ഇടുക്കി: പോലീസുകാരനെ സഹപ്രവര്‍ത്തകര്‍ വ്യാജ പരാതികള്‍ നല്കി പീഡിപ്പിക്കുന്നതായി ബന്ധുക്കള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി.
ഇടുക്കി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.വി. സാജുവിന്റെ ബന്ധുക്കളാണ് പരാതി നല്‍കിയിരിക്കുന്നത്. സാജുവിന് ആറുമാസം മുമ്പ് കഞ്ഞിക്കുഴി സ്റ്റേഷനില്‍നിന്നു പൊതുസ്ഥലം മാറ്റം ഉണ്ടായി.
എന്നാല്‍ ഈ സമയം രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളുടെ അന്വേഷണ ഭാഗമായി സാജുവിനെ കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനില്‍തന്നെ നില നിര്‍ത്തി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി.ഇതില്‍ വിദ്വേഷം തോന്നിയ സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ സാജുവിനെതിരെ പോക്സോ കേസില്‍ വ്യാജ കൈക്കൂലി ആരോപണം സഹിതം ഗുരുതരമായ വ്യാജ ആരോപണങ്ങള്‍ ചേര്‍ത്ത് സംസ്ഥാന പോലീസ് മേധാവിക്ക് പേരു വയ്ക്കാതെ പരാതി അയച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ സാജുവിനെ അന്വേഷണ വിധേയമായി കണ്ണൂരിലേക്ക് സ്ഥലം മാറ്റി. തൊടുപുഴ ഡിവൈഎസ്പി നടത്തിയ വിശദമായ അന്വേഷണത്തില്‍ കൈക്കൂലി ആരോപണം തെറ്റാണെന്നു തെളിഞ്ഞു.
കള്ളമൊഴി നല്കിയ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ഉണ്ടാകുമെന്ന് ഭയന്നും സാജുവിന് നാട്ടിലേക്ക് തിരികെ സ്ഥലംമാറ്റം കിട്ടുമെന്ന് മനസിലാക്കിയും ഇവര്‍ വീണ്ടും ഗുരുതര ആരോപണങ്ങള്‍ ചേര്‍ത്ത് രണ്ട് വ്യാജ പരാതികള്‍കൂടി അയച്ചു. ഈ പരാതികളില്‍ ഇടുക്കി ഡിവൈഎസ്പി യും
ഇടുക്കി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയും വിശദമായ അന്വേഷണങ്ങള്‍ നടത്തി. പരാതി സത്യമല്ലെന്നും പോലീസ് ഉദ്യോഗസ്ഥനെ ദ്രോഹിക്കുന്നതിനായി ആരോ അയച്ച വ്യാജ പരാതിയാണെന്ന് വ്യക്തമാകുകയും പരാതികള്‍ തള്ളിക്കളയുകയും ചെയ്തു.
പരാതികള്‍ എല്ലാം വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും സാജു ഇപ്പോഴും കണ്ണൂരില്‍തന്നെ ജോലി ചെയ്യേണ്ട അവസ്ഥയാണ്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് മറ്റൊരു പോലീസ് ആത്മഹത്യക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍.
കള്ള പരാതി അയച്ചും മനഃപൂര്‍വം കള്ളമൊഴി പറഞ്ഞും പോലീസ് ഉദ്യോഗസ്ഥനെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ വിശദമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും വ്യാജ ആരോപണങ്ങളുടെ പേരില്‍ സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥനെ തിരികെ നാട്ടിലേക്ക് നിയമിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.