ആലപ്പുഴ: വൈക്കത്തുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കയറുന്ന നവകേരള വോൾവോ ബസ് വേമ്പനാട്ടുകായലിലെ ജങ്കാറിലൂടെ വരുന്നതുകാണാൻ തവണക്കടവ് ജെട്ടിയിൽ ആളുകൾ തടിച്ചുകൂടി കാത്തിരുന്നു.
എന്നാൽ, അവസാനനിമിഷം എല്ലാം മാറിമറിഞ്ഞു. മുഖ്യമന്ത്രി വന്നത് ഇന്ത്യയുടെ ആദ്യ സോളാർ കടത്തുബോട്ടായ ‘ആദിത്യ’യിൽ. ഏതാനും മന്ത്രിമാർ വന്നതു ശിക്കാര ബോട്ടുകളിൽ. നവകേരള ബസ്സിൽ വന്നതു നാലു മന്ത്രിമാർ.നവകേരള ബസ്സും അകമ്പടി വാഹനങ്ങളും ജെട്ടിയിൽ ഇറങ്ങിയതോടെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിനു വ്യാഴാഴ്ച അഞ്ചരയോടെ തുടക്കമായി. അരൂർ മണ്ഡലത്തിലെ അരയൻകാവിലായിരുന്നു ആദ്യപരിപാടി. കായലിലുടനീളം മത്സ്യത്തൊഴിലാളികൾ ചുവന്ന ബലൂണുകളും വർണക്കുടകളും നിവർത്തി മന്ത്രിമാരെ എതിരേറ്റു.
മുഖ്യമന്ത്രിയും മന്ത്രിമാരും വന്നിറങ്ങുമ്പോൾ വാദ്യമേളങ്ങളും വെടിക്കെട്ടും മുഴങ്ങി. എൽ.ഡി.എഫ്. നേതാക്കൾ ഷാളണിയിച്ച് മന്ത്രിമാരെ ആലപ്പുഴയുടെ മണ്ണിലേക്ക് എതിരേറ്റു.മുഖ്യമന്ത്രി വൈക്കം ബീച്ചിൽ പ്രസംഗിക്കുന്നതിനിടയിൽത്തന്നെ 14 ഇന്നോവ കാറുകളും നവകേരള ബസ്സുമായി ജങ്കാർ മൂന്നുതവണ തവണക്കടവിലേക്കു യാത്ര നടത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി വന്നപ്പോൾ സോളാർ ബോട്ടിലേക്കു കയറുകയായിരുന്നു. ബസ്സിൽ നാലുമന്ത്രിമാർ നേരത്തേയെത്തി. മറ്റുള്ളവർ ശിക്കാര ബോട്ടുകളിലും.
അവസാന നിമിഷത്തെ മാറ്റത്തിനു പ്രത്യേക കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നാണ് ഔദ്യോഗിക വിശദീകരണം. മന്ത്രിസഭയൊന്നടങ്കം ജങ്കാറിൽ സഞ്ചരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നതിനാൽ സഞ്ചാരം ബോട്ടിലാക്കുന്നതു സുരക്ഷയ്ക്കും ഗുണം ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥർ നിശ്ചയിച്ചതായാണു സൂചന.
എല്ലാം മാറിയതു പെട്ടെന്ന്
അങ്കലാപ്പിലായതു പോലീസും ബോട്ടുജെട്ടിയിലെ ജീവനക്കാരും. ജങ്കാറിലാകും മന്ത്രിമാരെത്തുന്നതെന്നു കരുതി ജെട്ടിയിൽ കാര്യമായി തയ്യാറെടുപ്പു നടത്തിയിരുന്നില്ല. ശിക്കാരവള്ളത്തിൽ മന്ത്രിമാരെത്തുന്ന കാര്യവും 2.45-ഓടെയാണ് ജില്ലാ പോലീസ് മേധാവിയുൾപ്പെടെ അറിഞ്ഞത്.
ആദ്യഘട്ടത്തിലെത്തിയ മന്ത്രിമാർക്കു പൈലറ്റ് വാഹനങ്ങളും ഒരുക്കിയിരുന്നില്ല. പിന്നെ, വാഹനമൊരുക്കുന്ന തിരക്കായി. സോളാർ ബോട്ടിലാണു മുഖ്യമന്ത്രി എത്തുന്നതെന്ന വിവരം രഹസ്യമായിരുന്നു. മൂന്നു മണിയോടെ ജെട്ടിയിൽ കയറുകെട്ടി പ്രവേശനം തടഞ്ഞു. ഇതറിയാതെ എത്തിയ വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.
ഒരുക്കം തുടങ്ങിയതു മൂന്നരയോടെ
ബോട്ടുജെട്ടിയിൽ മൂന്നരയോടെ ഡോഗ് സ്ക്വാഡ് പരിശോധനയ്ക്കെത്തി. പെട്ടെന്നുതന്നെ ഉദ്യോഗസ്ഥർ ഇവിടം വൃത്തിയാക്കി. കായലിലെ പോള റെസ്ക്യൂ ബോട്ടുകൊണ്ട് നീക്കി.
കായലിൽ നിരന്ന ചെറുവള്ളങ്ങളെ ഒരുവശത്തേക്കു മാറ്റി. അഞ്ചരയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും വേമ്പനാട്ടുകായൽകടന്ന് ആലപ്പുഴ ജില്ലയിലെത്തി. ആറുമണിയോടെയാണു ബോട്ട് സർവീസ് പുനരാരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.