തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നതുസംബന്ധിച്ച വിഷയത്തില്‍ പരസ്യപ്രതികരണം പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്.
ചടങ്ങിലേക്ക് ക്ഷണം കിട്ടിയപ്പോഴേ നിരാകരിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പങ്കെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്ന് പറയുന്നതിന്റെ പൊരുള്‍ മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.'കോണ്‍ഗ്രസ് പിന്തുടരുന്ന ജനവഹര്‍ലാല്‍ നെഹ്റുവിന്റേയും ഇന്ദിരാഗാന്ധിയുടേയും സാമ്പത്തിക നയങ്ങളിലും മതേതരമൂല്യങ്ങളിലും വെള്ളംചേര്‍ത്തു. പലസംസ്ഥാനങ്ങളിലും മൃദുഹിന്ദുത്വവുമായി മുന്നോട്ടുപോയി.
അവിടെയൊക്കെ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ബിജെപിയുടെ തീവ്രഹിന്ദുത്വയെ മൃദുഹിന്ദുത്വകൊണ്ട് എതിരിടാന്‍ പറ്റില്ല. ഹിന്ദുത്വവികാരമുള്ളവര്‍ മൃദുവികാരത്തിനൊപ്പമല്ല, തീവ്രവികാരത്തിനൊപ്പമാണ് പോവുക', എന്നു പറഞ്ഞതിന് ശേഷമായിരുന്നു രാമക്ഷേത്രം സംബന്ധിച്ച് അദ്ദേഹം തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണം നിരാകരിക്കണമെന്ന് നേരത്തെ സുധീരിന് പ്രതികരിച്ചിരുന്നു. പരസ്യപ്രസ്താവനകള്‍ ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.
'ശ്രീരാമന്റെ പേരില്‍ ക്ഷേത്രം നിര്‍മിച്ച് രാഷ്ട്രീയ അജന്‍ഡയാക്കുന്ന നിലപാട് ശക്തമാക്കാന്‍ മറ്റുള്ളവരെ ക്ഷണിക്കുമ്പോള്‍ ആ ഗൂഢതന്ത്രം എന്തെന്ന് തിരിച്ചറിയാന്‍ സാധിക്കണം. അത് തിരിച്ചറിഞ്ഞ് കൈയ്യോടെ ക്ഷണം നിരസിക്കണമായിരുന്നു.
ആരെങ്കിലും പങ്കെടുത്താല്‍ അത് നരേന്ദ്രമോദിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണ്. അത് ആത്മഹത്യാപരമായിരിക്കും. ഇനിയെങ്കിലും വൈകാതെ ക്ഷണം നിരസിക്കണം. ഇല്ലെങ്കില്‍ അത് കോണ്‍ഗ്രസിനും മതേതര കക്ഷികള്‍ക്കും ക്ഷീണമാണ്', അദ്ദേഹം പറഞ്ഞു.
പണ്ട് കോണ്‍ഗ്രസില്‍ രണ്ടുഗ്രൂപ്പെങ്കില് ഇന്ന് അതിനേക്കാള്‍ ഗ്രൂപ്പുകള്‍. ഇത് ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ല. രാഹുല്‍ഗാന്ധിയും താരിഖ് അന്‍വറും ബന്ധപ്പെട്ട് പരാതി പരിഹാരം വാഗ്ദാനം ചെയ്തെങ്കിലും ഒന്നുമുണ്ടായില്ല. ഇന്ന് അഞ്ചുഗ്രൂപ്പുകളുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഗ്രൂപ്പില്‍ ഉപഗ്രൂപ്പുകളുമുണ്ട്.
കെപിസിസിയുടേയും എഐസിസിയുടേയും ശരിയല്ലാത്ത നിലപാടില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ പരിപാടികളില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. ഡിസിസികളുടെ പരിപാടികള്‍ കേരളത്തില്‍ എമ്പാടും പങ്കെടുക്കുന്നുണ്ട്.
പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നു. എന്നാല്‍ താന്‍ പണി അവസാനിപ്പിച്ചുവെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'കെപിസിസി പ്രസിഡന്റ് പറയുന്ന പലകാര്യങ്ങളും അദ്ദേഹത്തിന് തന്നെ മനസിലാകുന്നില്ല. പറയുന്ന പലതും തിരുത്തേണ്ടി വരുന്നുണ്ട്. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ കെപിസിസി പ്രസിഡന്റ് പ്രതികരിക്കേണ്ടിയിരുന്നത് യോഗത്തിലാണ്. പക്ഷേ അദ്ദേഹം പരസ്യമായി പ്രതികരിച്ചു.
അദ്ദേഹത്തിന്റെ ഭാഗത്ത് ഔചിത്യരാഹിത്യമുണ്ടായി. കെ, സുധാകരന്റെ ഔചിത്യരാഹിത്യം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായി. വി.എം. സുധീരന് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞ് സ്ഥലം വിട്ടുവെന്ന് പറഞ്ഞു.
ഞാന്‍ സംസാരിച്ച ശേഷം പലരും സംസാരിച്ചു. യോഗത്തില്‍ എല്ലാരേയും അറിയിച്ച ശേഷമാണ് ഇറങ്ങിവന്നത്', സുധീരന് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.