കണ്ണൂര്‍: ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1990 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കൂട്ടായ്മ 'കണ്ണാടി' 2023 ജൂണ്‍ 25-ന് ആദ്യമായി സംഗമിച്ചപ്പോഴാണ് രണ്ടുപേര്‍ നാല്പത്തിയെട്ടാം വയസ്സിലും അവിവാഹിതരായി തുടരുന്ന കാര്യം സഹപാഠികള്‍ മനസ്സിലാക്കിയത്.
തോട്ടട അമ്മൂപ്പറമ്പ് പി.കെ.ഹൗസിലെ പരേതനായ പി.കെ.ബാലന്റെയും വി.വി.നാരായണിയുടെയും മകന് രാജേഷും കോയ്യോട് പുതിയേടത്ത് വീട്ടിലെ പരേതരായ കുമാരന്റെയും ഓമനയുടെയും മകള്‍ ഷൈനിയും. ഷൈനിക്ക് കുറേ വിവാഹാലോചനകള്‍ വന്നിരുന്നു. രാജേഷ് കുറേ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഒന്നും സഫലമായില്ല.പരിപാടിക്കിടയില്‍ രാജേഷിന്റെയും ഷൈനിയുടെയും കല്യാണക്കാര്യം ചര്‍ച്ചയായി. രണ്ടുപേര്‍ക്കും എന്തുകൊണ്ട് ഒന്നിച്ചുകൂടായെന്ന ചോദ്യങ്ങളുയര്‍ന്നു. രണ്ടുപേരും മൗനംകൊണ്ട് കൂട്ടുകാരുടെ വാക്കുകള്‍ ശരിവെച്ചു. പിരിയാന്‍നേരത്ത് സ്വകാര്യമായി രാജേഷ് ഷൈനിയോട് ചോദിച്ചു; 'എന്നെ ഇഷ്ടമാണോ..?' ഷൈനി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
അങ്ങനെ, ജാതിയും ജാതകവുമൊന്നും പരിഗണിക്കാതെ, ഡിസംബര്‍ രണ്ട് ശനിയാഴ്ച ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ത്തന്നെ സജ്ജമാക്കിയ വേദിയില്‍ ഷൈനിയുടെ കഴുത്തില്‍ രാജേഷ് താലിചാര്‍ത്തി.
സ്കൂളില്‍ നടക്കുന്ന ആദ്യവിവാഹം. സഹപാഠികളെല്ലാം ഒരേ വേഷത്തിലാണ് വിവാഹത്തിനെത്തിയത്. അധ്യാപകരും നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ 1,500 പേരോളം വിവാഹത്തിനെത്തി. എല്ലാവര്ക്കും സദ്യയും നല്കി.
ഏഴിലും പത്തിലും രാജേഷും ഷൈനിയും ഒരു ക്ലാസിലായിരുന്നു. 1990-ല്‍ പത്താംക്ലാസ് കഴിഞ്ഞശേഷം 33 വര്‍ഷത്തിനിടയില്‍ ഇരുവരും ഒരിക്കല്‍പ്പോലും കണ്ടില്ല.
ഐ.ടി.സി. പാസായ രാജേഷ് തോട്ടടയിലെ ടി.വി.എസില്‍ വാഹന മെക്കാനിക്കാണ്. പ്രി ഡിഗ്രിയും ടൈപ്പ് റൈറ്റിങ്ങും പാസായ ഷൈനി പെരളശ്ശേരിയില്‍ ടെയ്ലറാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.