കൊച്ചി :കഴിഞ്ഞ ഒൻപത് ദിവസമായി ഒരു കുഞ്ഞ് ശരീരം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുണ്ട്. അമ്മയുടെ മാറിലെ ചൂടേറ്റ് ഉറങ്ങേണ്ട പ്രായത്തിലാണ് വെറും ഒന്നരമാസം മാത്രം പ്രായമുള്ള ആണ്‍കുരുന്ന് അമ്മയുടെ കാമുകന്റെ ക്രൂരതയില്‍ കൊലചെയ്യപ്പെട്ട് മോര്‍ച്ചറി തണുപ്പില്‍ മരവിച്ചു കിടക്കുന്നത്.
ഡിസംബര്‍ രണ്ടിനാണ് കൊച്ചി എളമക്കരയില്‍ ചേര്‍ത്തല സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെ ഇവരുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ഷാനിഫ് ക്രൂരമായി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അച്ഛനാരാണെന്ന് അശ്വതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റു ബന്ധുക്കളും ഇതുവരെ അന്വേഷിച്ചെത്തിയിട്ടില്ല.
കുറച്ചു ദിവസം കൂടി കാത്തിരുന്ന ശേഷവും മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ലെങ്കില്‍ കുഞ്ഞിനെ പൊതുശ്മശാനത്തില്‍ സംസ്കരിക്കുമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
ഡിസംബര്‍ ഒന്നിന് അശ്വതിയുമായി കറുകപ്പിള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്ത ഷാനിഫ് രണ്ടാം തീയതി അബോധാവസ്ഥയിലായ കുഞ്ഞുമായി ജനറല്‍ ആശുപത്രിയിലെത്തുകയായിരുന്നു.
കുഞ്ഞിന്റെ ദേഹത്ത് പരിക്കുകള്‍ കണ്ട് സംശയംതോന്നിയ ഡോക്ടറാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്.
അതിക്രൂരമായാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ തല തന്റെ കാല്‍മുട്ടില്‍ ഇടിപ്പിച്ച ഷാനിഫ് മരണം ഉറപ്പാക്കാൻ കുഞ്ഞിന്റെ ദേഹത്ത് കടിക്കുകയും ചെയ്തു.അശ്വതിക്ക് മറ്റൊരുബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചത്.
ഷാനിഫും അശ്വതിയും കഴിഞ്ഞ നാലുമാസമായി അടുപ്പത്തിലാണ്. ഇതിനിടെയാണ് അശ്വതിക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിനെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
ചെറിയ പരിക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കാനും അതുവഴി സ്വാഭാവികമരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.
കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഷാനിഫും അശ്വതിയും ലോഡ്ജില്‍ മുറിയെടുത്തത് തന്നെ. കുഞ്ഞിനെ കൊല്ലാൻപോകുന്ന കാര്യം ഷാനിഫ് അശ്വതിയോട് പറഞ്ഞിരുന്നു.
അശ്വതി ഇതിനെ എതിര്‍ക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്തില്ല. പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. എന്നാല്‍, കൃത്യത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്കും വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.