിഐയെ സമീപിക്കാന്‍ പറഞ്ഞു. പീരുമേട് എംഎല്‍എയുടെ കത്തും നല്കി.
എന്നിട്ടും പൊലീസ് ഇക്കാര്യത്തില്‍ പ്രതിക്കൊപ്പം നിന്നു. എസ് സിഎസ്ടി നിയമം ചുമത്തിയാല്‍ അന്വേഷണം ഡിവൈഎസ്പി നടത്തണം. ഇത് ഒഴിവാക്കാനാണ് ആ വകുപ്പ് ഇടാതെയിരുന്നത്. കേസ് നീണ്ടു പോകും എന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞുവെന്നും കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.
കേസില്‍ പൊലീസിനെതിരെ അക്കമിട്ടു നിരത്തിക്കൊണ്ട് ആരോപണങ്ങള്‍ ഉയരുമ്പോഴാണ് കുടുബവും പൊലീസിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇന്നലെ കോടതി വിധിയില്‍ പൊലീസിന്റെ വീഴ്ച്ചകള്‍ വിധിയില്‍ എടുത്തു പറഞ്ഞിരുന്നു.
അതേസമയം കോടതി വിട്ടയച്ച പ്രതി അര്ജുന് ഇന്നലെ വൈകിട്ട് ജയില്‍മോചിതനായി. വൈകിട്ട് നാലോടെ അര്‍ജുന്റെ പിതാവ് സുന്ദര്‍ പീരുമേട് ജയിലിലെത്തി. ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പിതാവിനൊപ്പം അര്‍ജുനെ വിട്ടയച്ചു. ഇരുവരും പുറത്തിറങ്ങി പൊലീസ് കാവലിലാണു മടങ്ങിയത്.
അതീവ രഹസ്യമായിട്ടായിരുന്നു ഈ നടപടികള്‍. കോടതിയില്‍നിന്ന് വാറന്റ് എത്തുകയുള്ളുവെന്നും അതിനു ശേഷം മാത്രമേ അര്‍ജുനെ വിട്ടയയ്ക്കുകയുള്ളൂ എന്നുമായിരുന്നു സൂചനകള്‍.
എന്നാല്‍ പ്രതിയെ ജയിലില്‍ എത്തിച്ചതിനു പിന്നാലെ വാറന്റും വേഗത്തിലെത്തി. സുരക്ഷ കണക്കിലെടുത്ത് അര്‍ജുനെ ബന്ധുക്കള്‍ തമിഴ്നാട്ടിലേക്കു കൊണ്ടുപോയെന്നാണു സൂചന.
തുടക്കംമുതല്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നതായി ആരോപണമുണ്ട്. കളിക്കുന്നതിനിടെ ഷാള്‍ കുരുങ്ങി മരണം എന്ന് ആയിരുന്നു ആദ്യ പ്രചാരണം. മരണത്തില്‍ ദുരൂഹതയില്ലെന്ന സ്റ്റേഷന് ഹൗസ് ഓഫിസറുടെ വെളിപ്പെടുത്തലും പിന്നാലെ വന്നു. പോസ്റ്റ്മോര്‍ട്ടം ആവശ്യമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു എന്നറിയിച്ചു ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദവുമുണ്ടായി.
കുട്ടിയെ ആദ്യം പരിശോധിച്ച വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ കണ്ടെത്തല്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളെ പൊളിച്ചു. കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും കാണപ്പെട്ട പാടുകള്‍, മുറിവുകള്‍ എന്നിവ ഡോക്ടര്‍ പല തവണ പരിശോധിച്ചു.
പോസ്റ്റ്മോര്‍ട്ടം വേണമെന്ന നിബന്ധന വയ്ക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമാണു സ്റ്റേഷന് ഹൗസ് ഓഫിസര്‍ പീഡനം, കൊലപാതകം എന്നിവ നടന്നുവെന്നു സമ്മതിച്ചത്.
അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം ആദ്യം ജില്ലാ പൊലീസ് മേധാവി തിരിച്ചയച്ചിരുന്നു. കുറ്റപത്രത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എസ്പി ആര്.കറുപ്പസ്വാമി കുറ്റപത്രം തിരികെ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്കു കൈമാറിയത്.
പിന്നീടു കുറ്റപത്രം പുതുക്കിയാണു 2021 സെപ്റ്റംബര്‍ 21നു സമര്‍പ്പിച്ചത്. കേസിന്റെ വിസ്താരം കേള്‍ക്കുന്ന ജഡ്ജി വിചാരണയ്ക്കിടെ മാറിയിരുന്നു.
നാട്ടില്‍ അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്നു അര്ജുന്. സിപിഎം, ഡിവൈഎഫ്ഐ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു. ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെ സമ്മേളനങ്ങളില്‍ റെഡ് വൊളന്റിയര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.
വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന് ടി.ഡി.സുനില്‍കുമാര്‍ ഈ വര്‍ഷം മേയില്‍ മറ്റൊരു കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനു സസ്പെന്‍ഷനു ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു.
രാജസ്ഥാന് യുവതിയെ കുമളിയില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തിലായിരുന്നു ഈ ശുപാര്‍ശ.
സംഭവത്തില്‍ അന്നത്തെ പീരുമേട് ഡിവൈഎസ്പി ജെ.കുര്യാക്കോസ്, കുമളി എസ്ഐ പി.ഡി.അനൂപ്മോന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യുന്നത് അസോസിയേഷന്റെ പ്രതിഷേധം മൂലം മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.