ഡബ്ലിന്‍ : ഗെറിറ്റ് കൊടുങ്കാറ്റ് അയര്‍ലണ്ടിന്റെ വിവിധ മേഖലകളില്‍ വലിയ നാശം വിതച്ചതായി സർക്കാർ.
മരങ്ങള്‍ കൂട്ടത്തോടെ വീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണ ശൃംഖല തകര്‍ന്നതിനെ തുടര്‍ന്ന് കെറി, വാട്ടര്‍ഫോര്‍ഡ്, വെക്സഫോര്‍ഡ് കൗണ്ടികളില്‍ നൂറുകണക്കിന് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും ഇരുട്ടിലായി.നിരവധി മരങ്ങളാണ് ഇവിടങ്ങളില്‍ നിലംപൊത്തിയത്.
വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ രാത്രി 11 മണിയോടെ വാഹനത്തിനു മുകളിലേയ്ക്ക് മരം വീണ് നാല്‍പ്പതുകാരനായ ടാക്സി ഡ്രൈവര്‍ക്ക് പരിക്കേറ്റു.ഇദ്ദേഹത്തെ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.വാട്ടര്‍ ഫോര്‍ഡില്‍ മാത്രം പത്ത് മരങ്ങള്‍ കടപുഴകി വീണെന്ന് കൗണ്ടി കൗണ്‍സിലിലെ സീനിയര്‍ എന്‍ജിനീയര്‍ ഗബ്രിയേല്‍ ഹൈന്‍സ് പറഞ്ഞു.വെക്സ്ഫോര്‍ഡിലെ ക്ലോണാര്ഡ്, കില്ലിനിക്,ബീലീസ് ടൗണ്‍,കെറിയിലെ കില്ഫ്ളിന്. കാരിഗ്ഷെയ്ന് പ്രദേശങ്ങളിലാണ് വീടുകളിലും ബിസിനസ്സുകളിലും വൈദ്യുതി മുടങ്ങിയത്. മരങ്ങള്‍ നിലംപൊത്തിയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
റോഡുകളില്‍ നിന്നും മരക്കൊമ്പുകളും അവശിഷ്ടങ്ങളും അപകടമുണ്ടാക്കും.വെള്ളക്കെട്ടിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ഉപദേശിച്ചു.നടപ്പാതകളും റോഡുകളും തകരാറിലായിട്ടുണ്ട്.വാട്ടര്‍ഫോര്‍ഡ് സിറ്റിയുടെയും കൗണ്ടി കൗണ്‍സിലിന്റെയും ക്ലൈമറ്റ് മാനേജ്മെന്റ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
കോര്‍ക്കില്‍ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെങ്കിലും പലയിടങ്ങളിലായി 13 മരങ്ങള്‍ നിലംപൊത്തി.കനത്ത മഴയില്‍ സ്പോട്ട് വെള്ളപ്പൊക്കവുമുണ്ടായി. എന്നാലും കാര്യമായ പ്രശ്നമുണ്ടാക്കിയില്ല.
നദികളിലെ ജലനിരപ്പും ഉയര്‍ന്നെങ്കിലും പേടിക്കേണ്ട നിലയില്ല.മുന്‍കരുതല്‍ നടപടിയായി മല്ലോയിലും ഫെര്മോയിലും തടയണകള്‍ സ്ഥാപിച്ചു.കോര്‍ക്ക് കൗണ്‍സില്‍ സംഘവും കൗണ്ടിയിലുടനീളം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് വക്താവ് വ്യക്തമാക്കി.
കൊടുങ്കാറ്റ് മുന്‍ നിര്‍ത്തി വാട്ടര്‍ഫോര്‍ഡ്, ക്ലെയര്‍, കോര്‍ക്ക്, കെറി, വെക്സ്ഫോര്‍ഡ് കൗണ്ടികള്‍ക്ക് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരുന്നു.രാജ്യ വ്യാപകമായി യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.ക്ലെയര്‍, കെറി, ഡോണഗേല്‍, ഗോള്‍വേ, ലെട്രിം, മേയോ,സ്ലൈഗോ കൗണ്ടികളില്‍ രാവിലെ 6 മണി വരെ ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
സ്പ്രിംഗ് ടൈഡുകള്‍, വന്‍ തിരമാലകള്‍, ശക്തമായ കാറ്റ് എന്നിവ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്കി. മഴ ചില സ്ഥലങ്ങളില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകും.കൊണാച്ച്, മണ്‍സ്റ്റര്‍, ഡോണഗേല്‍ എന്നിവിടങ്ങളില്‍ യെല്ലോ ഇടിമിന്നല്‍ മുന്നറിയിപ്പ് നിലവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.